Saturday, May 31, 2008

Al Hotta Cave, Oman

ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അല് ഹൊത്താ കേവ്(Al Hotta cave) ശരിയായ ഉച്ചാരണം ഇതുതന്നെയോ എന്നു നിശ്ചയമില്ല. അല് ഹോത്തി (al Hoti) എന്നും പറഞ്ഞു കേള്ക്കുന്നുണ്ട്. കഴിഞ്ഞ മാസം ഒമാനിലെ മറ്റൊരാകര്ഷണമായ ജബല് അക്തറില് പോകുന്ന വഴി ഇവിടെയും സന്ദര്ശിക്കാന് പറ്റി.

ഒമാന്റെ തലസ്ഥാനമായ മസ്കറ്റില് നിന്നും ഏകദേശം 200 കി.മി അകലെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. മസ്കറ്റില് നിന്നും നിസ്‌വയിലെത്തി കഴിഞ്ഞാല്‍ Al Hotta Cave എന്നെഴുതിയിരിക്കുന്ന തവിട്ടു നിറത്തിലുള്ള സൈന് ബോര്ഡു നോക്കി വച്ചു പിടിച്ചാല് നേരെയവിടെത്തും.




അവിടെ ഓഫീസില്‍ നിന്നും നിന്നും, അഞ്ചര റിയാലിന്റെ ടിക്കറ്റ് എടുത്തു കഴിഞ്ഞാല് ഒമാനിലെ ആദ്യത്തെ ട്രെയിനില് കയറി ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഗുഹയുടെ പ്രവേശന കവാടത്തിലെത്താം. (ഞങ്ങള് ചെന്നപ്പോള് ട്രെയില് വര്ക്കുന്നില്ലാരുന്നു. അതുകൊണ്ട് പൊരി വെയിലത്ത് പിള്ളാരേം കൊണ്ടു നടന്നു പോവാനുള്ള ഭാഗ്യമുണ്ടായി :) )



ഗുഹയുടെ പ്രവേശന കവാടം



ക്യാമറ മുതലായ സംഗതികള് ഗുഹക്കുള്ളില് അനുവദനീയമല്ല. ഓരോ സംഘത്തിന്റെയും കൂടെ ഒരു ഗൈഡുമുണ്ടാവും. ട്രിപ്പു തുടങ്ങുന്നതിനു മുന്പും, അതിനിടയിലുമായി ഗുഹയെ കുറിച്ചുള്ള വിവരങ്ങള് അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞു തരും.


ഏകദേശം 20 മില്യണ്‍ വര്ഷങ്ങള്‍ പഴക്കമാണ് അല്‍ ഹോതിക്ക് ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. താഴെയുള്ള ചിത്രങ്ങള്‍ വലുതാക്കി നോക്കിയാല്‍ എങ്ങനെയാണ് ഈ ഗുഹ ഉണ്ടായി വന്നതെന്നു മനസ്സിലാവും. അവിടെ തന്നെയുള്ള മ്യൂസിയത്തില്‍ പ്രദര്ശി്പ്പിച്ചിരിക്കുന്ന ടൈം മെഷീനില്‍ നിന്നും പകര്ത്തിയ ചിത്രങ്ങളാണ്.







ഒമാന്‍ ഗവണ്മെന്റ് 2006 ഡിസംബറിലാണ് പൊതുജനങ്ങള്ക്കായി ഇത് തുറന്നു കൊടുത്തത്. ഏകദേശം 5 കിലോമീറ്ററ് നീളമുള്ള് ഗുഹയുടെ 830 മീറ്റര്‍ മാത്രമാണ് സന്ദര്ശകര്ക്ക് കാണാനാവുക. മുകളിലേക്ക് കയറാന്‍ 225 പടികളാണ് ഉള്ളത്. പേടിക്കണ്ട, ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇട്ടിട്ടുണ്ട്. ഏറ്റവും മുകള്‍ ഭാഗത്തെത്തുമ്പോഴേക്കും നാം 65 അടിയോളം ഉയരത്തിലായിരിക്കും.


താഴേക്ക് ഇറങ്ങുന്ന വഴിയില്‍ ഒരു തടാകമുണ്ട്‌. ഇതിന് എണ്ണൂറ് അടിയോളം നീളവും പത്തു മീറ്ററിലധികം ആഴവുമുണ്ട്. അതിനുള്ളില്‍ ഇഷ്ടം പോലെ മത്സ്യങ്ങളുണ്ട്. മറ്റു ഗുഹകളിലുള്ള മത്സ്യങ്ങള്‍ക്കെന്ന പോലെ ഇവയ്ക്കും കണ്ണു കാണില്ല. കണ്ണുകള് ഇല്ലാത്ത ഇവയ്ക്ക് കണ്ണിന്റെ സ്ഥാനത്ത് ചൊറി വന്നു കരിഞ്ഞ പോലെ ( ചിരിക്കരുത്, അങ്ങനാ എനിക്കു തോന്നിയത്) ഒരു ചെറിയ പാടു മാത്രമേയുള്ളൂ. ഇവരുടെ പിതാമഹന്മാര്ക്ക് കണ്ണുകള്‍ ഉണ്ടായിരുന്നു. ഗുഹയ്ക്കുള്ളില്‍ പെട്ടു പോയതു കൊണ്ട് അതിനുള്ളിലെ ഇരുട്ടില്‍ കണ്ണു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ലാതിരിക്കുകയും ,അങ്ങനെ പല തലമുറകള്‍ കഴിഞ്ഞപ്പോഴേക്കും കണ്ണില്ലാത്ത മീനിലേക്ക് പരിണാമം സംഭവിച്ചുവെന്നുമാണ് ഒരു വാദം . എന്നാല്‍ ഇതിനെ ഖണ്ഡീക്കുന്ന മറ്റൊരു തിയറിയുമുണ്ട്.




യാദൃശ്ചികമായി മ്യൂട്ടേഷന്‍ മൂലം കണ്ണില്ലാത്ത ചില മീന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. കണ്ണുള്ളവയ്ക്ക് ഇരുട്ടത്ത് എവിടെയെങ്കിലുമൊക്കെ തട്ടി മുറിവുകളുണ്ടാവുകയും അങ്ങനെ മരണം സംഭവിക്കുകയും ചെയ്യം. അതുകൊണ്ട് കണ്ണുള്ളവയെ അപേക്ഷിച്ച് കണ്ണില്ലാത്തവയ്ക്ക് ജീവിച്ചിരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അങ്ങനെ കാലക്രമേണ കണ്ണുള്ളവയുടെ എണ്ണം കുറയുകയും, കണ്ണില്ലാത്തവ പെരുകുകയും ചെയ്തിരിക്കാം. പുതിയ ചില പഠനങ്ങള്‍ അവയ്ക്ക് വെളിച്ചം, നിഴലുകള്‍ തുടങ്ങിയവ തിരിച്ചറിയാന്‍ കഴിയുന്നുണ്ട് എന്നു സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേ സ്പീഷീസില്‍ പെട്ട, സൂര്യപ്രകാശമേല്ക്കുന്ന സ്ഥലങ്ങളില്‍ ജീവിച്ചു വരുന്നവയ്ക്ക് കണ്ണുകാണാം.

ഗുഹയോടനുബന്ധിച്ച് ഒരു മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്. അവിടെ പല തരത്തിലുള്ള ഗുഹാവശിഷ്ടങ്ങളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. പിന്നെ, ഒരു കാര്യം. വലിയൊരു rock salt അവിടിരിപ്പുണ്ട്. കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ "കം വനജ, ടേസ്റ്റ് ഇറ്റ്“ എന്നു പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ ഞാനും ചെന്ന് തൊട്ടു നക്കി. മറ്റേ ആള്‍ വീണ്ടും വീണ്ടും തൊട്ടു നക്കുന്നതു കണ്ടപ്പോളാണ് ഇങ്ങനെ എത്ര പേര്‍ ചെയ്തിട്ടുണ്ടാവുമെന്നോര്‍ത്തത്. അതുകൊണ്ട് ഉപ്പുണ്ടോന്ന് നോക്കുന്നതിനു മുന്പ് ഒന്നാലോചിക്കുന്നതു നന്നായിരിക്കും.

