അമ്മമാരും അവരുടെ വേവലാതികളും
അമ്മമാര്‍ക്ക് മക്കളെ കുറിച്ചോര്‍ത്തുള്ള ആകുലതകള്‍ പല വിധത്തിലാണ്. അവരുടെ ജീവന്‍ ഉള്ളില്‍ തുടിക്കുന്നതു മുതല്‍ എത്ര വലുതായാലും കാണും ഓരോരോ വേവലാതികള്‍.
രണ്ടു കുട്ടികളുണ്ടായപ്പോളും ഓരോ തവണയും പരിശോധനക്ക് പോവുന്നത് നെഞ്ചിടിപ്പോടെയായിരുന്നു. ഡോക്ടര്‍ കുഴപ്പമൊന്നുമില്ല എന്നു പറയുന്നതു വരെ ഒരു സമാധാനമില്ല. മോളുണ്ടായപ്പോള്‍ ഭര്‍ത്താവിന് ചില ജോലി തിരക്കുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റിയിരുന്നില്ല. മോള്‍ക്കാണെങ്കില്‍ മിക്ക ദിവസങ്ങളിലും ഓരോരോ പ്രശ്നങ്ങള്‍. പാലു കുടിച്ചില്ലെങ്കില്‍ പ്രശ്നം, ചെറിയ ചൂടു തോന്നിയാല്‍ പ്രശ്നം,. അപ്പിയിട്ടില്ലെങ്കില്‍ പ്രശ്നം, അപ്പിയിട്ടാല്‍ അതിന്റെ കളറു മാറിയാല്‍ പ്രശ്നം, എന്നു വേണ്ട, ഒരു ദിവസം കുറച്ച് കൂടുതല്‍ കരഞ്ഞാല്‍ വരെ പ്രശ്നങ്ങളാണ്. ഒരാഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും. മൂന്നു പ്രാവശ്യം വരെ കൊണ്ടു പോയ ദിവസങ്ങളുണ്ട്. അതും മുപ്പതു കിലോമീറ്ററോളം ദൂരമുണ്ടെന്നോര്‍ക്കണം ആശുപതിയിലേക്ക്. കൊണ്ടുപോയി കൊണ്ടുപോയി അച്ഛണ്ടേയും നോക്കി നോക്കി ഡോക്ടര്‍മാരുടേയും അടപ്പിളകി. എന്തായാലും ഒരു ദിവസം അവര്‍ അവിടെ അഡ്മിറ്റാക്കി. നാലുമാസം പ്രായമായ കുഞ്ഞിന്റെ കൈയ്യില്‍ കുത്തി ചോരയുമെടുത്തു, പരിശോധിക്കാന്‍. അഞ്ചാമത്തെ ദിവസം റൌണ്‍സിനു വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇന്ന് ഡിസ്ചാര്‍ജാവാമെന്ന്. അതുവരെ ഒരു മരുന്നും കൊടുക്കാതിരുന്ന ഡോക്ടര്‍ ചികിത്സയും പറഞ്ഞു തന്നു. ഭര്‍ത്താവിനോട് എത്രയും പെട്ടെന്ന് വരാന്‍ പറയൂ. കുഞ്ഞിന്‍ ഒരു കുഴപ്പവുമില്ല, അമ്മയ്കാണ് പ്രശ്നം!
എന്തായാലും കുഞ്ഞിന്റെ അച്ഛന്‍ വന്നു കഴിഞ്ഞ് പ്രത്യേകിച്ച് കുഴപ്പങ്ങളോന്നുമില്ലാതിരുന്നപ്പോള്‍ ഞാനും കരുതി ചികിത്സ ഫലിച്ചതായിരിക്കുമെന്ന്. എന്തെകിലും വന്നു പോയാല്‍ ഒറ്റയ്ക്കല്ലേ എന്ന ചിന്തയായിരിക്കാം പ്രശ്നക്കാരന്‍ എന്നു വിചാരിച്ചു.പക്ഷേ രണ്ടാമത് മോനുണ്ടായപ്പോളും ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ രോഗം അതല്ലായിരുന്നുവെന്നു മനസ്സിലായി. നേരത്തെ ചില ആധികള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ പിന്നീട് യാതൊരു കൂസലുമില്ലാതെ ഒരാള്‍ അടുത്തിരിക്കുന്നതു കാണുമ്പോള്‍ ദേഷ്യവും കൂടി വരാന്‍ തുടങ്ങി.
കുറച്ചു നാള്‍ മുന്‍പ് ഒരു സ്കൂള്‍ ബസ്സ് അപകടത്തില്‍ പെട്ടുവെന്നറിഞ്ഞ് കുറെനേരം ഒന്നും മിണ്ടാനാവാതെ ഇരുന്നു പോയി. ഉരുണ്ടുകൂടിയ കണ്ണുനീരിനുള്ളിലൂടെ ചെറുതും വലുതുമായ ഒരുപാടു കുട്ടികളുടെ മുഖങ്ങള്‍ കണ്ടു. എല്ലാ കുട്ടികള്‍ക്കും മോളുടെ മുഖം..
കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ ഞാന്‍ കണ്ട ചില അമ്മമാരും അവരുടെ ചില മാനസികവ്യാപാരങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു.
അമ്മ നം. 1. രണ്ടാമത്തെ കുട്ടിക്ക് ആറുമാസം പ്രായം. കാലിലും മുഖത്തും തൊലി വരണ്ടിട്ട് (ഇവിടെ ഇപ്പോള്‍ നല്ല തണുപ്പാണേ ) ചുമക്കുകയും ചെറുതായി അവിടവിടെ പൊട്ടുകയും ചെയ്യുന്നു. ഓയിലോ ക്രീമുകളോ കൊണ്ടുള്ള ചില അഭ്യാസങ്ങള്‍ മാറി മാറി അവനില്‍ പരീക്ഷിക്കുന്നുണ്ട്. അവന്‍ വലുതായാല്‍ പെണ്ണുകിട്ടുമോ എന്നുള്ള വിഷമത്തിലാണ്.
അമ്മ നം 2. രണ്ടാമത്തെ കുട്ടിക്ക് ഒന്നര മാസം. ജോലിക്ക് പോകേണ്ടതുകൊണ്ട് കുഞ്ഞിനെ നാട്ടില്‍ ഏല്‍പ്പിച്ച് തിരികെ വന്നിരിക്കുന്നു.
അമ്മ നം. 3. മൂന്നു മാസം ഗര്‍ഭിണി. മാസം അന്‍പതിയിരം രൂപയോളം മാസവരുമാനമുള്ള ജോലിയുണ്ട്. ആള്‍ സാമാന്യം നല്ലൊരു പിശുക്കിയും. എന്നിട്ടും കുട്ടിയുണ്ടായാല്‍ അതിനെ നന്നായി നോക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ചിന്തയാല്‍ ജോലി രാജി വയ്കാന്‍ ആലോചിക്കുന്നു.
അമ്മ നം. 4. ആദ്യത്തെ കുട്ടിക്ക് ഒന്നര വയസ്സയപ്പോള്‍ വീണ്ടും ഗര്‍ഭിണിയായി. രണ്ടു കുട്ടികളേയും ഒന്നിച്ചു നോക്കാനുള്ള പ്രയാസമോര്‍ത്ത് അത് വേണ്ട എന്നു വച്ചു.
അമ്മ നം. 5. മൂന്നര വസസ്സുള്ള ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ വീണ്ടും പ്രെഗ്‌നന്റാണെന്ന് അറിഞ്ഞത് ചിക്കന്‍പോക്സുമായി കഴിയുമ്പോള്‍. കൂടെ ഫൈബ്രോയിഡും U.T.I യും. അതിന്റെ കൂടെ കഴിഞ്ഞ ദിവസം ബ്ലീഡിങ്ങും ആയി ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇത്രയും റിസ്ക് എടുക്കണോ എന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്നില്ല. “ഡോക്ടര്‍ വേണ്ടാ എന്നു പറയാതെ ഞാന്‍ ഒന്നും ചെയ്യില്ല. ഇനി എന്തെകിലും കുഴപ്പമുണ്ടെങ്കിലും ഞാന്‍ അങ്ങു വളര്‍ത്തും. “ എന്ന ശക്തമായ തീരുമാനത്തിലാണ്.
ഇതൊക്കെ ചെറിയ കുട്ടികളുള്ള അമ്മമാരുടെ വികാരങ്ങള്‍.
ഇനി മക്കള്‍ വലുതായാലോ?
കഴിഞ്ഞ ദിവസം ഒരമ്മയുടെ കഥ കേട്ടു. മകന്‍ കല്യാണം കഴിച്ചു കഴിഞ്ഞ് ഭാര്യയുമായി പുറത്തിറങ്ങിയാല്‍ അപ്പോ തലകറക്കം വരും. അഭിനയമൊന്നുമല്ല, മോന്‍ കൈവിട്ടു പോകുമോ എന്ന് ആധി കൊണ്ട് പ്രഷറു കൂടി ശരിക്കും തലകറക്കം വരുന്നതാണ്. അവര്‍ക്ക് ഒരു മകളുമുണ്ട്. പക്ഷേ മകള്‍ ഭര്‍ത്താവുമൊന്നിച്ച് പോയാല്‍ ഒരു കുഴപ്പവുമൊട്ടില്ല താനും.
“My son is my son till he hath got him a wife; my daughter is my daughter all days of her life.”
