Monday, January 28, 2008

അമ്മമാരും അവരുടെ വേവലാതികളും

അമ്മമാര്‍ക്ക് മക്കളെ കുറിച്ചോര്‍ത്തുള്ള ആകുലതകള്‍ പല വിധത്തിലാണ്. അവരുടെ ജീവന്‍ ഉള്ളില്‍ തുടിക്കുന്നതു മുതല്‍ എത്ര വലുതായാലും കാണും ഓരോരോ വേവലാതികള്‍.


രണ്ടു കുട്ടികളുണ്ടായപ്പോളും ഓരോ തവണയും പരിശോധനക്ക് പോവുന്നത് നെഞ്ചിടിപ്പോടെയായിരുന്നു. ഡോക്ടര്‍ കുഴപ്പമൊന്നുമില്ല എന്നു പറയുന്നതു വരെ ഒരു സമാധാനമില്ല. മോളുണ്ടായപ്പോള്‍ ഭര്‍ത്താവിന് ചില ജോലി തിരക്കുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റിയിരുന്നില്ല. മോള്‍ക്കാണെങ്കില്‍ മിക്ക ദിവസങ്ങളിലും ഓരോരോ പ്രശ്നങ്ങള്‍. പാലു കുടിച്ചില്ലെങ്കില്‍ പ്രശ്നം, ചെറിയ ചൂടു തോന്നിയാല്‍ പ്രശ്നം,. അപ്പിയിട്ടില്ലെങ്കില്‍ പ്രശ്നം, അപ്പിയിട്ടാല്‍ അതിന്റെ കളറു മാറിയാല്‍ പ്രശ്നം, എന്നു വേണ്ട, ഒരു ദിവസം കുറച്ച് കൂടുതല്‍ കരഞ്ഞാല്‍ വരെ പ്രശ്നങ്ങളാണ്. ഒരാഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും. മൂന്നു പ്രാവശ്യം വരെ കൊണ്ടു പോയ ദിവസങ്ങളുണ്ട്. അതും മുപ്പതു കിലോമീറ്ററോളം ദൂരമുണ്ടെന്നോര്‍ക്കണം ആശുപതിയിലേക്ക്. കൊണ്ടുപോയി കൊണ്ടുപോയി അച്ഛണ്ടേയും നോക്കി നോക്കി ഡോക്ടര്‍മാരുടേയും അടപ്പിളകി. എന്തായാലും ഒരു ദിവസം അവര്‍ അവിടെ അഡ്മിറ്റാക്കി. നാലുമാസം പ്രായമായ കുഞ്ഞിന്റെ കൈയ്യില്‍ കുത്തി ചോരയുമെടുത്തു, പരിശോധിക്കാന്‍. അഞ്ചാമത്തെ ദിവസം റൌണ്‍സിനു വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇന്ന് ഡിസ്ചാര്‍ജാവാമെന്ന്. അതുവരെ ഒരു മരുന്നും കൊടുക്കാതിരുന്ന ഡോക്ടര്‍ ചികിത്സയും പറഞ്ഞു തന്നു. ഭര്‍ത്താവിനോട് എത്രയും പെട്ടെന്ന് വരാന്‍ പറയൂ. കുഞ്ഞിന്‍ ഒരു കുഴപ്പവുമില്ല, അമ്മയ്കാണ് പ്രശ്നം!

എന്തായാലും കുഞ്ഞിന്റെ അച്ഛന്‍ വന്നു കഴിഞ്ഞ് പ്രത്യേകിച്ച് കുഴപ്പങ്ങളോന്നുമില്ലാതിരുന്നപ്പോള്‍ ഞാനും കരുതി ചികിത്സ ഫലിച്ചതായിരിക്കുമെന്ന്. എന്തെകിലും വന്നു പോയാല്‍ ഒറ്റയ്ക്കല്ലേ എന്ന ചിന്തയായിരിക്കാം പ്രശ്നക്കാരന്‍ എന്നു വിചാരിച്ചു.പക്ഷേ രണ്ടാമത് മോനുണ്ടായപ്പോളും ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ രോഗം അതല്ലായിരുന്നുവെന്നു മനസ്സിലായി. നേരത്തെ ചില ആധികള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ പിന്നീട് യാതൊരു കൂസലുമില്ലാതെ ഒരാള്‍ അടുത്തിരിക്കുന്നതു കാണുമ്പോള്‍ ദേഷ്യവും കൂടി വരാന്‍ തുടങ്ങി.