ഗുഹകള്‍ ഉണ്ടാവുന്നതെങ്ങനെ?
വെള്ളം, തിരകള്‍ , ലാവ തുടങ്ങിയവയൊക്കെ ഗുഹകള്‍ ഉണ്ടാവാന്‍ കാരണമാവുന്നുണ്ടെങ്കിലും പ്രധാനമായും വെള്ളവും പാറകളിലുള്ള ലൈംസ്റ്റോണും തമ്മിലുള്ള പ്രവര്ത്തനഫലമായാണ് മിക്ക കേവ്സും (solutional caves) ഉണ്ടാവുന്നത്. മഴവെള്ളം പാറകളുടെ ചെറിയ വിടവുകളിലൂടേ ഒലിച്ചിറങ്ങുകയും പാറയുടെ ഉപരിതലത്തിലുള്ള ചെറുജീവികളുടെയും ചെടികളുടെയും അവശിഷ്ടങ്ങളില്‍ നിന്നും വരുന്ന കാര്ബണ്‍‌ഡൈ ഓക്സൈഡുമായി പ്രവര്ത്തിച്ച് കാര്‍ബോണിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു. അത് ലൈം സ്റ്റോണിലുള്ള കാത്സ്യം കാര്ബണേറ്റുമായി പ്രവര്‍ത്തിച്ച് കാത്സ്യം ബൈ കാര്ബണേറ്റ് ലായനി ഉണ്ടാവുന്നു. ഫലത്തില്‍, ഇത് ക്രമേണ ലൈം സ്റ്റോണിനെ അലിയിപ്പിക്കുകയും കാലാന്തരത്തില്‍ ഗുഹ രൂപം കൊള്ളുകയും ചെയ്യുന്നു. മഴ, കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം എന്നിവയുടെ അളവ്, വെള്ളത്തിന്റെ താപനില, മര്ദ്ദം എന്നിവയുടെ തോത് തുടങ്ങിയവയിലുള്ള ഏറ്റക്കുറച്ചിലുകളനുസരിച്ച് ഒരു ഗുഹ രൂപം കൊള്ളാനെടുക്കുന്ന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. താഴേക്ക് ഒലിച്ചു വരുന്ന ഈ ലായനി ഉറഞ്ഞ് പല പല രൂപങ്ങള്‍ ഉണ്ടാകുന്നു. അല്‍ ഹൂത്തയില്‍ ഗണപതിമാരേയും മഹാലക്ഷ്മിമാരേയും ഒക്കെ കണ്ടു. ശിവലിംഗങ്ങള്‍ എത്രയുണ്ടെന്ന് പറയുക വയ്യ.

സിംഹത്തിന്റെ രൂപം?


ഒമാനിലുള്ളവരെങ്കിലും സമയം കിട്ടുമ്പോള്‍ തീര്ച്ചയായും പോയി കാണേണ്ട സ്ഥലങ്ങളിലൊന്നാണിത്. പോകുന്നതിന് ഒരു ദിവസം മുന്‍‌കൂറായി ടിക്കറ്റ് റിസേര്‍‌വ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്ക്ക് ഒഫീഷ്യല്‍ സൈറ്റില്‍ നോക്കിയാല്‍ മതി.
http://www.alhottacave.com/


References
http://en.wikipedia.org/wiki/Cave
http://www.amazingcaves.com/learn_formed.html
http://seedmagazine.com/news/2007/01/of_cavefish_and_hedgehogs.php

കൂടുതല്‍ വായനയ്ക്ക്
http://news.nationalgeographic.com/news/2008/01/080108-cave-fish.html - Blind Cavefish Can Produce Sighted Offspring

http://www.pbs.org/wgbh/nova/caves/form_flash.html - മഴവെള്ളം, തിരമാലകള്, ലാവ, ബാക്ടീരിയ, തുടങ്ങിയവയൊക്കെ ഗുഹകള് ഉണ്ടാവാന് കാരണമാവുന്നുണ്ട്. ഇവിടെ അതിനെ കുറിച്ചുള്ള ഒരു ചെറിയ അനിമേഷന് കാണാം.

http://www.geocities.com/gvstevens/oman/hoti2000/hoti2trips.htm?20057- വായിച്ചു നോക്കൂ. തീര്‍ച്ചയായും ഇഷ്ടപ്പെടും.

കുറിപ്പ്‌- 9,11,12 ചിത്രങ്ങള്‍, അവിടെ നിന്നും വാങ്ങിയ പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ചിത്രങ്ങള്‍ സ്കാന്‍ ചെയ്തതാണ്.

Tuesday, May 6, 2008

മരണാനന്തരം?

ലിമിറ്റ് മലയാളഭാഷ റ്റെന്ഡ്സ് റ്റു മലയാള ബ്ലോഗ് ഓഫ് എനിതിങ്ങ് ഈസ് ഈക്ക്വല് റ്റു ചവര് എന്നു ചില കണക്കൊക്കെ കണ്ടു ബോദ്ധ്യമായതു കൊണ്ട് (കണക്കല്ലേ എല്ലാ ശാസ്ത്രങ്ങളുടെയും രാജ്ഞി,അപ്പോള് തെറ്റാനിടയില്ല!)വെറുതെ സമയം കളയാതെ പഴയ അച്ചടി മാദ്ധ്യമത്തിലേക്കും റ്റെലിവിഷനിലേക്കും മറ്റും തിരിച്ചു പോയി കുറച്ച് വെവരം സമ്പാദിച്ചോണ്ടിരിക്കുകയാരുന്നു കുറെ ദിവസങ്ങളായിട്ട്.കഴിഞ്ഞ രണ്ടു രണ്ടര കൊല്ലമായി പുസ്തകം, പത്രങ്ങള്‍ മുതലായവ കൈകൊണ്ടു തൊട്ടിട്ടില്ല.പണ്ട് എവിടെങ്കിലും പോയാല്‍ കൂടി അവിടു്ള്ളവരോടു പോലും സംസാരിക്കാതെ കാണുന്ന പത്രമോ മാസികകളോ ഒക്കെ എടുത്തു വായിച്ചോണ്ടിരിക്കുന്നതിന്‍ ഒരുപാട് വഴക്ക് കിട്ടീട്ടുണ്ട്. ടി വിയുടെ കാര്യം പറയുകയാണെങ്കില്‍ പണ്ട് ദൂരദര്‍ശന്‍ മാത്രം കിട്ടിക്കോണ്ടിരിക്കുന്ന കാലത്ത് ചിത്രഹാറും, ചിത്രഗീതവും,പിന്നെ ഉറക്കമിളച്ചിരുന്ന് ഹിന്ദി സിനിമകളുമൊക്കെ എത്ര കണ്ടിട്ടുള്ളതാ. ക്രിക്കറ്റാണെങ്കില്‍ ഒരു ബോളു പോലും മിസ്സാവാതെ ടെസ്റ്റെന്നോ വണ്‌ഡേ എന്നോ വ്യത്യാസമില്ലാതെ. ഒരു ദിവസം ന്യൂസ് കണ്ടില്ലെങ്കില്‍ പല്ലു തേയ്കാതെയും കുളിക്കാതെയും ഇരിക്കുന്ന പോലത്തെ ഫീലിംഗ് ആരുന്നു.ഇപ്പോ റ്റോം & ജെറി, ടെലിടബീസ് ഇവയൊക്കെ മാറി മാറി മൂന്നും നാലും ഷോ വച്ച് ഓടുന്നതുകൊണ്ട് അതുമില്ല. ദോഷം പറയരുതല്ലോ, കഴിഞ്ഞ വര്ഷം ഏതാണ്ടീ സമയത്ത് ഉള്ള സീഡീയെല്ലാം കൊണ്ടുകളയുമെന്ന് പിള്ളാരെ ഭീഷണിപെടുത്തി ആ ഇടിച്ചു നിരത്തല്‍ പരമ്പര കണ്ട് മൂന്നാലു ദിവസം കോള്‍മയിര്‍ കൊണ്ടിരുന്നു.

ഇപ്പോ ഒക്കെ ഒന്നു കാണാമെന്നു കരുതി ടീവി തുറന്നപ്പോള്‍ ഒരായിരം ചാനലുകള്‍. ഏതാ കാണണ്ടെന്ന് ഒരു പിടീമില്ല. IPL ഒക്കെ ഒരോവര്‍ പോലും തികച്ചു കാണാന്‍ വയ്യ. ബോറടി തന്നെ.