എന്നു പറയുന്നതില്‍ ചില കാര്യമില്ലാതില്ല. പക്ഷേ ഇവിടെ മകന്‍ അങ്ങനെയായാല്‍ കുറ്റക്കാര്‍ മകനോ മരുമകളോ അല്ല, മറിച്ച് അമ്മമാര്‍ തന്നെയാണ്. ഒരമ്മയ്ക്ക് മകളോടുള്ളത് ഉപാധികളില്ലാത്ത സ്നേഹമാണ്. അതുകൊണ്ട് മകള്‍ ഭര്‍ത്താവുമൊത്ത് സുഖമായി കഴിയണമെന്നാഗ്രഹിക്കുന്നു. മകനോടുള്ള സ്നേഹത്തില്‍ സ്വന്തം സ്വാര്‍ഥതയ്ക്കാണ് പലപ്പോഴും മുന്‍തൂക്കം. മകന്‍ തന്നേക്കാള്‍ കൂടുതല്‍ ഭാര്യയെ സ്നേഹിച്ചുകളയുമോ എന്ന ചിന്ത അസൂയയിലേക്കും കുശുമ്പിലേക്കുമൊക്കെ വഴി മാറുന്നു. അതു മറ്റു പല പ്രശ്നങ്ങളിലേക്കും.
മകളെ സ്നേഹിക്കുന്നതു പോലെ എന്റെ മകനേയും സ്നേഹിക്കാന്‍ കഴിയണേ എന്നു മാത്രമാണ് പ്രാര്‍ഥന.

30 comments:
പെട്ടെന്ന് എഴുതിയതാണ്. ഒരുപാട് തെറ്റു കാണും. ഒരിത്തിരി പായസം അടുപ്പത്തിരിക്കുന്നു. ഞാന്‍ പോട്ടെ.
പായസമുണ്ടോ, എങ്കില്‍ നിങ്ങളാണ് അമ്മ നമ്പര്‍ വണ്‍.
അമ്മമാരുടെ ഓരോരോ ആധികള്‍!
പായസത്തിന്റെ കാര്യമെന്തോ പറഞ്ഞല്ലോ...
:)
പോസ്റ്റില്‍ നിന്ന് അമ്മമാരുടെ പലതരത്തിലുള്ള വ്യഥകള്‍ അറിയാനിടയാക്കിയതിന് നന്ദി.
എന്റെ അമ്മയല്ലാതെ എനിയ്ക്കറിയാവുന്ന വേറെ ചില അമ്മമാര്‍ ഇതാ:
*
ഐഡിയ സ്റ്റാര്‍സിംഗറില്‍ വന്ന ഋത്വികിന്റെ അമ്മ; വേറെ ഒരു മകനും അന്ധ്നാണ് എന്ന് അഭിമുഖത്തില്‍ കണ്ടു.
**
പിന്നെ സന്നിധാനത്തിന്റെ അമ്മ; ആ ചെറുപ്പക്കാരനെ പാടാന്‍ പ്രോത്സാഹിപ്പിക്കുന്നത് അവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
***
ആകെയുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കും വൈകല്യം. കുട്ടികളുടെ ചെറിയനാളുകളില്‍ അവരുടെ ഭാവിയെ ഓര്‍ത്ത്, പല രാത്രികള്‍മുഴുവനും കരഞ്ഞിട്ടുണ്ടെന്ന്
ഒരമ്മ പറഞ്ഞിരുന്നു. ഇപ്പോള്‍ മക്കള്‍ പഠിച്ച് മിടുക്കരായി. ഒരാളുടെ വിവാഹം കഴിഞ്ഞു.
****
പോളിയോ ബാധിച്ച് ശരീരം ആകെ തളര്‍ന്ന് പോയ
ഒരുമകന്‍. ഞാനിരിക്കുമ്പോള്‍ തന്നെ അവന്‍ മരിച്ചുപോയിരുന്നുവെങ്കില്‍ എന്ന് നെടുവീര്‍പ്പിട്ട ഒരമ്മ.
*****
പിന്നെ പതിനഞ്ച് വയസ്സായിട്ടും ബുദ്ധി വികാസമില്ലാത്ത (ഇടയ്ക്കിടയ്ക്ക് അക്രമാസ്ക്തയും)ഒരുമകളുള്ള അമ്മ.
ഇങ്ങന എത്രയെത്ര അമ്മമാര്‍....!
നല്ലൊരു പോസ്റ്റാണിതു വനജേ.
ഗോളാന്തരപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയ്ക്
ഈ ‘അമ്മ’എന്ന- സ്വയം എരിഞ്ഞുതീരുന്ന- ജീവിയുടെ ദൈനംദിനാകുലതകള്‍ വല്ല്യകാര്യമായാര്‍ക്കും തോന്നണമെന്നില്ല.
പലര്‍ക്കുമൊരു ഉള്‍ക്കാഴ്ചയാകട്ടെ ഈ വരികള്‍-പ്രത്യേകിച്ചും ഇതുവായിയ്ക്കുന്ന മക്കള്‍ക്ക്
നന്ദി വനജേ....എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ....എപ്പോഴും മക്കളുടെ നന്മയ്ക്കായി സ്വയം ഉരുകി തീരുന്നവര്‍....ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു നന്ദി...
അമ്മമാര്‍ക്കെന്നും ആധി തന്നെ...
ആധി ചിലപ്പോള്‍ വ്യാധിയാകുന്നു.
