Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Monday, January 28, 2008

അമ്മമാരും അവരുടെ വേവലാതികളും

അമ്മമാര്‍ക്ക് മക്കളെ കുറിച്ചോര്‍ത്തുള്ള ആകുലതകള്‍ പല വിധത്തിലാണ്. അവരുടെ ജീവന്‍ ഉള്ളില്‍ തുടിക്കുന്നതു മുതല്‍ എത്ര വലുതായാലും കാണും ഓരോരോ വേവലാതികള്‍.


രണ്ടു കുട്ടികളുണ്ടായപ്പോളും ഓരോ തവണയും പരിശോധനക്ക് പോവുന്നത് നെഞ്ചിടിപ്പോടെയായിരുന്നു. ഡോക്ടര്‍ കുഴപ്പമൊന്നുമില്ല എന്നു പറയുന്നതു വരെ ഒരു സമാധാനമില്ല. മോളുണ്ടായപ്പോള്‍ ഭര്‍ത്താവിന് ചില ജോലി തിരക്കുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റിയിരുന്നില്ല. മോള്‍ക്കാണെങ്കില്‍ മിക്ക ദിവസങ്ങളിലും ഓരോരോ പ്രശ്നങ്ങള്‍. പാലു കുടിച്ചില്ലെങ്കില്‍ പ്രശ്നം, ചെറിയ ചൂടു തോന്നിയാല്‍ പ്രശ്നം,. അപ്പിയിട്ടില്ലെങ്കില്‍ പ്രശ്നം, അപ്പിയിട്ടാല്‍ അതിന്റെ കളറു മാറിയാല്‍ പ്രശ്നം, എന്നു വേണ്ട, ഒരു ദിവസം കുറച്ച് കൂടുതല്‍ കരഞ്ഞാല്‍ വരെ പ്രശ്നങ്ങളാണ്. ഒരാഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും. മൂന്നു പ്രാവശ്യം വരെ കൊണ്ടു പോയ ദിവസങ്ങളുണ്ട്. അതും മുപ്പതു കിലോമീറ്ററോളം ദൂരമുണ്ടെന്നോര്‍ക്കണം ആശുപതിയിലേക്ക്. കൊണ്ടുപോയി കൊണ്ടുപോയി അച്ഛണ്ടേയും നോക്കി നോക്കി ഡോക്ടര്‍മാരുടേയും അടപ്പിളകി. എന്തായാലും ഒരു ദിവസം അവര്‍ അവിടെ അഡ്മിറ്റാക്കി. നാലുമാസം പ്രായമായ കുഞ്ഞിന്റെ കൈയ്യില്‍ കുത്തി ചോരയുമെടുത്തു, പരിശോധിക്കാന്‍. അഞ്ചാമത്തെ ദിവസം റൌണ്‍സിനു വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇന്ന് ഡിസ്ചാര്‍ജാവാമെന്ന്. അതുവരെ ഒരു മരുന്നും കൊടുക്കാതിരുന്ന ഡോക്ടര്‍ ചികിത്സയും പറഞ്ഞു തന്നു. ഭര്‍ത്താവിനോട് എത്രയും പെട്ടെന്ന് വരാന്‍ പറയൂ. കുഞ്ഞിന്‍ ഒരു കുഴപ്പവുമില്ല, അമ്മയ്കാണ് പ്രശ്നം!

എന്തായാലും കുഞ്ഞിന്റെ അച്ഛന്‍ വന്നു കഴിഞ്ഞ് പ്രത്യേകിച്ച് കുഴപ്പങ്ങളോന്നുമില്ലാതിരുന്നപ്പോള്‍ ഞാനും കരുതി ചികിത്സ ഫലിച്ചതായിരിക്കുമെന്ന്. എന്തെകിലും വന്നു പോയാല്‍ ഒറ്റയ്ക്കല്ലേ എന്ന ചിന്തയായിരിക്കാം പ്രശ്നക്കാരന്‍ എന്നു വിചാരിച്ചു.പക്ഷേ രണ്ടാമത് മോനുണ്ടായപ്പോളും ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ രോഗം അതല്ലായിരുന്നുവെന്നു മനസ്സിലായി. നേരത്തെ ചില ആധികള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ പിന്നീട് യാതൊരു കൂസലുമില്ലാതെ ഒരാള്‍ അടുത്തിരിക്കുന്നതു കാണുമ്പോള്‍ ദേഷ്യവും കൂടി വരാന്‍ തുടങ്ങി.