***************************************************
“ചപ്പാത്തി പരത്തുന്ന പോലെ പരത്തി പരത്തി എങ്ങോട്ടാ?”
“കുറച്ചൂടെ പരത്തിയെങ്കിലേ ടേസ്റ്റു വരൂ“
“ഏതാ ആട്ട?പില്‍‌സ്ബെറിയാണോ?”
“ഏതാണെന്നറിയില്ല,ഗോതമ്പല്ല,മൈദയാണെന്നു തോന്നുന്നു ”
“എന്നാ പിന്നെ എത്ര പരത്തീട്ടും കാര്യമില്ല.ഈ മൈദേന്നു പറയുന്ന സാധനം വെറും ചവറാ”
“അപ്പോള്‍ പരത്തലു നിര്ത്താ മല്ലേ”
“അതാ നല്ലത്”
****************************************************

ഇന്നലെ രാത്രി ഗാഢമായ പുസ്തക വായന നടത്തിക്കൊണ്ടിരിക്കുകയാരുന്നു. ടീവിയും പ്രവര്ത്തിച്ചോണ്ടിക്കുന്നു. പെട്ടെന്നാണ് മരണാനന്തരം എന്നോ മറ്റോ കേട്ടത്. നോക്കിയപ്പോള്‍ സൂര്യയില്‍ മരണത്തിന്റെ വക്കിലെത്തി വീണ്ടും തിരിച്ചു ജീവിതത്തിലേക്ക് വന്നവരുടെ പൊതുവായ അനുഭവങ്ങളെപറ്റി ഒരാള്‍ വിവരിക്കുന്നു(ഏതോ സൈക്കോളജി പ്രൊഫസര്‍ ആണെന്നു തോന്നുന്നു.ബുക്കില്‍ നിന്നും ടീവീലേക്ക് ഫൊക്കസ് ചെയ്തു വന്നപ്പോഴേക്കും എഴുതി കാണിച്ചത് മാഞ്ഞു പോയി). പറഞ്ഞതിന്റെ ചുരുക്കം മരണം എന്നു പറയുന്നത് നമ്മള്‍ കരുതുന്നതു പോലെ അത്ര ഭയപ്പെടേണ്ടതല്ലെന്നും, മറിച്ച് വളരെ പ്ലെസന്റായ ഒരു ഫീലിംഗ് ആണ് മിക്കവര്ക്കും ഉണ്ടായതെന്നുമാണ്. എല്ലാവരും തന്നെ ശക്തിമത്തായ ഒരു വെളിച്ചം കണ്ടത്തായും പറയുന്നു. ഇത്രയും കേട്ടതോടെ ഞാന്‍ ഹാപ്പിയായി. പകല്‍ മരിക്കാന്‍ ഒരു വിരോധവുമില്ലെങ്കിലും രാത്രി മരിക്കാന്‍ എനിക്കു ഭയങ്കര പേടിയാ. കാരണം ഇടിവെട്ടേറ്റവന്റെ തലയില്‍ പാമ്പു കടിച്ചെന്നു പറഞ്ഞ പോലെ , ഒന്നാമതെ പോകേണ്ട വഴിയറിയില്ല, അതിന്റെ കൂടെ രാത്രിയാണെങ്കില്‍ കണ്ണും കാണത്തില്ല. പിന്നെ എങ്ങോട്ടു പോകും?എതായാലും ഇതു കണ്ടതു വളരെ നന്നായെന്നു തോന്നി. ഇനിയിപ്പോ മരണം രാത്രിയായാലും പകലായാലും പേടിക്കണ്ടല്ലോ? സമാധനത്തോടെ പോയി ഉറങ്ങാന്‍ കിടന്നു.

രാവിലെ എണീറ്റിരുന്നു ഗൂഗിളില്‍ തപ്പാന്‍ തുടങ്ങി. എന്റമ്മോ എത്രായിരം ലിങ്കുകളാ.
ഒരു ലിങ്കില്‍ (ഇനി ഇതിനെ ഖണ്ഡിക്കാന്‍ വേറേതെങ്കിലും ലിങ്കും കൊണ്ട് ആരേലും വന്നാ ഇപ്പോഴേ പറഞ്ഞേക്കാം, അതൊക്കെ പൊട്ട സൈറ്റുകളാ, ഈ ബ്ലോഗു പോലെ;)) ) ഇങ്ങനെ കണ്ടു.

Why do some people believe that NDEs are not real?

Although there are many answers to this multifaceted question, part of the controversy stems from the way science proves observed phenomena. "Science" is defined as the process used to find truth. Best Evidence, Schmicker, Michael, pg 37. "In contrast, 'Scientism' is a philosophy of materialism, masquerading as scientific truth. Paranormal research, has used the process of science to prove the existence of a variety of phenomena, that simply doesn't fit within Scientism's philosophy of
materialism. If evidence conflicts with philosophy, the evidence should not be
dismissed; instead, the philosophy should be revised."



ഇതു വായിച്ചിട്ട് എനിക്ക് ചില യുക്തിവാദ,പാരമ്പര്യവാദ, ആധുനികവാദ , ശാസ്ത്രീയവാദ വാഗ്വാദങ്ങളെ കുറിച്ചോര്ത്ത് ചിരി വന്നു. ഇപ്പറയുന്നവരൊക്കെ തമ്മില്‍ ഒരു തരത്തിലും യോജിപ്പില്ലെങ്കിലും എല്ലാവര്ക്കുംാ പൊതുവായ ഒരു കാര്യമുണ്ട്.അന്ധവിശ്വാസം.

അങ്ങനെ ലിങ്കകളില്‍ നിന്നും ലിങ്കുകളിലേക്ക് (ഇതെല്ലാം വായിച്ചു നോക്കിയോന്നോ? പിന്നെ, വേറെ പണിയില്ല) പൊയ്ക്കൊണ്ടിരുക്കുമ്പോളാണ്‍
ഇടിത്തീ പോലൊരു ലിങ്കു ഓപ്പണായി വന്നത്. അതില്‍ Rev. George Rodonaia എന്നൊരാള്‍ തന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നതായി പറയുന്നു.

The first thing I remember about my NDE is that I discovered myself in a realm
of total darkness. I had no physical pain, I was still somehow aware of my
existence as George, and all about me there was darkness, utter and complete
darkness - the greatest darkness ever, darker than any dark, blacker than any
black. This was what surrounded me and pressed upon me. I was horrified.

അപ്പുറത്ത് വെളിച്ചുമുണ്ട്. പക്ഷേ ഈ ബ്ലാക്ക് ഹോള്‍ ഒന്നു കടന്നു കിട്ടീട്ടു വേണ്ടെ അവിടെത്താന്‍? ഇങ്ങനൊരവസ്ഥയില്‍ പെട്ടാല്‍ പേടിച്ച് എന്റെ വെടി എപ്പോ തീര്ന്നെന്നു ചോദിച്ചാല്‍ മതി.

അതോടെ സേര്ച്ചും മതിയാക്കി എണീറ്റു. ഇന്നലത്തെ സന്തോഷമെല്ലാം ആവിയായ് പോയി. ഇങ്ങനൊരു കാര്യത്തെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടാരിരുന്നെങ്കിലും അന്നൊന്നും സേര്ച്ചാന്‍ കമ്പൂട്ടറ് ഇല്ലാരുന്നു. ഇന്നിനി രാത്രിയില്‍ ഉറക്കം വരുമോ എന്തോ? ആ എന്തേലുമാവട്ടെ. പോയി പുസ്തക വായന തുടരട്ടെ...ഇന്നലെ 1980 ഒക്ടൊബര്‍ ലക്കം ബാലരമയുടെ 53-ആം പേജിലെ പന്ത്രണ്ടാമത്തെ വരിയാ വായിച്ചു നിര്ത്തിയത്.

Monday, April 7, 2008

പുതിയ ലോകത്തിലേക്ക്

അങ്ങനെ ചന്തുവും സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. അക്ഷരങ്ങളുടേയും, വരകളുടേയും, കൂട്ടുകാരുടെയും ഒരു പുതു ലോകം. അഗ്രജന്റെ പാച്ചുവിനെ പോലെ അവനും കാത്തിരിക്കുകയായിരുന്നു ഏപ്രില്‍ 2 ആവാന്‍. രാവിലെ 9 മണിക്കായിരുന്നു ഇന്റെര്‍വ്യൂ(?). രാവിലെ 7.30 ന് എന്തോ തട്ടലും മുട്ടലും കേട്ട് ഉണര്‍ന്നു നോക്കിയപ്പോള്‍ ചേച്ചി സ്കൂളില്‍ പോവാന്‍ റെഡിയായി നില്‍ക്കുന്നു. എനിക്കും പോണമെന്നു പറഞ്ഞ് നിലവിളിച്ച് ബാഗും കൈയ്യിലെടുത്ത് കാറില്‍ കയറിയിരുന്നു.