എന്റെ വിധിയെന്ന് സമാധാനിക്കുന്നു ചില അമ്മമാര്‍
വിധിവൈപരീത്യമെന്നല്ലേ പറയേണ്ടൂ..
അമ്മ തന്നെ അമ്മായിയമ്മയും..
..പിന്നെ..പായസം റെഡിയായോ ?
പോകാന്‍ വരട്ടെ, പായസമുണ്ടെന്നു പറഞ്ഞിട്ടെവിടെ. ആദ്യം അതു വരട്ടെ എന്നിട്ടാവാം മകനാണോ, മകളാണോ, അമ്മായിഅമ്മയാണോ, തലകറക്കമാണോ എന്നൊക്കെ നോക്കല്.
എന്തായാലും ഇതമ്മമാരെ കുറിച്ചല്ലേ, അച്ഛന്മാരെ കുറിച്ചല്ലല്ലോ. ഈ അമ്മമാര്‍ക്കൊന്നും വേറെ പണിയില്ലേ, പിള്ളേരായിട്ടില്ല അതിനു മുന്നേ, എന്‍റെ ചെക്കന്‌പെണ്ണുകിട്ടില്ലേ, കിട്ടിയാലെങ്ങനത്തെ പെണ്ണായിരിക്കും, അവനു കുളിക്കാന്‍ ചൂടുവെള്ളം വച്ചു കൊടുക്കുമോ തുടങ്ങിയ ആധികളുമായി ജീവിക്കാന്‍.
(എന്‍റെ അമ്മയും ഇതുപോലെ ഒക്കെതന്നെയായിരുന്നു. ഇപ്പഴത്തെ അവസ്ഥ നാട്ടില്‍ പോയാല്‍ ചോദിക്കണം :))
അതുവരെ ഒരു മരുന്നും കൊടുക്കാതിരുന്ന ഡോക്ടര്‍ ചികിത്സയും പറഞ്ഞു തന്നു. ഭര്‍ത്താവിനോട് എത്രയും പെട്ടെന്ന് വരാന്‍ പറയൂ. കുഞ്ഞിന്‍ ഒരു കുഴപ്പവുമില്ല, അമ്മയ്കാണ് പ്രശ്നം!
ഒരു അമ്മയായാലെ അമ്മയുടെ ആധി അറിയൂ. വെറുതെയല്ല പറയുന്നതു "അമ്മയുടെ കാലടിയിലാണ് മക്കളുടെ സ്വര്‍ഗം" എന്ന്. അമ്മയോട് മക്കള്‍ എത്രത്തോളം കടപ്പെട്ടിരിക്കുന്നത് എന്ന് എഴുതി വിവരിക്കാവുന്നതല്ല. എങ്കിലും പ്രതീക്ഷക്കു വിപരീതം നടക്കാറുണ്ട് എന്നാലും ആ അമ്മ പിന്നെയും സഹിക്കുന്നു.
ഇവിടെ ഒരു പായസത്തിന്റെ സംസാരം കേട്ടിരുന്നു. ഞാനൊരു പായസ കൊതിയനാണു. ഈ പോസ്റ്റിടാന്‍ മനസ്സു തോന്നിയ വനജ അമ്മക്കും പിന്നെ ആ അമ്മയുമായി അഭിപ്രായം കൈമാറിയ എല്ലാ അമ്മമാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..
അമ്മ സ്നേഹത്തിന്റെ ഉറവിടമല്ല്ലേ..
പിന്നെ, പായസം റെഡിയായ്യോ..
(പ്രൊഫൈലിലെ ലച്ചുവാണോ പോസ്റ്റിലെ ചിത്രത്തില്‍.. ക്യൂട്ട്)
ചാത്തനേറ്: ഹോ ഇത്രെം വേവലാതികള്‍ക്കിടയിലും പായസമോ!!! ഹാറ്റ്സ് ഓഫ് :)...
വനജാ നല്ല പോസ്റ്റ്.
ഐഡിയ സ്റ്റാര്‍സിംഗറില്‍ വന്ന ഋത്വികിന്റെ അമ്മമാരെ പോലെയും അതിനു് തികച്ചും വിപരീത മനസ്സുമായ അമ്മമാരേയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമായിരുന്നല്ലോ ഹൈദ്രാബാദില്‍ അസുഖക്കാരനായ മകന്‍റെ കഷ്ടപാടുകള്‍ക്ക് മുന്നില്‍ ഒരമ്മ, ദയാവധത്തിന്‍ കോടതിയെ സമീപിച്ചതു്.
പ്രകൃതിയുടെ മറ്റൊരു നൊമ്പരം തന്നെ അമ്മ.
ഓ.ടോ. ഇത്രേം ഒക്കെ പറഞ്ഞിട്ടും പായസം വന്നില്ലല്ലോ..
അമ്മമാരുടെ വേവലാതികളെ പറ്റി ഓര്‍മിപ്പിച്ചതിനു നന്ദി.....