കുറച്ചു നാള്‍ മുന്‍പ് ഒരു സ്കൂള്‍ ബസ്സ് അപകടത്തില്‍ പെട്ടുവെന്നറിഞ്ഞ് കുറെനേരം ഒന്നും മിണ്ടാനാവാതെ ഇരുന്നു പോയി. ഉരുണ്ടുകൂടിയ കണ്ണുനീരിനുള്ളിലൂടെ ചെറുതും വലുതുമായ ഒരുപാടു കുട്ടികളുടെ മുഖങ്ങള്‍ കണ്ടു. എല്ലാ കുട്ടികള്‍ക്കും മോളുടെ മുഖം..

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ ഞാന്‍ കണ്ട ചില അമ്മമാരും അവരുടെ ചില മാനസികവ്യാപാരങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു.

അമ്മ നം. 1. രണ്ടാമത്തെ കുട്ടിക്ക് ആറുമാസം പ്രായം. കാലിലും മുഖത്തും തൊലി വരണ്ടിട്ട് (ഇവിടെ ഇപ്പോള്‍ നല്ല തണുപ്പാണേ ) ചുമക്കുകയും ചെറുതായി അവിടവിടെ പൊട്ടുകയും ചെയ്യുന്നു. ഓയിലോ ക്രീമുകളോ കൊണ്ടുള്ള ചില അഭ്യാസങ്ങള്‍ മാറി മാറി അവനില്‍ പരീക്ഷിക്കുന്നുണ്ട്. അവന്‍ വലുതായാല്‍ പെണ്ണുകിട്ടുമോ എന്നുള്ള വിഷമത്തിലാണ്.

അമ്മ നം 2. രണ്ടാമത്തെ കുട്ടിക്ക് ഒന്നര മാസം. ജോലിക്ക് പോകേണ്ടതുകൊണ്ട് കുഞ്ഞിനെ നാട്ടില്‍ ഏല്‍പ്പിച്ച് തിരികെ വന്നിരിക്കുന്നു.

അമ്മ നം. 3. മൂന്നു മാസം ഗര്‍ഭിണി. മാസം അന്‍പതിയിരം രൂപയോളം മാസവരുമാനമുള്ള ജോലിയുണ്ട്. ആള്‍ സാമാന്യം നല്ലൊരു പിശുക്കിയും. എന്നിട്ടും കുട്ടിയുണ്ടായാല്‍ അതിനെ നന്നായി നോക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ചിന്തയാല്‍ ജോലി രാജി വയ്കാന്‍ ആലോചിക്കുന്നു.

അമ്മ നം. 4. ആദ്യത്തെ കുട്ടിക്ക് ഒന്നര വയസ്സയപ്പോള്‍ വീണ്ടും ഗര്‍ഭിണിയായി. രണ്ടു കുട്ടികളേയും ഒന്നിച്ചു നോക്കാനുള്ള പ്രയാസമോര്‍ത്ത് അത് വേണ്ട എന്നു വച്ചു.

അമ്മ നം. 5. മൂന്നര വസസ്സുള്ള ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ വീണ്ടും പ്രെഗ്‌നന്റാണെന്ന് അറിഞ്ഞത് ചിക്കന്‍പോക്സുമായി കഴിയുമ്പോള്‍. കൂടെ ഫൈബ്രോയിഡും U.T.I യും. അതിന്റെ കൂടെ കഴിഞ്ഞ ദിവസം ബ്ലീഡിങ്ങും ആയി ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇത്രയും റിസ്ക് എടുക്കണോ എന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുന്നില്ല. “ഡോക്ടര്‍ വേണ്ടാ എന്നു പറയാതെ ഞാന്‍ ഒന്നും ചെയ്യില്ല. ഇനി എന്തെകിലും കുഴപ്പമുണ്ടെങ്കിലും ഞാന്‍ അങ്ങു വളര്‍ത്തും. “ എന്ന ശക്തമായ തീരുമാനത്തിലാണ്.

ഇതൊക്കെ ചെറിയ കുട്ടികളുള്ള അമ്മമാരുടെ വികാരങ്ങള്‍.
ഇനി മക്കള്‍ വലുതായാലോ?


കഴിഞ്ഞ ദിവസം ഒരമ്മയുടെ കഥ കേട്ടു. മകന്‍ കല്യാണം കഴിച്ചു കഴിഞ്ഞ് ഭാര്യയുമായി പുറത്തിറങ്ങിയാല്‍ അപ്പോ തലകറക്കം വരും. അഭിനയമൊന്നുമല്ല, മോന്‍ കൈവിട്ടു പോകുമോ എന്ന് ആധി കൊണ്ട് പ്രഷറു കൂടി ശരിക്കും തലകറക്കം വരുന്നതാണ്. അവര്‍ക്ക് ഒരു മകളുമുണ്ട്. പക്ഷേ മകള്‍ ഭര്‍ത്താവുമൊന്നിച്ച് പോയാല്‍ ഒരു കുഴപ്പവുമൊട്ടില്ല താനും.