ചേച്ചിയെ കൊണ്ടു വിട്ടിട്ട് തിരിച്ചു വന്ന് കുളിച്ച് കുട്ടപ്പനായി വീണ്ടും സ്ക്കൂളിലേക്ക്.


ഞാന്‍ റെഡി.

ഈ അച്ഛനും അമ്മയ്ക്കും കൃത്യനിഷ്ഠ തീരെയില്ല. സമയമായി കേട്ടൊ? ഞാന്‍ പോവാ.



ശ്ശെടാ, ഈ ക്ലാസ്സെവിടാ ഗോകര്‍ണ്ണത്താണോ കൊണ്ടു വച്ചേക്കുന്നത്?


ആദ്യ ദിവസത്തെ ഉത്സാഹം ഇപ്പോഴില്ല.


സ്കൂളിലോട്ടാണെങ്കില്‍ ഞാനില്ല.



കാരണം ഇതാണ്.


അമ്മയും കൂടി എന്താണ് സ്ക്കൂളില്‍ വരാത്തതെന്ന അവന്റെ ചോദ്യം ന്യായം.
ഇതൊക്കെയാണെങ്കിലും ക്ലാസിനകത്തു കയറിയാല്‍ ആള്‍ ജെന്റില്‍മെന്‍ എന്ന് ടീച്ചറുടെ സാക്‌ഷ്യം.


ഇവിടെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ വീട് ശൂന്യം.

Tuesday, March 18, 2008

നാളെ വിധിനിര്‍ണ്ണായക ദിനം

ഒന്‍പത് വര്‍ഷം മുന്‍പാണ്. പഠനവും കഴിഞ്ഞ് വിവാഹവും കഴിച്ച് പാസ്പോര്‍ട്ടിനും അപ്ലെ ചെയ്ത് വീട്ടില്‍ ചുമ്മാതെ നില്‍ക്കുന്ന സമയം. പാസ്പോര്‍ട്ടും വിസയുമൊക്കെ കിട്ടി ഒമാനിലേക്ക് വരുന്നതിനു മുന്‍പ് ഡ്രൈവിംഗ് പഠിച്ച് പറ്റുമെങ്കില്‍ ലൈസന്‍സും എടുത്തു വയ്ക്കാന്‍ ഭര്‍ത്താവ് ഉപദേശിച്ചു. ഞാനാണെങ്കില്‍ എന്തെങ്കിലും ഒരു വിദ്യ പഠിക്കാന്‍ കിട്ടാഞ്ഞ് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന സ്മയവും. പിറ്റേന്നു തന്നെ നാട്ടിലെ ഏറ്റവും മിടുക്കനായ ഡ്രൈവിംഗ് മാഷിനെ കണ്ടു സംസാരിച്ച് അടുത്ത ദിവസം മുതല്‍ പഠനം തുടങ്ങാനുള്ള ഏര്‍പ്പാടാക്കി. വെളുപ്പിനെ 6 മണി മുതല്‍ 7 മണി വരെയാണ് സമയം. സുന്ദര സ്വപ്നങ്ങളും കണ്ടു കൊണ്ടുള്ള രാവിലത്തെ ഉറക്കം നഷ്ടപ്പെടുത്തുന്നതില്‍ അല്പം നിരാശയുണ്ടായിരുന്നെങ്കിലും തനിയെ ഡ്രൈവ് ചെയ്തു പോകുന്ന സുഖം ഓര്‍ത്തപ്പോള്‍ ഉത്സാഹത്തോടെ പഠനമാരംഭിച്ചു.

അഭിവന്ദ്യ ഗുരു പഠനത്തിനായി കൊണ്ടു വന്ന റ്റീച്ചിംഗ് എയ്ഡിന് എന്നേക്കാള്‍ പ്രായമുണ്ടായിരുന്നു. ജാംബവാന്റെ കാലത്തെ ഒരു അംബാസിഡര്‍ കാര്‍. അതിന്റെ വളയമൊന്നു തിരിച്ചെടുക്കാനും ക്ലച്ച് , ബ്രേക്ക്, അക്സിലറേറ്റര്‍ എന്നീ കാര്യങ്ങള്‍ ഒന്നു ചവുട്ടിയെടുക്കാനും പെട്ട പാട്. എന്തായാലും ക്രമേണ സ്റ്റീയറിങ് ബാലന്‍സൊക്കെ ആയി. ഏകദേശം ഒരു മാസം കഴിഞ്ഞു. (ഒരു മാസത്തില്‍ പകുതി ദിവസമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ) പതിവ് ക്ലാ‍സ് കഴിഞ്ഞിട്ട് വീടിനടുത്തെത്തിയപ്പോള്‍ എന്നോട് പറഞ്ഞു വണ്ടീന്നിറങ്ങാന്‍. ഞാന്‍ ഇറങ്ങി. മാഷും ഇറങ്ങി. പിന്നെ മാഷ് സ്റ്റീയറിംഗ് സീറ്റിലിരുന്നു. എന്നോട് അപ്പുറത്തെ സീറ്റില്‍ കയറാന്‍ പറഞു. ഞാന്‍ കയറി. എന്നിട്ട് റിവേര്‍സ് ഗിയര്‍ ഇട്ടിട്ട് വളയം ഇടത്തോട്ട് തിരിച്ചു കൊണ്ടു പറഞ്ഞു “ഇങ്ങനെ ചെയ്താല്‍ വണ്ടി ഇടത്തോട്ടു പോകും.” ഇതു പോലെ സ്റ്റീയറിങ് വലത്തോട്ടു തിരിച്ചാല്‍ വണ്ടി വലത്തോട്ടു പോകും. ഇത്രയും പറഞ്ഞിട്ട് വീണ്ടും പറഞ്ഞു. “മോളിറങ്ങിക്കേ” ഞാന്‍ ഇറങ്ങി. “ങാ, ഇനി വീട്ടി പൊയ്ക്കോ. ഇത്രേയുള്ളൂ ഡ്രൈവിംഗ്“.

ഹോ! സമാധാനമായി. ഇത്രേയുണ്ടാരുന്നുള്ളൊ കാര്യം. അടുത്ത ആഴ്ചയില്‍ പോയി ടെസ്റ്റും പാസായി വണ്ടിയുമോടിച്ചു കൊണ്ടു നടക്കുന്നതു സ്വപ്നവും കണ്ടു ഞാന്‍ വീട്ടിലേക്കു നടന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ “വിസ ശരിയായി, പിറ്റേന്നു തന്നെ പുറപ്പെട്ടോളൂ“ എന്നു പറഞ്ഞ് ഫോണ്‍ എത്തി. അങ്ങനെ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുക എന്ന സ്വപ്നത്തിന് തിരശീല വീണു.