കുഞ്ഞ് നമ്പര്‍ 1ന്റെ കാര്യത്തില്‍ eczema ആണോ വില്ലന്‍? സോപ്പ്,ഷാമ്പൂ,വാഷിങ്ങ് ഡിറ്റര്‍ജെന്റ് ഇവയുടെ ഉപയോഗം വെട്ടിക്കുറച്ച് നോക്കിയിരുന്നോ? ക്രീമും ലോഷനും അല്ലര്‍ജിക് ആണോന്ന് നോക്കിയിരുന്നോ? പൊടി, കൂടിയ ചൂടും തണുപ്പും ഒക്കെ അല്ലെര്‍ജി കൂട്ടും. ബാക്കി ആധികള്‍ക്ക് ഒരു രക്ഷയും കാണുന്നില്ലല്ലോ..
ആഹ.. ഇതൊരു ആഗോള പ്രതിഭാസം ആണ് അല്ലേ?
ഇവിടെ വന്നതിനും, കണ്ടതിനും എല്ലാ കുഞ്ഞുങ്ങള്‍ക്കും പായസം ദാ അവിടെ വച്ചിട്ടുണ്ട്. പരിത്രാണം മൊത്തം തന്നെയെടുത്തു കുടിച്ചു കളയരുത്.
രേഷ്മാ,
അമ്മ നം. 1 ന്റെ ആധി ഞാന്‍ അപ്പോളെ മാറ്റി കൊടുത്തു. എന്റെ മോളുടെ പഴയ ഒരു ഫോട്ടൊ എടുത്തു കാണിച്ചു കൊടുത്തു. ഞാനും മോളേയും കൊണ്ട് കുറെ ഓടിയതാ ഇതിന്. ക്രീം,ലോഷന്‍,ഓയില്‍ തുടങ്ങിയ യാതൊരു സാധനങ്ങളും ഉപയോഗിക്കണ്ട എന്നാണ് എനിക്കു കിട്ടിയ ഉപദേശം. മോള്‍ക്ക് ഒന്നര വയസ്സായപ്പോഴേക്കും എല്ലാം മാറി.
പിന്നെ, കൃത്യം ഈ പോസ്റ്റിട്ട ഇന്നലെ തന്നെ മോള്‍ വേറൊരു വേല കാണിച്ചു. ഉച്ചക്ക് സ്കൂളീന്ന് വിളിക്കാന്‍ ചെന്നപ്പോള്‍ ആളില്ല. വീട്ടില്‍ നിന്ന് അഞ്ചു മിനുട്ടേ ഉള്ളൂ സ്കൂളിലേക്ക്..സ്കൂള്‍ ബസ്സിനു വിട്ടാല്‍ ചുറ്റിക്കറങ്ങി വരുമ്പോഴേക്കും മുക്കാല്‍ മണിക്കൂറെടുക്കും. അതുകൊണ്ട് ഞങള്‍ പോയി വിളിച്ചോണ്ടു വരുകയാണ് ചെയ്യുന്നത്. ഇന്നലെ അവള്‍ ബസ്സിനു കയറിയിങ്ങു പോന്നു!. ഇതൊക്കെയാണ് കൈയ്യിലിരുപ്പ്. പിന്നെങ്ങനെ ആധി വരാതിരിക്കും?
നേരത്തെ ചില ആധികള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ പിന്നീട് യാതൊരു കൂസലുമില്ലാതെ ഒരാള്‍ അടുത്തിരിക്കുന്നതു കാണുമ്പോള്‍ ദേഷ്യവും കൂടി വരാന്‍ തുടങ്ങി.
ഇതു സത്യമാ വനജേ.അമ്മയുടെ അത്രയും വേവലാതികള്‍ അച്ഛന്മാര്‍ക്കില്ല തന്നെ.കുട്ടികള്‍ക്ക് ഒരു പനി വന്നാല്‍,കാലൊന്നു വേദനിച്ചാല്‍ ഒക്കെ പരിഭ്രമമാണ്.അങ്ങേയറ്റത്തെ കാര്യങ്ങളാണ് ചിന്തിച്ച് കൂട്ടുന്നത്.വിജയ് പറയും ചിന്തിക്കുന്നതിന് ടാക്സ് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ നീ കാരണം ഞാന്‍ പിച്ച ചട്ടി എടുക്കേണ്ടി വന്നേനെ എന്ന്..
എന്തായാലും ലേഖനം നന്നായിരിക്കുന്നു.വനജ പറഞ്ഞിരിക്കുന്ന ആകുലതകളും വ്യാധികളും എല്ലാ അമ്മമാര്‍ക്കും ഒരേപോലെ..