കുറച്ചു നാള്‍ മുന്‍പ് ഒരു സ്കൂള്‍ ബസ്സ് അപകടത്തില്‍ പെട്ടുവെന്നറിഞ്ഞ് കുറെനേരം ഒന്നും മിണ്ടാനാവാതെ ഇരുന്നു പോയി. ഉരുണ്ടുകൂടിയ കണ്ണുനീരിനുള്ളിലൂടെ ചെറുതും വലുതുമായ ഒരുപാടു കുട്ടികളുടെ മുഖങ്ങള്‍ കണ്ടു. എല്ലാ കുട്ടികള്‍ക്കും മോളുടെ മുഖം..

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ ഞാന്‍ കണ്ട ചില അമ്മമാരും അവരുടെ ചില മാനസികവ്യാപാരങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു.

അമ്മ നം. 1. രണ്ടാമത്തെ കുട്ടിക്ക് ആറുമാസം പ്രായം. കാലിലും മുഖത്തും തൊലി വരണ്ടിട്ട് (ഇവിടെ ഇപ്പോള്‍ നല്ല തണുപ്പാണേ ) ചുമക്കുകയും ചെറുതായി അവിടവിടെ പൊട്ടുകയും ചെയ്യുന്നു. ഓയിലോ ക്രീമുകളോ കൊണ്ടുള്ള ചില അഭ്യാസങ്ങള്‍ മാറി മാറി അവനില്‍ പരീക്ഷിക്കുന്നുണ്ട്. അവന്‍ വലുതായാല്‍ പെണ്ണുകിട്ടുമോ എന്നുള്ള വിഷമത്തിലാണ്.

അമ്മ നം 2. രണ്ടാമത്തെ കുട്ടിക്ക് ഒന്നര മാസം. ജോലിക്ക് പോകേണ്ടതുകൊണ്ട് കുഞ്ഞിനെ നാട്ടില്‍ ഏല്‍പ്പിച്ച് തിരികെ വന്നിരിക്കുന്നു.

അമ്മ നം. 3. മൂന്നു മാസം ഗര്‍ഭിണി. മാസം അന്‍പതിയിരം രൂപയോളം മാസവരുമാനമുള്ള ജോലിയുണ്ട്. ആള്‍ സാമാന്യം നല്ലൊരു പിശുക്കിയും. എന്നിട്ടും കുട്ടിയുണ്ടായാല്‍ അതിനെ നന്നായി നോക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ചിന്തയാല്‍ ജോലി രാജി വയ്കാന്‍ ആലോചിക്കുന്നു.

അമ്മ നം. 4. ആദ്യത്തെ കുട്ടിക്ക് ഒന്നര വയസ്സയപ്പോള്‍ വീണ്ടും ഗര്‍ഭിണിയായി. രണ്ടു കുട്ടികളേയും ഒന്നിച്ചു നോക്കാനുള്ള പ്രയാസമോര്‍ത്ത് അത് വേണ്ട എന്നു വച്ചു.

അമ്മ നം. 5. മൂന്നര വസസ്സുള്ള ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ വീണ്ടും പ്രെഗ്‌നന്റാണെന്ന് അറിഞ്ഞത് ചിക്കന്‍പോക്സുമായി കഴിയുമ്പോള്‍. കൂടെ ഫൈബ്രോയിഡും U.T.I യും. അതിന്റെ കൂടെ കഴിഞ്ഞ ദിവസം ബ്ലീഡിങ്ങും ആയി ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇത്രയും റിസ്ക് എടുക്കണോ എന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്നില്ല. “ഡോക്ടര്‍ വേണ്ടാ എന്നു പറയാതെ ഞാന്‍ ഒന്നും ചെയ്യില്ല. ഇനി എന്തെകിലും കുഴപ്പമുണ്ടെങ്കിലും ഞാന്‍ അങ്ങു വളര്‍ത്തും. “ എന്ന ശക്തമായ തീരുമാനത്തിലാണ്.

