Wednesday, October 24, 2007

ബള്‍ഗേറിയയിലേക്ക് ഒരു email

അന്ന് ഒരവധി ദിവസമായിരുന്നു. വൈകുന്നേരം കുട്ടികളേയും കൊണ്ട് പുറത്തൊക്കെ ഒന്നു കറങ്ങിയിട്ട് തിരിച്ചെത്തിയപ്പോഴാണ് പ്രദീപിന് ഒരു ഡോക്ടര്‍ സുഹൃത്തിന്റെ ഫോണ്‍ വന്നത്. അദ്ദേഹത്തിന്റെ മകന്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കുകയാണ്. അത്യാവശ്യമായി മകന് എന്തോ document ഇമെയില്‍ ചെയ്യണം. വീട്ടില്‍ ഇന്റെര്‍നെറ്റ് കണക്ക്ഷന്‍ ഇല്ല. അതുകൊണ്ട് പ്രദീപിന്റടുത്തു വന്ന് അയക്കാമെന്നു കരുതി വിളിച്ചതാണ്. ഇത്രയും കേട്ടു കഴിഞ്ഞപ്പോഴും പ്രദീപിന്റെ ഭാര്യക്കു സംശയം. എങ്കിലും ഈ രാത്രി 11 മണിക്ക് അദ്ദേഹമെന്തിനാണ് ഇരുപത് കിലോമീറ്ററോളം ദൂരം ഡ്രൈവ് ചെയ്തിവിടെ വരുന്നത്, അവിടടുത്തെങ്ങും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഉള്ള വീടുകള്‍ ഇല്ലാത്തതു പോലെ.

കുട്ടികളെയെല്ലാം കിടത്തി ഉറക്കി ഡ്രെസ്സൊക്കെ മാറി വന്നപ്പോഴേക്കും കോളിങ് ബെല്‍ അടിച്ചു. പ്രദീപ് ചെന്ന് വാതില്‍ തുറന്നു. പിന്നാലെ സഹധര്‍മ്മിണിയും. അതിഥിയെ ഒന്നു വിഷ് ചെയ്ത് ഒരു കുശലമൊക്കെ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ ഡോക്ടറുടെ ശബ്ദം കേട്ടു.

“ഈ ബള്‍ഗേറിയയിലേക്ക് ഇമെയില്‍ അയക്കുന്നതിന് ഒരുപാടു പൈസയാകുമോ? എത്രയായാലും ഞാനങ്ങു തരാം പ്രദീപേ, പക്ഷേ ഇന്നു തന്നെ അയക്കണം.”

പ്രദീപിന്റെ പൊളിഞ്ഞിരിക്കുന്ന വാ കാണാന്‍ അവള്‍ക്ക് ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നുവെങ്കിലും, ഇതു കേട്ട ഞെട്ടലില്‍ ബോധം മറഞ്ഞു വരുന്നതായി തോന്നിയതു കൊണ്ട് നേരെ കട്ടിലില്‍ ചെന്നു വീണു.

കുറിപ്പ്‌:

ഇത് ഇന്റെര്‍നെറ്റും, ഇമെയിലും മറ്റും കണ്ടുപിടിച്ച കാലഘട്ടത്തില്‍ ഏതോ വാരികയില്‍ വന്ന മിനിക്കഥയൊന്നുമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഞങ്ങളുടെ വീട്ടില്‍ സംഭവിച്ച ഒരു അത്യാഹിതം മാത്രമാകുന്നു.