എന്റെ വനജേ ഈ അമ്മമാരുടെ ആധിയ്ക്കൊരു മരുന്നും ഇല്ല. ദാ എന്റമ്മേടെ കാര്യം നോക്ക്..ഞാന്‍ ചെറുപ്പത്തിലെങ്ങാനും അനീമിയ ആയിട്ട് ഒരു ദിവസം തലകറങ്ങി വീണിരുന്നു. അതിന്റെ ആ പേടി മാതാശ്രീയ്ക്ക് ഇതു വരെ മാറീട്ടില്ല. ഇപ്പോ ഞാന്‍ വിളിച്ച് 'മമ്മിയ്ക്കറിയുമോ.ഞാന്‍ ഇത്തിരി വെളുത്തൂന്നാ തോന്നുന്നത്" എന്ന സന്തോഷവാര്‍ത്ത പറഞ്ഞാല്‍ അപ്പം ഉത്തരം കിട്ടും- 'വേഗം പോയി ഒരു ഡോക്ടറെ കാണ്..നിനക്ക് അനീമിയ ആയിരിക്കും' എന്ന്. എന്താ ചെയ്യുക!!
പോസ്റ്റ് കലക്കി വനജേ!
കൂടുതലൊന്നുമില്ല പറയാന്‍.
എല്ലാം സത്യം, സത്യം.
എല്ലാ അമ്മമാരും പെര്‍ഫെക്റ്റാണെന്നേ ഞാന്‍ പറയൂ.
മക്കളോടുള്ള സ്നേഹം ഒന്നു തന്നെ എല്ലാവര്‍ക്കും, പക്ഷേ വ്യത്യാസം വരുന്നത് ഓരോരുത്തരുടേയും കാഴ്ചപ്പാടുകളിലും, മനസ്സിന്റെ ഉറപ്പിലും, ജീവിത സാഹചര്യങ്ങളിലും മറ്റുമൊക്കെയാവും. എന്തു തോന്നുന്നു?
എല്ലാ അമ്മമാരും പെര്‍ഫെക്റ്റാണെന്നേ ഞാന്‍ പറയൂ.
മക്കളോടുള്ള സ്നേഹം ഒന്നു തന്നെ എല്ലാവര്‍ക്കും, പക്ഷേ വ്യത്യാസം വരുന്നത് ഓരോരുത്തരുടേയും കാഴ്ചപ്പാടുകളിലും, മനസ്സിന്റെ ഉറപ്പിലും, ജീവിത സാഹചര്യങ്ങളിലും മറ്റുമൊക്കെയാവും. എന്തു തോന്നുന്നു?
പീ. ആര്‍,
ഇതിന് പെട്ടെന്നൊരുത്തരം പറയാന്‍ പ്രയാസമുണ്ട്. അമ്മ എന്ന വാക്കിന് ഒരുപാടര്‍ത്ഥങ്ങളുണ്ട്. അതിന്റെ അന്തസത്ത പകുതിയെങ്കിലും മനസ്സിലാക്കണമെന്നാണാഗ്രഹം. തന്റെ മക്കളുമായി ഇടപെടുമ്പോള്‍ ഒരമ്മയില്‍“ഞാന്‍“ എന്ന വികാരത്തിന് വലിയ പ്രസക്തിയുമുണ്ടാവരുത്. എന്നു വച്ച് മക്കള്‍ തെറ്റു ചെയ്താല്‍ അതു കണ്ടില്ലെന്നു നടിക്കുന്നതോ,അതിനെ ന്യായീകരിക്കുന്നതോ, അവരെ ശാസിക്കാതിരിക്കുന്നതോ ഒരു നല്ല അമ്മയുടെ ലക്ഷ്ണമല്ല. മനസ്സിന്റെ പിടിവലികളേയും ജീവിതസാഹചര്യങ്ങളേയും കുറെയെങ്കിലും അതിജീവിക്കാന്‍ അമ്മയ്കാവണം. അതുകൊണ്ടു തന്നെ, ജന്മം നല്‍കിയതുകൊണ്ടു മാത്രം ഒരു സ്തീ അമ്മ എന്നു വിളിക്കപ്പെടാന്‍ അര്‍ഹയല്ല. മറിച്ച് നല്ലൊരമ്മയാവാന്‍ പ്രസവിക്കണമെന്നു നിര്‍ബന്ധമൊട്ടില്ല താനും.
പിന്നെ, ഞാനീ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് അമ്മമാരുടെ കാര്യങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ പീ.ആര്‍ പറഞ്ഞതിനോടു യോജിക്കുന്നു.:)
സ്വപ്നങ്ങള്‍ പോലും കൈമോശം വന്ന അമ്മമാരെ പറ്റി ഞാനും ഇങ്ങനെ ഒന്നു എഴുതിയിരുന്നു
http://vanithalokam.blogspot.com/2007/02/blog-post.html
പ്രിയാ, ആ പോസ്റ്റ് വായിച്ചു. അവിടിട്ട കമന്റ് ഇവിടെയും പ്രസക്തമെന്നു തോന്നുന്നതു കൊണ്ട് കോപ്പി ചെയ്യുന്നു.