ഇതൊക്കെ ചെറിയ കുട്ടികളുള്ള അമ്മമാരുടെ വികാരങ്ങള്‍.
ഇനി മക്കള്‍ വലുതായാലോ?


കഴിഞ്ഞ ദിവസം ഒരമ്മയുടെ കഥ കേട്ടു. മകന്‍ കല്യാണം കഴിച്ചു കഴിഞ്ഞ് ഭാര്യയുമായി പുറത്തിറങ്ങിയാല്‍ അപ്പോ തലകറക്കം വരും. അഭിനയമൊന്നുമല്ല, മോന്‍ കൈവിട്ടു പോകുമോ എന്ന് ആധി കൊണ്ട് പ്രഷറു കൂടി ശരിക്കും തലകറക്കം വരുന്നതാണ്. അവര്‍ക്ക് ഒരു മകളുമുണ്ട്. പക്ഷേ മകള്‍ ഭര്‍ത്താവുമൊന്നിച്ച് പോയാല്‍ ഒരു കുഴപ്പവുമൊട്ടില്ല താനും.

“My son is my son till he hath got him a wife; my daughter is my daughter all days of her life.”

എന്നു പറയുന്നതില്‍ ചില കാര്യമില്ലാതില്ല. പക്ഷേ ഇവിടെ മകന്‍ അങ്ങനെയായാല്‍ കുറ്റക്കാര്‍ മകനോ മരുമകളോ അല്ല, മറിച്ച് അമ്മമാര്‍ തന്നെയാണ്. ഒരമ്മയ്ക്ക് മകളോടുള്ളത് ഉപാധികളില്ലാത്ത സ്നേഹമാണ്. അതുകൊണ്ട് മകള്‍ ഭര്‍ത്താവുമൊത്ത് സുഖമായി കഴിയണമെന്നാഗ്രഹിക്കുന്നു. മകനോടുള്ള സ്നേഹത്തില്‍ സ്വന്തം സ്വാര്‍ഥതയ്ക്കാണ് പലപ്പോഴും മുന്‍‌തൂക്കം. മകന്‍ തന്നേക്കാള്‍ കൂടുതല്‍ ഭാര്യയെ സ്നേഹിച്ചുകളയുമോ എന്ന ചിന്ത അസൂയയിലേക്കും കുശുമ്പിലേക്കുമൊക്കെ വഴി മാറുന്നു. അതു മറ്റു പല പ്രശ്നങ്ങളിലേക്കും.

മകളെ സ്നേഹിക്കുന്നതു പോലെ എന്റെ മകനേയും സ്നേഹിക്കാന്‍ കഴിയണേ എന്നു മാത്രമാണ് പ്രാര്‍ഥന.

എല്ലാ കുഞ്ഞുങ്ങളും ഓടി വരൂ. ഇതാ പായസം. ആരും വഴക്കുണ്ടാക്കാതെ എടുത്തു കുടിക്കണം.

Saturday, November 17, 2007

കമ്പതി

''എന്നാലും ബറദീപീ ചതി എന്നോടു ചെയ്യണ്ടായിരുന്നു”
പ്രദീപെന്ന സഹധര്‍മ്മനെ കണ്ടപാടെ ആ ഒമാനി പൊട്ടിത്തെറിച്ചു.

ക്ഷമാശക്തിക്ക് ഭൂമീദേവിയെ തോല്പിച്ച് സമ്മാനം നേടിയിട്ടുള്ള സഹധര്‍മ്മന്‍ സാവധാനം ആരാഞ്ഞു.

“ എന്താണു കാര്യം? ”

“നീ എന്റെ ജനാലയ്ക്കരികില്‍ കമ്പതിയുടെ പടമെന്തിനാ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്നത്?”