ഇവിടെ വന്ന് ഡ്രൈവിംഗ് പഠിക്കണം പഠിക്കണം എന്നു ഇടക്കിടെ വിചാരിച്ചു കൊണ്ടിരുന്നെങ്കിലും രണ്ടു വര്‍ഷം മുന്‍പാണ് പറ്റിയ ഒരു ഗുരുവിനെ ഒരു സുഹൃത്തു മുഖേന കണ്ടു മുട്ടുന്നതും പഠനം ആരംഭിക്കുന്നതും. ഒമാനിയായ ഡ്രൈവര്‍ വന്നു. ഞാന്‍ കയറിയിരുന്നു. എന്തോ ഒന്നു പറഞ്ഞു. വേറൊന്നും പറയാനുള്ള ചാന്‍സില്ലാത്തതു കൊണ്ട് ഓടിക്കാന്‍ തന്നെയാവും എന്നൂഹിച്ചു. പഴയ ഓര്‍മ്മ വച്ച് ക്ലച്ചൊക്കെ ചവുട്ടി ഫസ്റ്റ് ഗിയറിട്ട് അക്സിലറേറ്ററില്‍ സര്‍വശക്തിയുമെടുത്ത് ആഞ്ഞൊരു ചവുട്ട്. വണ്ടി മുയലു ചാടും പോലെ തണ്ടക്കം മുണ്ടക്കം തുള്ളി തുള്ളി ഒറ്റപ്പോക്ക്‌. പുതിയ ടീചിംഗ് എയ്ഡ് കുറച്ചു കൂടി സോഫ്റ്റായി കൈകാര്യം ചെയ്യാനുള്ളതാണെന്നു മനസ്സിലായി. പിന്നെ, അക്സിലേറ്ററില്‍ ചവുട്ടാന്‍ തന്നെ പേടിയായി. ഒമാനി ഗുരു പെട്രോള്‍, പെട്രോള്‍ എന്നു ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. പെട്രോള്‍ തീര്‍ന്നെങ്കില്‍ പമ്പില്‍ പോകേണ്ടതിനു പകരം ഇയാള്‍ ഇവിടിരുന്നു അലറി വിളിക്കുന്നതെന്തിനാണെന്ന് അറബിയില്‍ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് മലയാളത്തില്‍ തര്‍ജ്ജിമ ചെയ്ത് മനസ്സില്‍ മാത്രം വിചാരിച്ച് ഞാന്‍ സമാധാനമടഞ്ഞു. കുറെ കഴിഞ്ഞാണ് ബെറ്റ്രൂള്‍ (പെട്രോള്‍ എന്നാണ് എനിക്ക് തിരിഞ്ഞത്) എന്നു വച്ചാല്‍ ആക്സിലേറ്ററാണെന്നു പിടികിട്ടിയത്.

ഞങ്ങളു തമ്മില്‍ ഭാഷാപരമായ പൊരുത്തം തീരെയില്ലാരുന്നു. റൈറ്റിലേക്കു പോകണമെങ്കില്‍ മാഷ് ലെഫ്റ്റ് എന്നു പറയും. വണ്ടി ലെഫ്റ്റിലേക്കു പോകും. മാഷ് പല്ലുകടിച്ച് വീണ്ടും അലറും. ലെഫ്ഫ്ഫ്………റ്റ്. ദാ വണ്ടി പിന്നേം ലെഫ്റ്റിലേക്കു തന്നെ. ക്ഷമ കെട്ട് അംഗ്രേസി മാഫി മാലും എന്നു ചോദിക്കും. മനുഷ്യന് കൈ തന്നിരിക്കുന്നത് ഡ്രൈവ് ചെയ്യാനും ഭക്ഷണം കഴിക്കാനും മാത്രമല്ല, ഇത്തരം അവശ്യ ഘട്ടങ്ങളില്‍ ആശയവിനിയയം നടത്താനും കൂടിയാണെന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നറിയാതെ ഞാനും വിഷമിച്ചു.

ആദ്യ ഒരാഴ്ച കൃത്യമായി എത്തിക്കൊണ്ടിരുന്ന മാഷ് പിന്നെ ആഴ്ചയില്‍ ഒരു ദിവസമൊക്കെയാക്കി വരവ്. ഒരു മാസം കഴിഞ്ഞ് ഞങ്ങള്‍ നാട്ടില്‍ പോവുകയും ചെയ്തു. തിരിച്ച് വന്ന് ഒരു ആറു മാസം കഴിഞ്ഞാണ് പഠനം പുനരാരംഭിച്ചത്. അയാളുടെ അമറലും ദേഷ്യപ്പെടലുമൊക്കെ മുറപോലെ നടന്നു. ഇതിനിടയിക്ക് ദേഷ്യപ്പെടലൊക്കെ കഴിഞ്ഞ് ഒരു പ്രത്യേക വാക്ക് അയാള്‍ ധാരാളമായി ഉപയോഗിക്കുന്നതായി ഞാന്‍ എന്റെ ബുദ്ധിയുപയോഗിച്ച് മനസ്സിലാക്കി. ദേഷ്യം വന്നപ്പോള്‍ എന്തൊക്കെയോ പറഞ്ഞു പോയെങ്കിലും പിന്നെ വിഷമം തോന്നി സോറി പറയുന്നതായിരിക്കും എന്നു കരുതി. അപ്പോഴൊക്കെ ഞാന്‍ മാഷെ നോക്കി ഒന്നു ചിരിക്കും. എങ്കിലും ആ വാക്കിന്റ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നറിയാനുള്ള ഒരു കൌതുകം എന്നില്‍ ഉണ്ടായി. ഒരു ദിവസം വളരെ പാടുപെട്ട് ആ വാക്ക് കാണാതെ പഠിച്ചു കൊണ്ടു വന്ന് വീട്ടില്‍ ചോദിച്ചു. ഉത്തരവും കിട്ടി.

“മന്ദബുദ്ധി.”

“ എന്താ നീയിപ്പോള്‍ ഇതു ചോദിക്കാന്‍ കാരണം?” എന്ന ഭര്‍ത്താവിന്റെ മറുചോദ്യത്തിന് മറുപടി പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു.

ക്രമേണ അയാള്‍ വരാതെയായി. സി. എ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് വിളിപ്പിച്ചിട്ടും പിന്നെ അയാള്‍ വന്നില്ല. ഒരു മന്ദബുദ്ധിയെ പഠിപ്പിക്കുന്നതിലും ഭേദം ജയില്‍ വാസമാണെന്ന് അയാള്‍ കരുതിയിട്ടുണ്ടാവും. ആ വകയില്‍ 130 റിയാല്‍ പോയിക്കിട്ടി.

അയല്‍‌വാസിയായ ഒരു ഒമാനി സ്ത്രീയാണ് രണ്ടാഴ്ച മുന്‍പ്‌ മൂന്നാമതൊരു ഗുരുവിനെ ഏര്‍പ്പാടാക്കി തന്നത്. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ കൊള്ളും എന്ന ആപ്തവാക്യം ഞാന്‍ അനുസ്മരിച്ചു. (പുരുഷ ഡ്രൈവര്‍ എന്നു കേട്ടപ്പോള്‍ ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഒരു പക്ഷേ അറബികളെ കുറിച്ച് കേട്ടിട്ടുള്ള അറിവുകള്‍ വച്ചാവാം വീട്ടുകാര്‍ക്ക് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. ഒരു കാര്യം പറയട്ടെ. ഞാന്‍ ഇവിടെ വന്നിട്ട് 9 വര്‍ഷത്തോളമാവുന്നു. പുറത്തിറങ്ങിയാല്‍ തുറിച്ചു നോട്ടമോ മറ്റ് പെരുമാറ്റങ്ങളൊ ഒന്നും എനിക്ക് ഇതുവരെയും നേരിടേണ്ടി വന്നിട്ടില്ല. എനിക്കറിയാവുന്ന മറ്റു സുഹൃത്തുക്കള്‍ക്കും അങ്ങനെ തന്നെ. )

ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ബീവിയെ ഒരു മാസം അറബി പഠിപ്പിക്കൂ. അതു കഴിഞ്ഞാവാം പഠനം എന്നുപുതിയ മാഷ് പറഞ്ഞു. ആദ്യം തന്നെ അറിയാവുന്ന ഇംഗ്ലീഷ് വച്ച് ക്ലച്ച്, ബ്രേക്ക്, അക്സിലറേറ്റര്‍ എന്നിവ ഏതൊക്കെയെന്നും എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും പറഞ്ഞു മനസ്സിലാക്കി തന്നു. താന്‍ വിചാരിക്കുന്നതു പോലെ വിശദീകരിച്ചു തരാന്‍ ഭാഷ തടസ്സമാവുന്നതു കൊണ്ടാണ് അറബി പഠിപ്പിക്കാന്‍ പറഞ്ഞത്. ആത്മാര്‍ഥതയുള്ള ഒരു ഗുരുവിനെ കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു. എന്തായാലും ഒമാനി സ്ത്രീ ഇടപെട്ട് പഠനം തുടരാന്‍ പറഞ്ഞു. സിഗ്നേച്ചറുകളൊക്കെ (സിഗ്നല്‍ എന്നും പറയാം) പറയാതെ തന്നെ ഇടുന്നതു കണ്ട് പുതിയ ഗുരു ഹിരാകുഡ് ഹിരാകുഡ് (വെരി ഗുഡ്) എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ മന്ദബുദ്ധി അനുഭവം വച്ച് ആദ്യമൊക്കെ ഇതു കേട്ടിട്ടും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ ഇരുന്നു. അങ്ങനെ സ്റ്റീയറിംഗ് ബാലന്‍സും, ഡ്രമ്മും ഒക്കെ വളരെ ഭംഗിയായി പൂര്‍ത്തിയാക്കി.