നിത്യയെ പോലൊരു കുട്ടിയെ എനിക്കുമറിയാം, പ്രിയ. മൂന്നര വയസ്സുണ്ടെങ്കിലും 6 വയസ്സിന്റെ വളര്‍ച്ച. എടുത്തുകൊണ്ടു നടക്കണം. കഷ്ടം അതൊന്നുമല്ല. ഇങ്ങനൊരു കുട്ടിയെ പ്രസവിച്ചതിന്റെ കുറ്റം മുഴുവന്‍ ഭര്‍ത്താവ് ഭാര്യയില്‍ അടിച്ചേല്‍പ്പിച്ചു. വിദ്യാഭ്യാസമില്ലാത്ത ആളാണെങ്കില്‍ പോട്ടെന്നു വയ്ക്കാം. ഇവിടെ ബാങ്കിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‍` അയാള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ചെലവിനു കൊടുക്കുമെന്നല്ലാതെ യാതൊരു ബന്ന്ധവുമില്ല അയാള്‍ക്ക് അവരുമായി. അവരെ കാണുന്നതു തന്നെ വെറുപ്പാണെന്നാണ് പറയുന്നത്. കുട്ടികളെ കരുതി ഇത്രനാളും അവഗണന സഹിച്ച് കഴിഞു. കഴിഞ്ഞ മാസം അയാള്‍ അവരെ നാട്ടില്‍ പറഞ്ഞു വിട്ടു. ഒരു ക്രെഡിറ്റ് കാര്‍ഡും കൊടുത്തു. എത്ര പണം വേണമെങ്കിലും എടുക്കാം, പക്ഷേ എല്ലാത്തിനും കണക്ക് സൂക്ഷിക്കണമെന്നും പറഞ്ഞു. സ്വന്തം വീട്ടിലെ സ്ഥിതി അത്ര നന്നല്ലാത്തതു കൊണ്ട് അവള്‍ക്ക് അത് സ്വീകരിക്കേണ്ടി വന്നു. രണ്ടു പെണ്‍കുട്ടികളാണ്‍`. അവരേയും കൊണ്ട് ആ അമ്മ ഇനി എത്ര നാള്‍....
വളരെ യാദൃശ്ചികമായിട്ടാണ് ഈ പോസ്റ്റ് കണ്ടതെങ്കിലും മറ്റൊരു യാദൃശ്ചികതയുടെ പങ്കുവക്കല്‍ കൂടിയാകാമെന്നുവച്ചു!
എന്റെ അയല്‍ക്കാരനും ബന്ധുവുമൊക്കെയായ കഥാനായകന്‍ അബുദാബിയിലെത്തിയിട്ട് നീണ്ട 24 വര്‍ഷങ്ങളാകുന്നു.ഇതിനിടയില്‍ ടിയാന്‍ ഒരുവട്ടം പോലും നാട്ടില്‍ പോയില്ല.നാട്ടില്‍ 90നടുത്ത് പ്രായമായ അമ്മ മകനെയൊന്നു കാണണമെന്ന ആധികലര്‍ന്ന ആഗ്രഹം മുറക്ക് നാട്ടിലെത്തുന്നവരോടെല്ലാം പറഞ്ഞയക്കുമെങ്കിലും അദ്ദേഹം പോയില്ല.കല്യാണം കഴിക്കുകയൊന്നും ചെയ്യാതെ വൃഥാ ജീവിച്ചുപോന്ന ആ മനുഷ്യന്‍ ഞങ്ങളുടെയെല്ലാം നിര്‍ബന്ധത്തിനുവഴങ്ങി നാളെ നാട്ടിലേക്കുപോവുന്നു.ഒരുമാസക്കാലം അമ്മയോടൊത്തുകഴിയാന്‍....!!
നീണ്ട 24വര്‍ഷങ്ങള്‍ക്കുശേഷം!!
എന്റെ അമ്മയും ഇതേ പോലെ തന്നെ വനജേച്ചി.
കുറച്ച് കൂടുതലാണെങ്കിലേ ഉള്ളൂ.
ചേട്ടനെ പണ്ട് ഒരു ചെറിയ ആക്സിഡന്റില്‍ പെട്ടറ്റ്യ്ഹ് മുതല്‍ വണ്ടിയില്‍ കയറണ്ടാ എന്നാ പറഞ്ഞിരിക്കുന്നേ.
നല്ല പോസ്റ്റ്.
:)
എന്നും സ്നേഹത്തോടെ
ഉപാസന
അന്യനാട്ടില്‍ മുത്തശ്ശിമാരുടേം, വേലക്കാരുടേം സഹായമില്ലാതെ മൂന്നും,ആറും വയസ്സായ 2 മക്കളെ വളര്‍ത്തുന്ന ഒരമ്മയാണു ഞാന്‍..ഈ പറഞ്ഞപോലെ നിസ്സാര കാര്യം മതി..ഞങ്ങളുടെ പിഡിയാട്രീഷ്യന്‍,കുടുംബ സുഹൃത്തും കൂടെയാണ്..എന്റെ നമ്പര്‍ കണ്ടാല്‍ പുള്ളി ഫോണെടുക്കുന്നതേ ചിരിയോടെയാണ്..ലേഖ പറഞ്ഞപോലെ ഇവിടൊരാള്‍ക്കും ഇതൊക്കെ നിസ്സാരം..ഞാന്‍ വലിയ കാര്യത്തോടെ അസുഖങ്ങള്‍ എണ്ണിയെണ്ണിപ്പറയുമ്പോള്‍ പുള്ളിയും ,ഡോക്ടറും മുഖത്തോടു മുഖം നോക്കി ചിരിക്കും..എന്നുവച്ച് നമ്മള്‍ അമ്മമാര്‍ക്ക് അങ്ങനെയാകാന്‍ പറ്റുമോ?