അയാളുടെ വീടിന്റെ പ്ലാന്‍ വരച്ചു കൊടുത്തിരുന്നുവെങ്കിലും കമ്പതിയുടെ പോയിട്ട് സിമ്പതിയുടെ പോലും പടം വരച്ചതായി തീരെ ഓര്‍മ്മകിട്ടുന്നില്ലല്ലോ?

“അല്ല, ഇതാരപ്പാ ഈ കമ്പതി?“

“ കമ്പതിയെ നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ ഒരു ദൈവം“

മുപ്പത്തി മുക്കോടി ദൈവങ്ങളുള്ളതില്‍ പേരറിയാവുന്നത് വിരലിലെണ്ണവുന്നവരുടെതു മാത്രം. അല്ലെങ്കില്‍ തന്നെ ഇത്രയും പേരൊന്നും ആര്‍ക്കും പഠിച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ? ഇനിയിപ്പോ അങ്ങനെ പേരുള്ള ആരെങ്കിലും ഉണ്ടാവുമോ? എങ്കിലും ഒട്ടും ആത്മവിശ്വാസം വിടാതെ ഒരു സര്‍വജ്ഞനെപോലെ പറഞ്ഞു.

“അങ്ങനെയൊരു ദൈവം ഇല്ലല്ലോ”

“ആരു പറഞ്ഞു? എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. ബോംബയിലൊക്കെ ഞാന്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.”

അപ്പോള്‍ ആള്‍, അല്ല, ദൈവം വളരെ പ്രസിദ്ധന്‍ തന്നെ. ദൈവങ്ങളോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും അവര്‍ക്ക് അവരുടെ വഴി, തനിക്ക് തന്റെ വഴിയെന്ന ലൈനായതു കൊണ്ട് ഇനി അറിയാന്‍ പാടില്ലാത്തതായിരിക്കും.

“ എനിക്ക് അങ്ങനെയൊരു ദൈവത്തെ അറിയില്ല. അറിയാന്‍ പാടില്ലാത്ത ഒരാളെ ഞാന്‍ എങ്ങനെ വരയ്ക്കും?”

“അങ്ങനെ ഒഴിഞ്ഞു മാറിയിട്ടൊന്നും കാര്യമില്ല. ഞാന്‍ കേസു കൊടുക്കും”

ശ്ശെടാ, ആകെ പുലിവാലായല്ലോ.

“എന്തായാലും ഡ്രായിങ്ങെടുക്കൂ, നോക്കട്ടെ”

ഒമാനി ഡ്രായിങ്ങെടുത്തു കൊടുത്തു. ഡ്രായിംഗ് നോക്കുന്നു , ബ്രയിനിലുള്ള ദൈവങ്ങളുടെ പടവുമായി ഒത്തു നോക്കുന്നു. വരകള്‍ക്കിടയിലൂടെ വീണ്ടും വീണ്ടും നോക്കുന്നു. ബ്രയിനിലെ ദൈവങ്ങള്‍ എന്ന ഫോള്‍ഡര്‍ വീണ്ടും വീണ്ടും സ്കാന്‍ ചെയ്തു നോക്കുന്നു. കിം ഫലം. ഒന്നും മാച്ചാവുന്നില്ല.

“എന്റെ കമ്പതി ഭഗവാനേ, ഇതില്‍ നിന്നു രക്ഷപെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരൂ“ ജീവിതത്തിലാദ്യമായിട്ടാണ് ഒരു ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നത്.

വെറും രണ്ടു നിമിഷം. ഭഗവാന്‍ അതാ കടാക്ഷിച്ചിരിക്കുന്നു. യുറെക്കാ, യുറെക്ക എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി.

“ എനിക്കിതു കണ്ടിട്ട് ഒരു ദൈവത്തെപോലെയും തോന്നുന്നില്ല. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ ബോംബെയില്‍ കണ്ട കമ്പതി ദൈവത്തെ ഒന്നു വരച്ചു കാണിക്കൂ.”

ഒമാനി വരയ്ക്കുന്നത് ആകാംഷയോടെ നോക്കികൊണ്ടിരുന്നു. മുഴുവന്‍ വരക്കേണ്ടി വന്നില്ല. അതിനു മുന്‍പ് തന്നെ അറിയാതെ പറഞ്ഞു പോയി.

