Tuesday, March 18, 2008

നാളെ വിധിനിര്‍ണ്ണായക ദിനം

ഒന്‍പത് വര്‍ഷം മുന്‍പാണ്. പഠനവും കഴിഞ്ഞ് വിവാഹവും കഴിച്ച് പാസ്പോര്‍ട്ടിനും അപ്ലെ ചെയ്ത് വീട്ടില്‍ ചുമ്മാതെ നില്‍ക്കുന്ന സമയം. പാസ്പോര്‍ട്ടും വിസയുമൊക്കെ കിട്ടി ഒമാനിലേക്ക് വരുന്നതിനു മുന്‍പ് ഡ്രൈവിംഗ് പഠിച്ച് പറ്റുമെങ്കില്‍ ലൈസന്‍സും എടുത്തു വയ്ക്കാന്‍ ഭര്‍ത്താവ് ഉപദേശിച്ചു. ഞാനാണെങ്കില്‍ എന്തെങ്കിലും ഒരു വിദ്യ പഠിക്കാന്‍ കിട്ടാഞ്ഞ് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന സ്മയവും. പിറ്റേന്നു തന്നെ നാട്ടിലെ ഏറ്റവും മിടുക്കനായ ഡ്രൈവിംഗ് മാഷിനെ കണ്ടു സംസാരിച്ച് അടുത്ത ദിവസം മുതല്‍ പഠനം തുടങ്ങാനുള്ള ഏര്‍പ്പാടാക്കി. വെളുപ്പിനെ 6 മണി മുതല്‍ 7 മണി വരെയാണ് സമയം. സുന്ദര സ്വപ്നങ്ങളും കണ്ടു കൊണ്ടുള്ള രാവിലത്തെ ഉറക്കം നഷ്ടപ്പെടുത്തുന്നതില്‍ അല്പം നിരാശയുണ്ടായിരുന്നെങ്കിലും തനിയെ ഡ്രൈവ് ചെയ്തു പോകുന്ന സുഖം ഓര്‍ത്തപ്പോള്‍ ഉത്സാഹത്തോടെ പഠനമാരംഭിച്ചു.

അഭിവന്ദ്യ ഗുരു പഠനത്തിനായി കൊണ്ടു വന്ന റ്റീച്ചിംഗ് എയ്ഡിന് എന്നേക്കാള്‍ പ്രായമുണ്ടായിരുന്നു. ജാംബവാന്റെ കാലത്തെ ഒരു അംബാസിഡര്‍ കാര്‍. അതിന്റെ വളയമൊന്നു തിരിച്ചെടുക്കാനും ക്ലച്ച് , ബ്രേക്ക്, അക്സിലറേറ്റര്‍ എന്നീ കാര്യങ്ങള്‍ ഒന്നു ചവുട്ടിയെടുക്കാനും പെട്ട പാട്. എന്തായാലും ക്രമേണ സ്റ്റീയറിങ് ബാലന്‍സൊക്കെ ആയി. ഏകദേശം ഒരു മാസം കഴിഞ്ഞു. (ഒരു മാസത്തില്‍ പകുതി ദിവസമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ) പതിവ് ക്ലാ‍സ് കഴിഞ്ഞിട്ട് വീടിനടുത്തെത്തിയപ്പോള്‍ എന്നോട് പറഞ്ഞു വണ്ടീന്നിറങ്ങാന്‍. ഞാന്‍ ഇറങ്ങി. മാഷും ഇറങ്ങി. പിന്നെ മാഷ് സ്റ്റീയറിംഗ് സീറ്റിലിരുന്നു. എന്നോട് അപ്പുറത്തെ സീറ്റില്‍ കയറാന്‍ പറഞു. ഞാന്‍ കയറി. എന്നിട്ട് റിവേര്‍സ് ഗിയര്‍ ഇട്ടിട്ട് വളയം ഇടത്തോട്ട് തിരിച്ചു കൊണ്ടു പറഞ്ഞു “ഇങ്ങനെ ചെയ്താല്‍ വണ്ടി ഇടത്തോട്ടു പോകും.” ഇതു പോലെ സ്റ്റീയറിങ് വലത്തോട്ടു തിരിച്ചാല്‍ വണ്ടി വലത്തോട്ടു പോകും. ഇത്രയും പറഞ്ഞിട്ട് വീണ്ടും പറഞ്ഞു. “മോളിറങ്ങിക്കേ” ഞാന്‍ ഇറങ്ങി. “ങാ, ഇനി വീട്ടി പൊയ്ക്കോ. ഇത്രേയുള്ളൂ ഡ്രൈവിംഗ്“.