“My son is my son till he hath got him a wife; my daughter is my daughter all days of her life.”

എന്നു പറയുന്നതില്‍ ചില കാര്യമില്ലാതില്ല. പക്ഷേ ഇവിടെ മകന്‍ അങ്ങനെയായാല്‍ കുറ്റക്കാര്‍ മകനോ മരുമകളോ അല്ല, മറിച്ച് അമ്മമാര്‍ തന്നെയാണ്. ഒരമ്മയ്ക്ക് മകളോടുള്ളത് ഉപാധികളില്ലാത്ത സ്നേഹമാണ്. അതുകൊണ്ട് മകള്‍ ഭര്‍ത്താവുമൊത്ത് സുഖമായി കഴിയണമെന്നാഗ്രഹിക്കുന്നു. മകനോടുള്ള സ്നേഹത്തില്‍ സ്വന്തം സ്വാര്‍ഥതയ്ക്കാണ് പലപ്പോഴും മുന്‍‌തൂക്കം. മകന്‍ തന്നേക്കാള്‍ കൂടുതല്‍ ഭാര്യയെ സ്നേഹിച്ചുകളയുമോ എന്ന ചിന്ത അസൂയയിലേക്കും കുശുമ്പിലേക്കുമൊക്കെ വഴി മാറുന്നു. അതു മറ്റു പല പ്രശ്നങ്ങളിലേക്കും.

മകളെ സ്നേഹിക്കുന്നതു പോലെ എന്റെ മകനേയും സ്നേഹിക്കാന്‍ കഴിയണേ എന്നു മാത്രമാണ് പ്രാര്‍ഥന.

എല്ലാ കുഞ്ഞുങ്ങളും ഓടി വരൂ. ഇതാ പായസം. ആരും വഴക്കുണ്ടാക്കാതെ എടുത്തു കുടിക്കണം.

Monday, January 7, 2008

ഒരല്‍പ്പം ബ്ലോഗുകാര്യം

ബൂലോക താരോദയം 2007 , സൂപ്പര്‍ ബ്ലോഗര്‍ 2007 എന്നീ പോസ്റ്റുകളില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ? ഇവിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ എല്ലാവരും ശരിയായ ഒരു അവാര്‍ഡ് ജേതാവിനെ കണ്ടെത്താനാവാതെ നട്ടം തിരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനൊരന്തവും കുന്തവുമില്ലേ കൂട്ടുകാരെ?ഈ അവസരത്തില്‍ എനിക്കു പറയാനുള്ള ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..

ബ്ലോഗിംഗ് എന്നാല്‍ എന്ത്? അതിന്റെ ഉദ്ദേശവും ലക്ഷ്യവും എന്ത് മുതലായ കാര്യങ്ങളില്‍ വ്യക്തമായ ഒരു ധാരണ, (ഒരു പക്ഷേ താരതമ്യേന പുതിയ ഒരു മാധ്യമമായതിനാലാവും) മിക്കവര്‍ക്കും ഇല്ല, അല്ലെങ്കില്‍ പലരും ധരിച്ചു വച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ ബ്ലോഗിങ്ങ് എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടു കണ്ടു. അതില്‍ ചില കാര്യമില്ലാതില്ലേ എന്ന ചിന്താകുഴപ്പം എന്നേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. മനസമാധാനത്തോടെ ഉറങ്ങികൊണ്ടിരുന്ന എനിക്ക് ഉറക്കം നഷ്ടപ്പെട്ട കരാള രാത്രികളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനൊരുത്തരം കണ്ടെത്തേണ്ടത് വ്യക്തിപരമായ ഒരാവശ്യം കൂടിയായി തീര്‍ന്നിരിക്കുന്നു.