“ഓ! ഗണ്‍പതി... ഗണപതി..“

“അതെ. അതുതന്നെ.“ ഒമാനിക്കും ആശ്വാസമായി. ആളെ , അല്ല, ദൈവത്തെ പിടികിട്ടിയല്ലോ.

പകുതി വരച്ച ഗണപതിയുടെ ചിത്രം ഡ്രായിങ്ങുമായി ചേര്‍ത്തു വച്ചു കൊണ്ട് ചോദിച്ചു.

“നോക്കൂ സുഹൃത്തേ.. ഇതു രണ്ടും കൂടി എവിടെയാണ് സാമ്യമുള്ളത്? “

ഗണപതിയുടെ നെറ്റി ഭാഗം വരയ്ക്കുമ്പോള്‍ “ന” എന്ന അക്ഷരം വലിച്ചുനീട്ടിയതു പോലെയിരിക്കുന്നതാണ് പ്രശ്നമായത്. അറബിക് ആര്‍ക്കിടെക്റ്റില്‍ അങ്ങനെയൊരു ഡിസൈന്‍ ഉള്ളതുമാണ്.

അയാള്‍ക്ക് എന്തായാലും കാര്യം മനസ്സിലായി.

“ഒരു മലബാറിയാണ് എന്നോടിതു പറഞ്ഞത്..“

ഒമാനി ഷേക് ഹാന്‍ഡിനു വേണ്ടി കൈ നീട്ടിയപ്പോഴേക്കും മനസ്സില്‍ അറിയാവുന്ന മലയാളികളുടെ മുഖങ്ങള്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.


****************************************

ഇന്നലെ വൈകിട്ട് ഇവിടടുത്തുള്ള നക്കല്‍ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ ഒരു പാറപ്പുറത്ത് ഇരുന്ന സഹധര്‍മ്മനെ പ്രായമായ ഒരു ഒമാനി വന്ന് പൊക്കി. അതില്‍ അള്ളാ എന്നും മുഹമ്മദ് എന്നും എഴുതിയിട്ടുണ്ടത്രേ.

അപ്പോള്‍ മനസ്സില്‍ തോന്നിയ രണ്ടു കാര്യങ്ങള്‍.

  1. ഈ എഴുത്തുള്ളടത്തേ ദൈവമുള്ളോ? ദൈവം സര്‍വ്വവ്യാപിയാണന്നാണല്ലോ പറയുന്നത്.

  2. അഥവാ ദൈവത്തിനതിഷ്ടപ്പെട്ടില്ലാരുന്നെങ്കില്‍ ഉടനെ കട്ടുറുമ്പിനെ വിട്ട് അദ്ദേഹത്തെ കടിപ്പിക്കത്തില്ലാരുന്നോ?

വാല്‍

ഞാന്‍ അമ്പലങ്ങളില്‍ പോയിട്ട് കുറെ നാളായി. കാരണം മറ്റൊന്നുമല്ല എനിക്ക് കടുത്ത അസൂയയാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനോടൊക്കെ. എത്ര പേരാ അവരെ ചിരിപ്പിക്കാന്‍ വേണ്ടീ മത്സരിച്ചു ഓരോരോ തമാശകള്‍ കാണിക്കുന്നതും പറയുന്നതും. നമുക്കാണെങ്കില്‍ മരുന്നിനൊരു കൊച്ചുത്രേസ്യയോ മറ്റോ ഒക്കെയല്ലേയുള്ളൂ. അവരാണെങ്കില്‍ ഇവരുടെയൊന്നും ഏഴയലത്തു പോലും വരത്തതുമില്ല.