ഹോ! സമാധാനമായി. ഇത്രേയുണ്ടാരുന്നുള്ളൊ കാര്യം. അടുത്ത ആഴ്ചയില്‍ പോയി ടെസ്റ്റും പാസായി വണ്ടിയുമോടിച്ചു കൊണ്ടു നടക്കുന്നതു സ്വപ്നവും കണ്ടു ഞാന്‍ വീട്ടിലേക്കു നടന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ “വിസ ശരിയായി, പിറ്റേന്നു തന്നെ പുറപ്പെട്ടോളൂ“ എന്നു പറഞ്ഞ് ഫോണ്‍ എത്തി. അങ്ങനെ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുക എന്ന സ്വപ്നത്തിന് തിരശീല വീണു.

ഇവിടെ വന്ന് ഡ്രൈവിംഗ് പഠിക്കണം പഠിക്കണം എന്നു ഇടക്കിടെ വിചാരിച്ചു കൊണ്ടിരുന്നെങ്കിലും രണ്ടു വര്‍ഷം മുന്‍പാണ് പറ്റിയ ഒരു ഗുരുവിനെ ഒരു സുഹൃത്തു മുഖേന കണ്ടു മുട്ടുന്നതും പഠനം ആരംഭിക്കുന്നതും. ഒമാനിയായ ഡ്രൈവര്‍ വന്നു. ഞാന്‍ കയറിയിരുന്നു. എന്തോ ഒന്നു പറഞ്ഞു. വേറൊന്നും പറയാനുള്ള ചാന്‍സില്ലാത്തതു കൊണ്ട് ഓടിക്കാന്‍ തന്നെയാവും എന്നൂഹിച്ചു. പഴയ ഓര്‍മ്മ വച്ച് ക്ലച്ചൊക്കെ ചവുട്ടി ഫസ്റ്റ് ഗിയറിട്ട് അക്സിലറേറ്ററില്‍ സര്‍വശക്തിയുമെടുത്ത് ആഞ്ഞൊരു ചവുട്ട്. വണ്ടി മുയലു ചാടും പോലെ തണ്ടക്കം മുണ്ടക്കം തുള്ളി തുള്ളി ഒറ്റപ്പോക്ക്‌. പുതിയ ടീചിംഗ് എയ്ഡ് കുറച്ചു കൂടി സോഫ്റ്റായി കൈകാര്യം ചെയ്യാനുള്ളതാണെന്നു മനസ്സിലായി. പിന്നെ, അക്സിലേറ്ററില്‍ ചവുട്ടാന്‍ തന്നെ പേടിയായി. ഒമാനി ഗുരു പെട്രോള്‍, പെട്രോള്‍ എന്നു ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. പെട്രോള്‍ തീര്‍ന്നെങ്കില്‍ പമ്പില്‍ പോകേണ്ടതിനു പകരം ഇയാള്‍ ഇവിടിരുന്നു അലറി വിളിക്കുന്നതെന്തിനാണെന്ന് അറബിയില്‍ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് മലയാളത്തില്‍ തര്‍ജ്ജിമ ചെയ്ത് മനസ്സില്‍ മാത്രം വിചാരിച്ച് ഞാന്‍ സമാധാനമടഞ്ഞു. കുറെ കഴിഞ്ഞാണ് ബെറ്റ്രൂള്‍ (പെട്രോള്‍ എന്നാണ് എനിക്ക് തിരിഞ്ഞത്) എന്നു വച്ചാല്‍ ആക്സിലേറ്ററാണെന്നു പിടികിട്ടിയത്.