മൂന്നു ദിവസം മുന്‍പാണ് സ്ലോപ്പ് എടുക്കാന്‍ തുടങ്ങിയത്. ആദ്യം രണ്ടുമൂന്നു തവണ ചുമ്മാ കയറിയിറങ്ങാന്‍ പറഞ്ഞു. ഹാ! എന്തെളുപ്പം. എന്തു രസം . സുഖവും ദുഃഖവും ഡ്രൈവിംഗ് പഠനത്തിന്റെ രണ്ടു വശങ്ങളാണെന്നോര്‍ക്കാതെ അമിതമായി ആഹ്ലാദിച്ചദിന്റെ ഫലം എനിക്കു കിട്ടി. കയറ്റത്തു കൊണ്ടുപോയി വണ്ടി നിര്‍ത്തിയിട്ട് വീണ്ടും എടുക്കണമെന്നുള്ള കാര്യം സത്യമായിട്ടും എനിക്ക് അറിയില്ലാരുന്നു. എന്നെക്കൊണ്ട് എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. മാഷ് പല തവണ ഓടിച്ചു കാണിച്ചു തന്നു. നൊ രക്ഷ. അപ്പോള്‍ അവിടെയുണ്ടാരുന്ന വേറൊരു മാഷ് ഇംഗ്ലീഷ് മാലൂം എന്നു ചോദിച്ചു. ഞാന്‍ മാലൂം എന്നു പറഞ്ഞു. എന്നാ പിന്നെ ഞാന്‍ ഇപ്പോ ശരിയാക്കിത്തരാം എന്നു പറഞ്ഞ് അടുത്തു വന്ന് (ആ വരവു കണ്ടപ്പോള്‍ എനിക്കങനാ തോന്നിയത്) ചറപറാ കുറെ അറബി. ഞാന്‍ വായും പൊളിച്ച് ഇരുന്നു പോയി. പിന്നെ വേറൊരു ഹിന്ദി (ഇന്‍ഡ്യാക്കാരെ പൊതുവെ ഹിന്ദി എന്നാണ് അവര്‍ വിളിക്കുന്നത്) സ്റ്റുഡെന്റിനെ വിട്ടു പറയിപ്പിച്ചു. പാവം മാഷ്. എനിക്ക് അറബി പിന്നേം മനസ്സിലാകുമെന്ന് അറിയില്ലല്ലോ.

ഒന്നുകില്‍ കളരിക്കു പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്ന പോലെയാണ് കാര്യങ്ങള്‍. ഒന്നുകില്‍ അക്സിലറേറ്റര്‍ തീരെ കൊടുക്കില്ല .വണ്ടി നിന്നു പോകും. അല്ലെങ്കില്‍ ഒറ്റച്ചവിട്ട്. കിര്‍ കിര്‍ന്ന് ഇരപ്പിച്ചോണ്ടു പോകും. അതുമല്ലെങ്കില്‍ ഹാന്‍ഡ്ബ്രേക്ക് താഴ്ത്താതെ കൈയില്‍ പിടിച്ചോണ്ടിരിക്കും. കഴിഞ്ഞ മൂന്നു ദിവസമായി ഈ വിക്രിയകള്‍ തുടരുന്നു. യാതൊരു പുരോഗതിയുമില്ലെന്നു മാത്രമല്ല, കീഴോട്ടാണ് ഗ്രാഫ്. ഇത്രയുമായിട്ടും ദേഷ്യം എന്നു പറയുന്ന ഒരു സാധനം മാഷ്ക്കു വന്നിട്ടില്ല. സ്വന്തം തലയില്‍ ചൂണ്ടിക്കോണ്ട് കമ്പുട്ടര്‍ മാഫി (തന്റെ വീട്ടില്‍ കമ്പൂട്ടറില്ല ) എന്നു മാത്രമാണ് പറഞ്ഞത്. (ആലങ്കാരികമായി മന്ദബുദ്ധി എന്നു തന്നെയാണ് വിളിച്ചത് എന്നു തോന്നുന്നുവെങ്കില്‍ അത് വായനക്കാരുടെ മനസ്സ് നന്നാവാത്തതിന്റെ കുഴപ്പമാണ്. )

കയറ്റത്തു കൊണ്ടു പോയി ക്ലച്ച്, ബ്രേക്ക് എന്നിവ ചവുട്ടി വണ്ടി നിര്‍ത്തുക. അതിനുശേഷം ഹാന്‍ഡ്ബ്രേക്കിടുക. ഇടത്തെ കൈ സ്റ്റീയറിംഗില്‍ പിടിക്കുക, ഇടതുകാല്‍ ക്ലച്ചില്‍ ചവിട്ടുക. വലതുകാല്‍ കൊണ്ട് അക്സിലറേറ്റര്‍ കൊടുക്കുക. ക്ലച്ച് ചെറുതായി റിലീസ് ചെയ്യുക, വണ്ടി ചെറുതായി മൂവ് ചെയ്തു തുടങ്ങുമ്പോള്‍ വലതു കൈ കൊണ്ട് ഹാന്‍ഡ്ബ്രേക്ക് താഴ്ത്തുക. ക്ലച്ച്, അക്സിലറേറ്റര്‍ ഇവ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക. ഇത്രയും കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയാം. പക്ഷേ ഇവ കൃത്യമായി വേര്‍തിരിച്ച് അതാതു സമയത്ത് ചെയ്യാനുള്ള എന്റെ തലച്ചോറിന്റെ കഴിവില്ലായ്മയാണോ പ്രശ്നം ?

നാളെ രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ടു ചെല്ലണമെന്നു വാണിംഗ് തന്നു വിട്ടിരിക്കുകയാണ്. ഇത് ലോകത്തിലെ തന്നെ ഏതൊരു ഡ്രൈവിംഗ് സ്കൂളിന്റെയും ചരിത്രത്തിലെ ആദ്യ സംഭവമാകും. അതില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെകിലും നാളെ എന്തെങ്കിലുമൊന്നു സംഭവിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖവുമുണ്ട്. കാരണം നാളെ അവര്‍ എന്തെങ്കിലുമൊന്നു തീരുമാനിക്കും. അല്ലെങ്കില്‍ മാഷിനെ രക്ഷിക്കാന്‍ എനിക്കു തീരുമാനിക്കേണ്ടി വരും.

ഇത്രയും ആത്മാര്‍ഥമായി ഒരറിവും നേടാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നിട്ടും…

Monday, January 28, 2008

അമ്മമാരും അവരുടെ വേവലാതികളും

അമ്മമാര്‍ക്ക് മക്കളെ കുറിച്ചോര്‍ത്തുള്ള ആകുലതകള്‍ പല വിധത്തിലാണ്. അവരുടെ ജീവന്‍ ഉള്ളില്‍ തുടിക്കുന്നതു മുതല്‍ എത്ര വലുതായാലും കാണും ഓരോരോ വേവലാതികള്‍.