ഡിസ്ക്ലൈമര്‍

ഞാന്‍ ഒരു ദൈവത്തിന്റേയും മതത്തിന്റേയും വക്താവല്ല. വിശ്വാസികളെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെയാര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

Tuesday, May 22, 2007

മൂന്നാര്‍ നല്‍കുന്ന സന്ദേശം

ഓരോ വര്‍ഷവും നാട്ടില്‍ പോയി തിരികെയെത്തുന്നത്‌ അസ്വസ്ഥത നിറഞ്ഞ മനസ്സുമായാണ്‌. ഏഴു വര്‍ഷം മുന്‍പ്‌ ഞാന്‍ പോരുമ്പോളുള്ള നാട്ടിന്‍ പുറമല്ല ഇപ്പോളുള്ളത്‌. പണ്ടൊക്കെ അഴിമതി സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ നഗരങ്ങളെ കേന്ദ്രീകൃതമായോ നടക്കുന്ന ഒരു സംഭവമാണെന്നായിരുന്നു ധാരണ. ഇന്ന്‌ പണം, അതെങ്ങനെ നേടിയതാണെങ്കിലും മാന്യതയുടെ സിംബലായി മാറിയിരിക്കുന്നു. അഴിമതി ഒരു പകര്‍ച്ചവ്യാധി പോലെ സമൂഹമാകെ പടര്‍ന്നു പിടിച്ചിരിക്കുന്നു. മൂല്യങ്ങള്‍ക്ക്‌ യാതൊരു വിലയുമില്ലാതായിരിക്കുന്നു. ജീവിതമൂല്യങ്ങലെ കുറിച്ച്‌ സംസാരിക്കുന്നവനെ വേറിട്ട കാഴ്ചയായി നോക്കിക്കാണുന്നു. സര്‍ക്കാരുകള്‍ക്കോ മറ്റു ഭരണകേന്ദ്രങ്ങല്‍ക്കോ ഇതിനെതിരായി ഒന്നും ചെയ്യനാകാത്ത വിധം, ഒരു സംസ്കാരമായി അഴിമതി മാറിയിരിക്കുന്നതു കാണേണ്ടി വരുന്ന ഒരു സാധാരണക്കാരണ്റ്റെ നിസ്സഹായാവസ്ഥയില്‍ നിന്നു വേണം മൂന്നാറിലെ സംഭവങ്ങളെ നോക്കി കാണുവാന്‍.

വീയെസ്സിണ്റ്റെ ചെയ്തികളെ പല തരത്തില്‍ നോക്കിക്കണുന്നവരുണ്ടാകും. അതവിടെ നില്‍ക്കട്ടെ. ഈ ഒരു പ്രവൃത്തി മൂലം സമൂഹത്തിനാകെ ഒരുണര്‍വ്‌ സംഭവിച്ചുണ്ടെന്നു സമ്മതിക്കാതെ വയ്യ. പ്രതീക്ഷയുടെ ചെറു നാമ്പുകള്‍ എവിടെയൊക്കെയോ മുളച്ചിരിക്കുന്നു. കുറ്റാക്കൂരിരുട്ടില്‍ ഒരു മിന്നാമിനുങ്ങിണ്റ്റെ ചെറുവെട്ടം കാണുമ്പോഴുള്ള സന്തോഷം. അങ്ങിനെ ഒരുപാടു മിന്നാമിനുങ്ങുകള്‍ വരട്ടെ. അതിനായി നമുക്കു പ്രാര്‍ഥിക്കാം. പൂര്‍ണമായ വെളിച്ചം നല്‍കാനാവില്ലായിരിക്കും, എങ്കിലും ഇരുട്ടില്‍ തപ്പിത്തടയണ്ടല്ലോ.

വാല്‍ക്കഷണം:
ഒറ്റക്കു മിടുക്കനാവണ്ട എന്ന്‌ പിണറായി പറഞ്ഞതായി ഏഷ്യാനെറ്റ്‌ ഭാഷ്യം. ഏഷ്യാനെറ്റ്‌ മനോരമയുടെ നിലവാരത്തിലെത്തിയോ?

Sunday, May 13, 2007

പിന്നെ പ്രതേകിച്ച്‌ എന്തിനൊരു Mothers Day

ഞാനൊരു മകളാണ്‌.