ഞങ്ങളു തമ്മില്‍ ഭാഷാപരമായ പൊരുത്തം തീരെയില്ലാരുന്നു. റൈറ്റിലേക്കു പോകണമെങ്കില്‍ മാഷ് ലെഫ്റ്റ് എന്നു പറയും. വണ്ടി ലെഫ്റ്റിലേക്കു പോകും. മാഷ് പല്ലുകടിച്ച് വീണ്ടും അലറും. ലെഫ്ഫ്ഫ്………റ്റ്. ദാ വണ്ടി പിന്നേം ലെഫ്റ്റിലേക്കു തന്നെ. ക്ഷമ കെട്ട് അംഗ്രേസി മാഫി മാലും എന്നു ചോദിക്കും. മനുഷ്യന് കൈ തന്നിരിക്കുന്നത് ഡ്രൈവ് ചെയ്യാനും ഭക്ഷണം കഴിക്കാനും മാത്രമല്ല, ഇത്തരം അവശ്യ ഘട്ടങ്ങളില്‍ ആശയവിനിയയം നടത്താനും കൂടിയാണെന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നറിയാതെ ഞാനും വിഷമിച്ചു.

ആദ്യ ഒരാഴ്ച കൃത്യമായി എത്തിക്കൊണ്ടിരുന്ന മാഷ് പിന്നെ ആഴ്ചയില്‍ ഒരു ദിവസമൊക്കെയാക്കി വരവ്. ഒരു മാസം കഴിഞ്ഞ് ഞങ്ങള്‍ നാട്ടില്‍ പോവുകയും ചെയ്തു. തിരിച്ച് വന്ന് ഒരു ആറു മാസം കഴിഞ്ഞാണ് പഠനം പുനരാരംഭിച്ചത്. അയാളുടെ അമറലും ദേഷ്യപ്പെടലുമൊക്കെ മുറപോലെ നടന്നു. ഇതിനിടയിക്ക് ദേഷ്യപ്പെടലൊക്കെ കഴിഞ്ഞ് ഒരു പ്രത്യേക വാക്ക് അയാള്‍ ധാരാളമായി ഉപയോഗിക്കുന്നതായി ഞാന്‍ എന്റെ ബുദ്ധിയുപയോഗിച്ച് മനസ്സിലാക്കി. ദേഷ്യം വന്നപ്പോള്‍ എന്തൊക്കെയോ പറഞ്ഞു പോയെങ്കിലും പിന്നെ വിഷമം തോന്നി സോറി പറയുന്നതായിരിക്കും എന്നു കരുതി. അപ്പോഴൊക്കെ ഞാന്‍ മാഷെ നോക്കി ഒന്നു ചിരിക്കും. എങ്കിലും ആ വാക്കിന്റ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നറിയാനുള്ള ഒരു കൌതുകം എന്നില്‍ ഉണ്ടായി. ഒരു ദിവസം വളരെ പാടുപെട്ട് ആ വാക്ക് കാണാതെ പഠിച്ചു കൊണ്ടു വന്ന് വീട്ടില്‍ ചോദിച്ചു. ഉത്തരവും കിട്ടി.

“മന്ദബുദ്ധി.”

“ എന്താ നീയിപ്പോള്‍ ഇതു ചോദിക്കാന്‍ കാരണം?” എന്ന ഭര്‍ത്താവിന്റെ മറുചോദ്യത്തിന് മറുപടി പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു.

ക്രമേണ അയാള്‍ വരാതെയായി. സി. എ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് വിളിപ്പിച്ചിട്ടും പിന്നെ അയാള്‍ വന്നില്ല. ഒരു മന്ദബുദ്ധിയെ പഠിപ്പിക്കുന്നതിലും ഭേദം ജയില്‍ വാസമാണെന്ന് അയാള്‍ കരുതിയിട്ടുണ്ടാവും. ആ വകയില്‍ 130 റിയാല്‍ പോയിക്കിട്ടി.

അയല്‍‌വാസിയായ ഒരു ഒമാനി സ്ത്രീയാണ് രണ്ടാഴ്ച മുന്‍പ്‌ മൂന്നാമതൊരു ഗുരുവിനെ ഏര്‍പ്പാടാക്കി തന്നത്. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ കൊള്ളും എന്ന ആപ്തവാക്യം ഞാന്‍ അനുസ്മരിച്ചു. (പുരുഷ ഡ്രൈവര്‍ എന്നു കേട്ടപ്പോള്‍ ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഒരു പക്ഷേ അറബികളെ കുറിച്ച് കേട്ടിട്ടുള്ള അറിവുകള്‍ വച്ചാവാം വീട്ടുകാര്‍ക്ക് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. ഒരു കാര്യം പറയട്ടെ. ഞാന്‍ ഇവിടെ വന്നിട്ട് 9 വര്‍ഷത്തോളമാവുന്നു. പുറത്തിറങ്ങിയാല്‍ തുറിച്ചു നോട്ടമോ മറ്റ് പെരുമാറ്റങ്ങളൊ ഒന്നും എനിക്ക് ഇതുവരെയും നേരിടേണ്ടി വന്നിട്ടില്ല. എനിക്കറിയാവുന്ന മറ്റു സുഹൃത്തുക്കള്‍ക്കും അങ്ങനെ തന്നെ. )

ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ബീവിയെ ഒരു മാസം അറബി പഠിപ്പിക്കൂ. അതു കഴിഞ്ഞാവാം പഠനം എന്നുപുതിയ മാഷ് പറഞ്ഞു. ആദ്യം തന്നെ അറിയാവുന്ന ഇംഗ്ലീഷ് വച്ച് ക്ലച്ച്, ബ്രേക്ക്, അക്സിലറേറ്റര്‍ എന്നിവ ഏതൊക്കെയെന്നും എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും പറഞ്ഞു മനസ്സിലാക്കി തന്നു. താന്‍ വിചാരിക്കുന്നതു പോലെ വിശദീകരിച്ചു തരാന്‍ ഭാഷ തടസ്സമാവുന്നതു കൊണ്ടാണ് അറബി പഠിപ്പിക്കാന്‍ പറഞ്ഞത്. ആത്മാര്‍ഥതയുള്ള ഒരു ഗുരുവിനെ കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു. എന്തായാലും ഒമാനി സ്ത്രീ ഇടപെട്ട് പഠനം തുടരാന്‍ പറഞ്ഞു. സിഗ്നേച്ചറുകളൊക്കെ (സിഗ്നല്‍ എന്നും പറയാം) പറയാതെ തന്നെ ഇടുന്നതു കണ്ട് പുതിയ ഗുരു ഹിരാകുഡ് ഹിരാകുഡ് (വെരി ഗുഡ്) എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ മന്ദബുദ്ധി അനുഭവം വച്ച് ആദ്യമൊക്കെ ഇതു കേട്ടിട്ടും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ ഇരുന്നു. അങ്ങനെ സ്റ്റീയറിംഗ് ബാലന്‍സും, ഡ്രമ്മും ഒക്കെ വളരെ ഭംഗിയായി പൂര്‍ത്തിയാക്കി.

മൂന്നു ദിവസം മുന്‍പാണ് സ്ലോപ്പ് എടുക്കാന്‍ തുടങ്ങിയത്. ആദ്യം രണ്ടുമൂന്നു തവണ ചുമ്മാ കയറിയിറങ്ങാന്‍ പറഞ്ഞു. ഹാ! എന്തെളുപ്പം. എന്തു രസം . സുഖവും ദുഃഖവും ഡ്രൈവിംഗ് പഠനത്തിന്റെ രണ്ടു വശങ്ങളാണെന്നോര്‍ക്കാതെ അമിതമായി ആഹ്ലാദിച്ചദിന്റെ ഫലം എനിക്കു കിട്ടി. കയറ്റത്തു കൊണ്ടുപോയി വണ്ടി നിര്‍ത്തിയിട്ട് വീണ്ടും എടുക്കണമെന്നുള്ള കാര്യം സത്യമായിട്ടും എനിക്ക് അറിയില്ലാരുന്നു. എന്നെക്കൊണ്ട് എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. മാഷ് പല തവണ ഓടിച്ചു കാണിച്ചു തന്നു. നൊ രക്ഷ. അപ്പോള്‍ അവിടെയുണ്ടാരുന്ന വേറൊരു മാഷ് ഇംഗ്ലീഷ് മാലൂം എന്നു ചോദിച്ചു. ഞാന്‍ മാലൂം എന്നു പറഞ്ഞു. എന്നാ പിന്നെ ഞാന്‍ ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞ് അടുത്തു വന്ന് (ആ വരവു കണ്ടപ്പോള്‍ എനിക്കങനാ തോന്നിയത്) ചറപറാ കുറെ അറബി. ഞാന്‍ വായും പൊളിച്ച് ഇരുന്നു പോയി. പിന്നെ വേറൊരു ഹിന്ദി (ഇന്‍ഡ്യാക്കാരെ പൊതുവെ ഹിന്ദി എന്നാണ് അവര്‍ വിളിക്കുന്നത്) സ്റ്റുഡെന്റിനെ വിട്ടു പറയിപ്പിച്ചു. പാവം മാഷ്. എനിക്ക് അറബി പിന്നേം മനസ്സിലാകുമെന്ന് അറിയില്ലല്ലോ.