നല്ല ചിന്തകള്‍ [:)]
ആധികളുടെ ലോകത്താണ് ഓരോ അമ്മയും....
വനജേച്ചീ
ഏറെ ഇഷ്ടമായി ഈ വാക്കുകള്‍
അഭിനന്ദനങ്ങള്‍...
അമ്മമാരുടെ ആധികളെക്കുറിച്ചുള്ള ഈ പോസ്റ്റ് നന്നായി......
ജോലികിട്ടി അന്യനാട്ടില്‍ പോയിക്കിടന്നു ബുദ്ധിമുട്ടിയപ്പോളാണ്‍് അമ്മ നമ്മുടെ കാര്യത്തില്‍ എന്തുമാത്രം ശ്രദ്ധ കൊടുത്തിരുന്നു എന്നു ശരിക്കും മനസിലായത്....
പായസം കുഞ്ഞുങ്ങള്‍ക്കു മാത്രേ ഉള്ളോ?
ഈ പായസം കാണാന്‍ ഒത്തിരി വൈകി ഇപ്പോള്‍ പായസം ഒരു പരുവം ആയിക്കാണും എന്നാലും സാരമില്ല. എന്നെപോലെ ഇവിടെയുള്ള എല്ലാവരുടേയും പായസകൊതിമനസ്സിലാക്കി കണ്ടാല്‍ വായില്‍ വെള്ളം വരുന്ന പരുവത്തില്‍ അതിന്റെ ഫോട്ടോ എടുത്ത് അത് ഞങ്ങള്‍ക്കുവേണ്ടി സമ്മാനിച്ച വനജമ്മയുടെ ആ വിശാലമനസ്സിനു ഈ പായസകൊതിയന്റെ നന്ദി :). ഞാന്‍ എന്റെ ബ്ലോഗിന്റെ പേരില്‍ വെറുതെ ഒന്നു സെര്‍ച്ച് ചെയ്തപ്പോള്‍ "പരിത്രാണം മൊത്തം തന്നെയെടുത്തു കുടിച്ചു കളയരുത്" ഇങ്ങിനെ കണ്ടു സത്യം പറഞ്ഞാല്‍ ആദ്യം ഒന്നു ഞെട്ടി ഞാന്‍ മറന്നിരിക്കായിരുന്നു. ആദ്യമായിട്ടാണ് ബ്ലോഗിലൂടെ എനിക്കൊരു പായസം കിട്ടുന്നത് എന്തായാലും ഈ പായസം ഞാന്‍ ആര്‍ക്കും കൊടുക്കില്ല ഞാന്‍ തന്നെ അതു കുടിച്ചു തീര്‍ക്കും ആവശ്യമുള്ളവര്‍ തട്ടിപറിച്ചോളണം കേട്ടോ. ഇത്തിരീംകൂടി മധുരം ആവാമായിരുന്നു ല്ലേ.. വനജമ്മേ
വനജേ,
ഞാനൊരു തുടക്കക്കാരിയാണ്.
ആഷയുടെ ഗ്ലാസ് പെയിന്റിംഗ് പോസ്റ്റിന്റെ കമന്റ്സില്‍ നിന്നാണ് ഇതിലെത്തിയത്. വനജ അതിലെഴുതിയിരിക്കുന്ന അതേ അനുഭവം എനിക്കുമുണ്ടായി!. ഫ്ലാറ്റ് എടുത്ത ശേഷം ഒരു മുറി ഞാന്‍ തന്നെ പെയിന്റ് ചെയ്യേണ്ടി വന്നു!എനിക്ക് പിന്നെ പുള്ളിക്കാരന്‍ വന്നപ്പോഴേക്കും എല്ലാം തീര്‍ത്ത് ക്ലീന്‍ ചെയ്ത് ഒന്നും സംഭവിക്കാത്തതുപോലെ നില്‍ക്കാന്‍ പറ്റി!. പുള്ളി ആകെ അന്തം വിട്ടുപോയി!
പിന്നെ അമ്മമാരുടെ വേവലാതികള്‍ വായിച്ചു. എന്റെ അമ്മയുടെ വേവലാതികള്‍ എനിക്ക് നന്നായറിയാം. മറ്റു പല അമ്മമാരേയും നിരീക്ഷിക്കാറുമുണ്ട്. എങ്കിലും സ്വയം ഒരു അമ്മയാവാന്‍ സാധിച്ചിട്ടില്ലാത്തതുകൊണ്ട് ഒരു താരതമ്യത്തിന് സ്ക്കോപ്പില്ല...
Hi chechee,
Nice to read your articles. Keep writing..what is your princess name?
Post a Comment