മക്കളെ വളര്‍ത്തിയതിണ്റ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ മക്കള്‍ക്ക്‌ തന്നോടുള്ള കടപ്പാടിനെക്കുറിച്ചോ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലാത്ത എണ്റ്റെ അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എണ്റ്റെ ജീവിതത്തിലില്ല.
പിന്നെ പ്രത്യേകിച്ച്‌ എന്തിനൊരു Mothers Day?

ഞാന്‍ ഒരമ്മയാണ്‍`

എണ്റ്റെ കുട്ടികളെ സൃഷ്ടിച്ച എനിക്ക്‌ അവരോടാണ്‍` ഉത്തരവാദിത്വവും കടമയും വേണ്ടതെന്ന് ഓരോ നിമിഷവും ഞാന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.
പിന്നെ പ്രതേകിച്ച്‌ എന്തിനൊരു Mothers Day?

Saturday, March 31, 2007

MAY BE YOU'LL THINK TWICE...THRICE.... DON'T CRY .....

ഇന്ന്‌ രാജേഷിണ്റ്റെ റോഡപകടങ്ങള്‍ എന്ന ബ്ളോഗ്‌ കാണാനിടയായി. ആദ്യം കൊടുത്തിരിക്കുന്ന ചിത്രം കണ്ടപ്പോഴാണ്‌ കുറച്ചു നാള്‍ മുന്‍പ്‌ മെയിലില്‍ ആരോ ഫോര്‍വേഡു ചെയ്ത ഒരു Picture story യുടെ കാര്യം ഓര്‍മ്മ വന്നത്‌. കിട്ടിയ മെയില്‍ അതേ പോലെ തന്നെ post ചെയ്യുകയാണ്‌.

The Destiny of Someone due to the other who Drinks and Drives.....

This is Jaqueline Saburido on September 19, 1999.



This is she and her Father, 1998


Birthday party as a child.


At a party with friends.


The car in which Jacqueline travelled. She was hit by another car that was driven by a 17-year old male student on his way home after a couple of hard packs with his friends. This was in December 1999.


After the accident Jacqueline has needed over 40 operations.


Jacqueline was caught in the burning car and her body was heavily burnt during around 45 seconds.

With her Father, 2000.


Getting treatment.


Three months after accident.

Without a left eyelid Jacqie needs eyedrops to keep her vision.

He cannot forgive himself for driving drunk on that night.
He's aware of devastating Jaqcueline Saburido's life.


Not everyone who gets hit with a car dies. This picture was taken 4 years after the accident and the doctors are still working on Jacqueline, who's body was covered with 60% severe burnings.

അടുത്ത തവണ മദ്യപിച്ച്‌ DRIVE ചെയ്യുന്നതിനു മുന്‍പ്‌ ഒന്നാലോചിക്കൂ. നിങ്ങളുടെ ഒരു നിമിഷത്തെ അലസത ഒരു പക്ഷേ ഒരുപാടു പേരുടെ തീരാ നഷ്ടമായേക്കാം. ജീവിതകാലം മുഴുവന്‍ മറക്കനാവാത്ത വേദനയായി നിങ്ങളുടെയും.

Sunday, February 18, 2007

കുറ്റമാരുടേത്‌

അവന്‍ എണ്റ്റെ വീടിനടുത്തുള്ള കുട്ടിയായിരുന്നു. അച്ഛന്‍ Gulf ല്‍.അമ്മ,അനിയന്‍,മുത്തച്ഛന്‍,മുത്തശ്ശി എന്നിവരോടൊപ്പമായിരുന്നു അവന്‍ താമസിച്ചിരുന്നത്‌. 85-ം വയസ്സിലും തികഞ്ഞ അധ്വാനിയായിരുന്നു അവണ്റ്റെ മുത്തച്ഛന്‍. അമ്മ വീട്ടുകാര്യങ്ങളെല്ലാം കിറു ക്രൃത്യമായി നോക്കി നടത്തുന്ന വീട്ടമ്മയും. അച്ഛന്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ അവധിക്ക്‌ നാട്ടില്‍ വരും. അയാള്‍ കോടികള്‍ സമ്പാദിച്ചിരുന്നു. കൂടാതെ ഏക്കറു കണക്കിന്‌ റബ്ബര്‍ തോട്ടം വേറെയും.