രണ്ടു കുട്ടികളുണ്ടായപ്പോളും ഓരോ തവണയും പരിശോധനക്ക് പോവുന്നത് നെഞ്ചിടിപ്പോടെയായിരുന്നു. ഡോക്ടര്‍ കുഴപ്പമൊന്നുമില്ല എന്നു പറയുന്നതു വരെ ഒരു സമാധാനമില്ല. മോളുണ്ടായപ്പോള്‍ ഭര്‍ത്താവിന് ചില ജോലി തിരക്കുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റിയിരുന്നില്ല. മോള്‍ക്കാണെങ്കില്‍ മിക്ക ദിവസങ്ങളിലും ഓരോരോ പ്രശ്നങ്ങള്‍. പാലു കുടിച്ചില്ലെങ്കില്‍ പ്രശ്നം, ചെറിയ ചൂടു തോന്നിയാല്‍ പ്രശ്നം,. അപ്പിയിട്ടില്ലെങ്കില്‍ പ്രശ്നം, അപ്പിയിട്ടാല്‍ അതിന്റെ കളറു മാറിയാല്‍ പ്രശ്നം, എന്നു വേണ്ട, ഒരു ദിവസം കുറച്ച് കൂടുതല്‍ കരഞ്ഞാല്‍ വരെ പ്രശ്നങ്ങളാണ്. ഒരാഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും. മൂന്നു പ്രാവശ്യം വരെ കൊണ്ടു പോയ ദിവസങ്ങളുണ്ട്. അതും മുപ്പതു കിലോമീറ്ററോളം ദൂരമുണ്ടെന്നോര്‍ക്കണം ആശുപതിയിലേക്ക്. കൊണ്ടുപോയി കൊണ്ടുപോയി അച്ഛണ്ടേയും നോക്കി നോക്കി ഡോക്ടര്‍മാരുടേയും അടപ്പിളകി. എന്തായാലും ഒരു ദിവസം അവര്‍ അവിടെ അഡ്മിറ്റാക്കി. നാലുമാസം പ്രായമായ കുഞ്ഞിന്റെ കൈയ്യില്‍ കുത്തി ചോരയുമെടുത്തു, പരിശോധിക്കാന്‍. അഞ്ചാമത്തെ ദിവസം റൌണ്‍സിനു വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇന്ന് ഡിസ്ചാര്‍ജാവാമെന്ന്. അതുവരെ ഒരു മരുന്നും കൊടുക്കാതിരുന്ന ഡോക്ടര്‍ ചികിത്സയും പറഞ്ഞു തന്നു. ഭര്‍ത്താവിനോട് എത്രയും പെട്ടെന്ന് വരാന്‍ പറയൂ. കുഞ്ഞിന്‍ ഒരു കുഴപ്പവുമില്ല, അമ്മയ്കാണ് പ്രശ്നം!

എന്തായാലും കുഞ്ഞിന്റെ അച്ഛന്‍ വന്നു കഴിഞ്ഞ് പ്രത്യേകിച്ച് കുഴപ്പങ്ങളോന്നുമില്ലാതിരുന്നപ്പോള്‍ ഞാനും കരുതി ചികിത്സ ഫലിച്ചതായിരിക്കുമെന്ന്. എന്തെകിലും വന്നു പോയാല്‍ ഒറ്റയ്ക്കല്ലേ എന്ന ചിന്തയായിരിക്കാം പ്രശ്നക്കാരന്‍ എന്നു വിചാരിച്ചു.പക്ഷേ രണ്ടാമത് മോനുണ്ടായപ്പോളും ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ രോഗം അതല്ലായിരുന്നുവെന്നു മനസ്സിലായി. നേരത്തെ ചില ആധികള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ പിന്നീട് യാതൊരു കൂസലുമില്ലാതെ ഒരാള്‍ അടുത്തിരിക്കുന്നതു കാണുമ്പോള്‍ ദേഷ്യവും കൂടി വരാന്‍ തുടങ്ങി.

കുറച്ചു നാള്‍ മുന്‍പ് ഒരു സ്കൂള്‍ ബസ്സ് അപകടത്തില്‍ പെട്ടുവെന്നറിഞ്ഞ് കുറെനേരം ഒന്നും മിണ്ടാനാവാതെ ഇരുന്നു പോയി. ഉരുണ്ടുകൂടിയ കണ്ണുനീരിനുള്ളിലൂടെ ചെറുതും വലുതുമായ ഒരുപാടു കുട്ടികളുടെ മുഖങ്ങള്‍ കണ്ടു. എല്ലാ കുട്ടികള്‍ക്കും മോളുടെ മുഖം..

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ ഞാന്‍ കണ്ട ചില അമ്മമാരും അവരുടെ ചില മാനസികവ്യാപാരങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു.

അമ്മ നം. 1. രണ്ടാമത്തെ കുട്ടിക്ക് ആറുമാസം പ്രായം. കാലിലും മുഖത്തും തൊലി വരണ്ടിട്ട് (ഇവിടെ ഇപ്പോള്‍ നല്ല തണുപ്പാണേ ) ചുമക്കുകയും ചെറുതായി അവിടവിടെ പൊട്ടുകയും ചെയ്യുന്നു. ഓയിലോ ക്രീമുകളോ കൊണ്ടുള്ള ചില അഭ്യാസങ്ങള്‍ മാറി മാറി അവനില്‍ പരീക്ഷിക്കുന്നുണ്ട്. അവന്‍ വലുതായാല്‍ പെണ്ണുകിട്ടുമോ എന്നുള്ള വിഷമത്തിലാണ്.

അമ്മ നം 2. രണ്ടാമത്തെ കുട്ടിക്ക് ഒന്നര മാസം. ജോലിക്ക് പോകേണ്ടതുകൊണ്ട് കുഞ്ഞിനെ നാട്ടില്‍ ഏല്‍പ്പിച്ച് തിരികെ വന്നിരിക്കുന്നു.

അമ്മ നം. 3. മൂന്നു മാസം ഗര്‍ഭിണി. മാസം അന്‍പതിയിരം രൂപയോളം മാസവരുമാനമുള്ള ജോലിയുണ്ട്. ആള്‍ സാമാന്യം നല്ലൊരു പിശുക്കിയും. എന്നിട്ടും കുട്ടിയുണ്ടായാല്‍ അതിനെ നന്നായി നോക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ചിന്തയാല്‍ ജോലി രാജി വയ്കാന്‍ ആലോചിക്കുന്നു.

അമ്മ നം. 4. ആദ്യത്തെ കുട്ടിക്ക് ഒന്നര വയസ്സയപ്പോള്‍ വീണ്ടും ഗര്‍ഭിണിയായി. രണ്ടു കുട്ടികളേയും ഒന്നിച്ചു നോക്കാനുള്ള പ്രയാസമോര്‍ത്ത് അത് വേണ്ട എന്നു വച്ചു.

അമ്മ നം. 5. മൂന്നര വസസ്സുള്ള ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ വീണ്ടും പ്രെഗ്‌നന്റാണെന്ന് അറിഞ്ഞത് ചിക്കന്‍പോക്സുമായി കഴിയുമ്പോള്‍. കൂടെ ഫൈബ്രോയിഡും U.T.I യും. അതിന്റെ കൂടെ കഴിഞ്ഞ ദിവസം ബ്ലീഡിങ്ങും ആയി ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇത്രയും റിസ്ക് എടുക്കണോ എന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്നില്ല. “ഡോക്ടര്‍ വേണ്ടാ എന്നു പറയാതെ ഞാന്‍ ഒന്നും ചെയ്യില്ല. ഇനി എന്തെകിലും കുഴപ്പമുണ്ടെങ്കിലും ഞാന്‍ അങ്ങു വളര്‍ത്തും. “ എന്ന ശക്തമായ തീരുമാനത്തിലാണ്.

ഇതൊക്കെ ചെറിയ കുട്ടികളുള്ള അമ്മമാരുടെ വികാരങ്ങള്‍.
ഇനി മക്കള്‍ വലുതായാലോ?


കഴിഞ്ഞ ദിവസം ഒരമ്മയുടെ കഥ കേട്ടു. മകന്‍ കല്യാണം കഴിച്ചു കഴിഞ്ഞ് ഭാര്യയുമായി പുറത്തിറങ്ങിയാല്‍ അപ്പോ തലകറക്കം വരും. അഭിനയമൊന്നുമല്ല, മോന്‍ കൈവിട്ടു പോകുമോ എന്ന് ആധി കൊണ്ട് പ്രഷറു കൂടി ശരിക്കും തലകറക്കം വരുന്നതാണ്. അവര്‍ക്ക് ഒരു മകളുമുണ്ട്. പക്ഷേ മകള്‍ ഭര്‍ത്താവുമൊന്നിച്ച് പോയാല്‍ ഒരു കുഴപ്പവുമൊട്ടില്ല താനും.

“My son is my son till he hath got him a wife; my daughter is my daughter all days of her life.”

എന്നു പറയുന്നതില്‍ ചില കാര്യമില്ലാതില്ല. പക്ഷേ ഇവിടെ മകന്‍ അങ്ങനെയായാല്‍ കുറ്റക്കാര്‍ മകനോ മരുമകളോ അല്ല, മറിച്ച് അമ്മമാര്‍ തന്നെയാണ്. ഒരമ്മയ്ക്ക് മകളോടുള്ളത് ഉപാധികളില്ലാത്ത സ്നേഹമാണ്. അതുകൊണ്ട് മകള്‍ ഭര്‍ത്താവുമൊത്ത് സുഖമായി കഴിയണമെന്നാഗ്രഹിക്കുന്നു. മകനോടുള്ള സ്നേഹത്തില്‍ സ്വന്തം സ്വാര്‍ഥതയ്ക്കാണ് പലപ്പോഴും മുന്‍‌തൂക്കം. മകന്‍ തന്നേക്കാള്‍ കൂടുതല്‍ ഭാര്യയെ സ്നേഹിച്ചുകളയുമോ എന്ന ചിന്ത അസൂയയിലേക്കും കുശുമ്പിലേക്കുമൊക്കെ വഴി മാറുന്നു. അതു മറ്റു പല പ്രശ്നങ്ങളിലേക്കും.