ഒന്നുകില്‍ കളരിക്കു പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്ന പോലെയാണ് കാര്യങ്ങള്‍. ഒന്നുകില്‍ അക്സിലറേറ്റര്‍ തീരെ കൊടുക്കില്ല .വണ്ടി നിന്നു പോകും. അല്ലെങ്കില്‍ ഒറ്റച്ചവിട്ട്. കിര്‍ കിര്‍ന്ന് ഇരപ്പിച്ചോണ്ടു പോകും. അതുമല്ലെങ്കില്‍ ഹാന്‍ഡ്ബ്രേക്ക് താഴ്ത്താതെ കൈയില്‍ പിടിച്ചോണ്ടിരിക്കും. കഴിഞ്ഞ മൂന്നു ദിവസമായി ഈ വിക്രിയകള്‍ തുടരുന്നു. യാതൊരു പുരോഗതിയുമില്ലെന്നു മാത്രമല്ല, കീഴോട്ടാണ് ഗ്രാഫ്. ഇത്രയുമായിട്ടും ദേഷ്യം എന്നു പറയുന്ന ഒരു സാധനം മാഷ്ക്കു വന്നിട്ടില്ല. സ്വന്തം തലയില്‍ ചൂണ്ടിക്കോണ്ട് കമ്പുട്ടര്‍ മാഫി (തന്റെ വീട്ടില്‍ കമ്പൂട്ടറില്ല ) എന്നു മാത്രമാണ് പറഞ്ഞത്. (ആലങ്കാരികമായി മന്ദബുദ്ധി എന്നു തന്നെയാണ് വിളിച്ചത് എന്നു തോന്നുന്നുവെങ്കില്‍ അത് വായനക്കാരുടെ മനസ്സ് നന്നാവാത്തതിന്റെ കുഴപ്പമാണ്. )

കയറ്റത്തു കൊണ്ടു പോയി ക്ലച്ച്, ബ്രേക്ക് എന്നിവ ചവുട്ടി വണ്ടി നിര്‍ത്തുക. അതിനുശേഷം ഹാന്‍ഡ്ബ്രേക്കിടുക. ഇടത്തെ കൈ സ്റ്റീയറിംഗില്‍ പിടിക്കുക, ഇടതുകാല്‍ ക്ലച്ചില്‍ ചവിട്ടുക. വലതുകാല്‍ കൊണ്ട് അക്സിലറേറ്റര്‍ കൊടുക്കുക. ക്ലച്ച് ചെറുതായി റിലീസ് ചെയ്യുക, വണ്ടി ചെറുതായി മൂവ് ചെയ്തു തുടങ്ങുമ്പോള്‍ വലതു കൈ കൊണ്ട് ഹാന്‍ഡ്ബ്രേക്ക് താഴ്ത്തുക. ക്ലച്ച്, അക്സിലറേറ്റര്‍ ഇവ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക. ഇത്രയും കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയാം. പക്ഷേ ഇവ കൃത്യമായി വേര്‍തിരിച്ച് അതാതു സമയത്ത് ചെയ്യാനുള്ള എന്റെ തലച്ചോറിന്റെ കഴിവില്ലായ്മയാണോ പ്രശ്നം ?

നാളെ രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ടു ചെല്ലണമെന്നു വാണിംഗ് തന്നു വിട്ടിരിക്കുകയാണ്. ഇത് ലോകത്തിലെ തന്നെ ഏതൊരു ഡ്രൈവിംഗ് സ്കൂളിന്റെയും ചരിത്രത്തിലെ ആദ്യ സംഭവമാകും. അതില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെകിലും നാളെ എന്തെങ്കിലുമൊന്നു സംഭവിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖവുമുണ്ട്. കാരണം നാളെ അവര്‍ എന്തെങ്കിലുമൊന്നു തീരുമാനിക്കും. അല്ലെങ്കില്‍ മാഷിനെ രക്ഷിക്കാന്‍ എനിക്കു തീരുമാനിക്കേണ്ടി വരും.

ഇത്രയും ആത്മാര്‍ഥമായി ഒരറിവും നേടാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നിട്ടും…