നാലാം ക്ളാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ എണ്റ്റെ അടുത്ത്‌ math tuition നു വരാന്‍ തുടങ്ങിയത്‌. pass mark മാത്രം വാങ്ങുന്ന ഒരു കുട്ടിയായിരുന്നു. പക്ഷേ നല്ല അനുസരണ ശീലവും മുതിര്‍ന്ന ആളുകളോടു ബഹുമാനവും വിനയവും ഉണ്ടായിരുന്ന അവനെ ഒരിക്കലും പണത്തിണ്റ്റെ ഹുങ്കോ അഹങ്കാരമോ ബാധിച്ചിരുന്നില്ല. ക്രമേണ അവന്‍ പഠനത്തിലും മികവു കാട്ടിത്തുടങ്ങി. കണക്ക്‌ അവണ്റ്റെ ഇഷ്ട വിഷയമായി.പത്താം ക്ളാസ്സില്‍ 88 % mark വാങ്ങി അവന്‍ വിജയിച്ചു. പ്ളസ്സ്‌ വണ്ണിന്‌ അതേ schoolല്‍ തന്നെ ചേര്‍ന്നു. second term വരെ ഞാന്‍ അവന്‌ class എടുത്തിരുന്നു. പിന്നീട്‌ ഞാന്‍ ഇവിടേക്ക്‌ പോന്നു. എണ്റ്റെ വിലപിടിച്ച സ്വത്തുക്കളുടെ കൂട്ടത്തില്‍ അവനും ഉള്‍പ്പെട്ടിരുന്നു.

പിന്നീട്‌ നാട്ടില്‍ പോയപ്പൊള്‍ അവണ്റ്റെ അച്ഛനെയും അമ്മയേയും കണ്ടിരുന്നു. അവന്‍ പ്ളസ്സ്‌ ടൂ നല്ല മാര്‍ക്കോടെ പാസ്സായെന്നും ഇപ്പൊള്‍ Bangalore ല്‍ Engineering ന്‌ പഠിക്കുകയാണെന്നും പറഞ്ഞു. അവര്‍ വലിയ സന്തോഷത്തിലായിരുന്നു. അവന്‍ ഈ നിലയിലെത്താന്‍ കാരണം ഞാന്‍ ആണെന്നു അവര്‍ പറഞ്ഞു. എനിക്ക്‌ അഭിമാനവും സന്തോഷവും തോന്നി.

പക്ഷേ കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ അവന്‍ ഒരു drug addict ആയെന്നും മയക്കുമരുന്നിണ്റ്റെ അമിതമായ ഉപയോഗം അവനെ ഒരു ഭ്രാന്തനാക്കി മാറ്റിയെന്നും ഞാനറിഞ്ഞു. പഠനം പൂര്‍ത്തിയാക്കാതെ അവന്‍ തിരികെയെത്തി. പല treatmentകള്‍ നടത്തിയെങ്കിലും ഒന്നും അവണ്റ്റെ ഭ്രാന്തു മാറ്റിയില്ലത്രേ. വീട്ടില്‍ മുറിക്കുള്ളില്‍ അടച്ചിരുപ്പാണെന്ന്‌ പലരും പറഞ്ഞറിഞ്ഞു. നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നു കൂടി വന്നു ചേര്‍ന്നതായി എനിക്ക്‌ തോന്നി. തിരികെ വരുന്നതു വരെ ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ -ഒരിക്കലും അവണ്റ്റെ മാതാപിതാക്കളെ കാണാനിടവരരുതേ എന്ന്‌.

പലരും പലരേയും കുറ്റപ്പെടുത്തുന്നത്‌ കേട്ടു. യഥാര്‍ഥത്തില്‍ ആരാണിവിടെ തെറ്റുകാര്‍? അച്ഛനോ, അമ്മയോ, കൂട്ടുകാരോ അതോ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹമോ?-അറിയില്ലെനിക്ക്‌. അറിയാവുന്നത്‌ ഒന്നു മാത്രം-കുറ്റം ആരുടേതായാലും നഷ്ടം എല്ലാവരുടേതുമാണ്‌.