മകളെ സ്നേഹിക്കുന്നതു പോലെ എന്റെ മകനേയും സ്നേഹിക്കാന്‍ കഴിയണേ എന്നു മാത്രമാണ് പ്രാര്‍ഥന.

എല്ലാ കുഞ്ഞുങ്ങളും ഓടി വരൂ. ഇതാ പായസം. ആരും വഴക്കുണ്ടാക്കാതെ എടുത്തു കുടിക്കണം.

Monday, January 7, 2008

ഒരല്‍പ്പം ബ്ലോഗുകാര്യം

ബൂലോക താരോദയം 2007 , സൂപ്പര്‍ ബ്ലോഗര്‍ 2007 എന്നീ പോസ്റ്റുകളില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ? ഇവിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ എല്ലാവരും ശരിയായ ഒരു അവാര്‍ഡ് ജേതാവിനെ കണ്ടെത്താനാവാതെ നട്ടം തിരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനൊരന്തവും കുന്തവുമില്ലേ കൂട്ടുകാരെ?ഈ അവസരത്തില്‍ എനിക്കു പറയാനുള്ള ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..

ബ്ലോഗിംഗ് എന്നാല്‍ എന്ത്? അതിന്റെ ഉദ്ദേശവും ലക്ഷ്യവും എന്ത് മുതലായ കാര്യങ്ങളില്‍ വ്യക്തമായ ഒരു ധാരണ, (ഒരു പക്ഷേ താരതമ്യേന പുതിയ ഒരു മാധ്യമമായതിനാലാവും) മിക്കവര്‍ക്കും ഇല്ല, അല്ലെങ്കില്‍ പലരും ധരിച്ചു വച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ ബ്ലോഗിങ്ങ് എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടു കണ്ടു. അതില്‍ ചില കാര്യമില്ലാതില്ലേ എന്ന ചിന്താകുഴപ്പം എന്നേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. മനസമാധാനത്തോടെ ഉറങ്ങികൊണ്ടിരുന്ന എനിക്ക് ഉറക്കം നഷ്ടപ്പെട്ട കരാള രാത്രികളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനൊരുത്തരം കണ്ടെത്തേണ്ടത് വ്യക്തിപരമായ ഒരാവശ്യം കൂടിയായി തീര്‍ന്നിരിക്കുന്നു.

ഗൂഗിളിലും മറ്റും തപ്പി ചില ലിങ്കുകളിലൊക്കെ ചെന്നു നോക്കിയെങ്കിലും ഒന്നും തൃപ്തികരമായി തോന്നിയില്ല. ഈ വിഷയത്തെ പറ്റി നേരത്തെ ഒരു പോസ്റ്റോ ചര്‍ച്ചയോ നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ദയവായി ആ ലിങ്ക് ഒന്നെടുത്തു തരൂ. ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ താല്പര്യവും അറിവുമുള്ളവര്‍ സമഗ്രമായ, അവാര്‍ഡു പടം പോലല്ലാതെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു പോസ്റ്റിടൂ. അങ്ങനെ ബ്ലോഗിംഗ് എന്ന കരകാണാ കടലലയില്‍ മുങ്ങിത്തപ്പി അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുന്ന എന്നെ പോലുള്ള അനേകായിരങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ടു കടന്നു വരൂ. (ബ്ലോഗവാര്‍ഡ് കിട്ടിയില്ലെങ്കിലും ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഈ എനിക്കു തന്നെ.) അവാര്‍ഡു സിനിമ മാത്രം എടുക്കുന്ന സംവിധായകരെ പോലെ ഇനി അവാര്‍ഡിനായി മാത്രം ബ്ലോഗുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പ്രയോജനപ്പെടുമല്ലോ? നമുക്കോ പറ്റിയതു പറ്റി. ഇനി വരുന്നവര്‍ക്കെങ്കിലും ഈ അബദ്ധം പറ്റാതിരിക്കാന്‍ ഒന്നുമല്ലെങ്കിലും ബ്ലോഗിന്റെ സൈഡ് ബാറില്‍ തൂക്കിയിടുകയെങ്കിലും ചെയ്യാമല്ലോ?

ഇത്തരുണത്തില്‍ ബ്ലോഗവാര്‍ഡിനെ കുറിച്ചും രണ്ടു വാക്കു പറയാതെ പോകുന്നതു ശരിയല്ലല്ലൊ?
ബ്ലോഗവാര്‍ഡ് വേണോ വേണ്ടയോ എന്നുള്ളത് ആദ്യം തീരുമാനിക്കണം.

വേണ്ടെങ്കില്‍ പ്രശ്നമില്ല.

വേണമെങ്കില്‍, എങ്ങനെയൊക്കെയുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തണം?

നല്ല ബ്ലോഗ്, ബ്ലോഗുമൂല്യമുള്ള ജനപ്രിയ ബ്ലോഗ്,കാറ്റഗറി വേണമെങ്കില്‍ ഏതൊക്കെ?
നല്ലബ്ലോഗര്‍, ജനപ്രിയ ബ്ലോഗര്‍, നല്ല പോസ്റ്റ്, നല്ല കമന്റ്(ഇമ്മിണി വിയര്‍ക്കും കണ്ടു പിടിക്കാന്‍) തുടങ്ങിയവയൊക്കെ പരിഗണിക്കാവുന്നതാണ്.

ഓരോന്നിനും വേണ്ട ക്രൈറ്റീരിയ, വോട്ടറന്മാര്‍ക്കുള്ള ഗൈഡ് ലൈന്‍സ് തുടങ്ങിയവയെ കുറിച്ചും വ്യക്തമാക്കണം .


അപ്പോ അതും തീര്‍ന്നു.


എന്തായാലും നനഞ്ഞു. എന്നാ പിന്നെ ഒരു കാര്യം കൂടി പറഞ്ഞേക്കാം.

മനുഷ്യന്മാരായ മനുഷ്യന്മാര്‍ക്കൊക്കെ അല്ലെങ്കില്‍ തന്നെ ആവശ്യത്തിനുള്ള ടെന്‍ഷന് ഉണ്ട്. പിന്നീ ബ്ലോഗിലും കൂടി വന്ന് എന്തിനു മനസമാധാനം കളയുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഒരു വിഷയത്തില്‍ ആശയപരമായ വൈരുധ്യം സ്വാഭാവികം. തന്റെ വാദം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം.. ബ്ലോഗില്‍ വ്യക്തിക്ക് പ്രാധാന്യമില്ലെന്നു പറയുമ്പോള്‍ തന്നെ ഇത്തരം ആശയസംഘട്ടനങ്ങള്‍ പലപ്പോഴും വ്യക്തിവിദ്വേഷത്തിലേക്കും ചെളിവാരിയെറിയലിലേക്കും പോകുന്നതെന്തു കൊണ്ട്? ഒരു അഭിപ്രായവ്യത്യാസം വരുമ്പോള്‍ ഞാനോ നീയോ കേമന്‍ എന്നുള്ള ഈഗോ ഒഴിവാക്കാന്‍ എല്ലാവരും മനസ്സു വയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ഈയവസരത്തില്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു. :)>- ഇടക്കിടയ്ക്ക് ചിലതൊക്കെ കാണുന്നതു കൊണ്ട് പറഞ്ഞു പോയതാണ്.

ബ്ലോഗിനെ കുറിച്ചോ ബ്ലോഗര്‍മാരെ കുറിച്ചോ ഒരിക്കലും പോസ്റ്റിടില്ലെന്നു കരുതിയിരുന്ന ഞാന്‍ വരെ ദാ അവസാനം………ഇനീപ്പോ ഇതാണോ ഈ ബ്ലോഗിംഗ് ബ്ലോഗിംഗ് എന്നു പറയുന്ന സംബവം?