ഗൂഗിളിലും മറ്റും തപ്പി ചില ലിങ്കുകളിലൊക്കെ ചെന്നു നോക്കിയെങ്കിലും ഒന്നും തൃപ്തികരമായി തോന്നിയില്ല. ഈ വിഷയത്തെ പറ്റി നേരത്തെ ഒരു പോസ്റ്റോ ചര്‍ച്ചയോ നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ദയവായി ആ ലിങ്ക് ഒന്നെടുത്തു തരൂ. ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ താല്പര്യവും അറിവുമുള്ളവര്‍ സമഗ്രമായ, അവാര്‍ഡു പടം പോലല്ലാതെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു പോസ്റ്റിടൂ. അങ്ങനെ ബ്ലോഗിംഗ് എന്ന കരകാണാ കടലലയില്‍ മുങ്ങിത്തപ്പി അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുന്ന എന്നെ പോലുള്ള അനേകായിരങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ടു കടന്നു വരൂ. (ബ്ലോഗവാര്‍ഡ് കിട്ടിയില്ലെങ്കിലും ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഈ എനിക്കു തന്നെ.) അവാര്‍ഡു സിനിമ മാത്രം എടുക്കുന്ന സംവിധായകരെ പോലെ ഇനി അവാര്‍ഡിനായി മാത്രം ബ്ലോഗുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പ്രയോജനപ്പെടുമല്ലോ? നമുക്കോ പറ്റിയതു പറ്റി. ഇനി വരുന്നവര്‍ക്കെങ്കിലും ഈ അബദ്ധം പറ്റാതിരിക്കാന്‍ ഒന്നുമല്ലെങ്കിലും ബ്ലോഗിന്റെ സൈഡ് ബാറില്‍ തൂക്കിയിടുകയെങ്കിലും ചെയ്യാമല്ലോ?

ഇത്തരുണത്തില്‍ ബ്ലോഗവാര്‍ഡിനെ കുറിച്ചും രണ്ടു വാക്കു പറയാതെ പോകുന്നതു ശരിയല്ലല്ലൊ?
ബ്ലോഗവാര്‍ഡ് വേണോ വേണ്ടയോ എന്നുള്ളത് ആദ്യം തീരുമാനിക്കണം.

വേണ്ടെങ്കില്‍ പ്രശ്നമില്ല.

വേണമെങ്കില്‍, എങ്ങനെയൊക്കെയുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തണം?

നല്ല ബ്ലോഗ്, ബ്ലോഗുമൂല്യമുള്ള ജനപ്രിയ ബ്ലോഗ്,കാറ്റഗറി വേണമെങ്കില്‍ ഏതൊക്കെ?
നല്ലബ്ലോഗര്‍, ജനപ്രിയ ബ്ലോഗര്‍, നല്ല പോസ്റ്റ്, നല്ല കമന്റ്(ഇമ്മിണി വിയര്‍ക്കും കണ്ടു പിടിക്കാന്‍) തുടങ്ങിയവയൊക്കെ പരിഗണിക്കാവുന്നതാണ്.

ഓരോന്നിനും വേണ്ട ക്രൈറ്റീരിയ, വോട്ടറന്മാര്‍ക്കുള്ള ഗൈഡ് ലൈന്‍സ് തുടങ്ങിയവയെ കുറിച്ചും വ്യക്തമാക്കണം .


അപ്പോ അതും തീര്‍ന്നു.


എന്തായാലും നനഞ്ഞു. എന്നാ പിന്നെ ഒരു കാര്യം കൂടി പറഞ്ഞേക്കാം.

മനുഷ്യന്മാരായ മനുഷ്യന്മാര്‍ക്കൊക്കെ അല്ലെങ്കില്‍ തന്നെ ആവശ്യത്തിനുള്ള ടെന്‍ഷന് ഉണ്ട്. പിന്നീ ബ്ലോഗിലും കൂടി വന്ന് എന്തിനു മനസമാധാനം കളയുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഒരു വിഷയത്തില്‍ ആശയപരമായ വൈരുധ്യം സ്വാഭാവികം. തന്റെ വാദം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം.. ബ്ലോഗില്‍ വ്യക്തിക്ക് പ്രാധാന്യമില്ലെന്നു പറയുമ്പോള്‍ തന്നെ ഇത്തരം ആശയസംഘട്ടനങ്ങള്‍ പലപ്പോഴും വ്യക്തിവിദ്വേഷത്തിലേക്കും ചെളിവാരിയെറിയലിലേക്കും പോകുന്നതെന്തു കൊണ്ട്? ഒരു അഭിപ്രായവ്യത്യാസം വരുമ്പോള്‍ ഞാനോ നീയോ കേമന്‍ എന്നുള്ള ഈഗോ ഒഴിവാക്കാന്‍ എല്ലാവരും മനസ്സു വയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ഈയവസരത്തില്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു. :)>- ഇടക്കിടയ്ക്ക് ചിലതൊക്കെ കാണുന്നതു കൊണ്ട് പറഞ്ഞു പോയതാണ്.

ബ്ലോഗിനെ കുറിച്ചോ ബ്ലോഗര്‍മാരെ കുറിച്ചോ ഒരിക്കലും പോസ്റ്റിടില്ലെന്നു കരുതിയിരുന്ന ഞാന്‍ വരെ ദാ അവസാനം………ഇനീപ്പോ ഇതാണോ ഈ ബ്ലോഗിംഗ് ബ്ലോഗിംഗ് എന്നു പറയുന്ന സംബവം?