Saturday, September 29, 2007

ചന്തുവിന് ഇന്ന് 3 വയസ്സ്

ചന്തുവിന് ഇന്ന് (30/9/2007) 3 വയസ്സ് തികയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കുറേ സംഭവങ്ങളും മുഖങ്ങളും മനസ്സില്‍ തെളിയുന്നു.




അവന്റെ ജീവന്‍ എന്റെയുള്ളില്‍ കുരുത്തു കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞ സമയത്ത് ഇവിടെയെല്ലാം ചെങ്കണ്ണ് (acute conjunctivitis)എന്ന പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചു. കൂട്ടത്തില്‍ എനിക്കും കിട്ടി. ഇവിടെയടുത്തുള്ള ഒരു eye specialist ന്റെയടുത്ത് കാണിച്ചു . പ്രഗ്നന്റായതുകൊണ്ട് വളരെ വീര്യം കുറഞ്ഞ ഒരു മരുന്ന് പുരട്ടാനായി തന്നു. അത് ദിവസം മൂന്നു നേരം വച്ച് പുരട്ടിയിട്ടും കാര്യമായ വ്യത്യാസം കണ്ടില്ലെന്നു മാത്രമല്ല, കാര്യം നാള്‍ക്കു നാള്‍ വഷളായി വരികയും ചെയ്തു. വീണ്ടും ഡോക്ടറെ പോയി കണ്ടു . വേറൊരു മരുന്നു തന്നു. അതു പുരട്ടിയിട്ടും ഫലം തഥൈവ. ഈ പരിപാടി ഒരു മാസത്തോളം തുടര്‍ന്നു. കണ്ണു തീരെ തുറക്കാന്‍ വയ്യാത്ത അവസ്ഥയായി. കണ്ണു തുറന്നാലല്ലേ എന്തെങ്കിലും കാണാന്‍ പറ്റൂ. ഇതിനിടയില്‍ മറ്റുള്ള ,ഛര്‍ദ്ദില്‍, തലകറക്കം തുടങ്ങിയ കലാപരിപാടികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അവസാനം കുറേശ്ശെ പേടിയായി തുടങ്ങി. അപ്പോഴേക്കും നാലര മാസമായി. മസ്കറ്റിലെ Royal hospital ല്‍ നിന്നും retired ആയ ഗൈനക്കോളഗിസ്റ്റ് ഡോക്ടര്‍ കൌസല്യയെയാണ് കണ്‍സള്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. അവരോട് കാര്യം പറഞ്ഞപ്പോള് ‍ഇത്രയും നാള്‍ വച്ചുകൊണ്ടിരുന്നതിന് കുറേ വഴക്കു പറഞ്ഞു. കണ്ണിന്റെ ഫ്യൂസ് പോകാതിരുന്നത് ഭാഗ്യം. എന്നിട്ട് ഡോക്ടറുടെ പരിചയത്തിലുള്ള ഒരു കണ്ണു ഡോക്ടറിന്റെയടുത്ത് പറഞ്ഞു വിട്ടു. അങ്ങനെ അടുത്ത രണ്ടാഴ്ച കൊണ്ട് രോഗം ഭേദമായി. ഏകദേശം ഒന്നര മാസത്തോളം ഇതുമൂലം കഷ്ടപ്പെട്ടു. അതില്‍ തന്നെ രണ്ടാഴ്ചയോളം തീരെ കണ്ണു കാണാന്‍ പാടില്ലാത്ത അവസ്ഥയായിരുന്നു.

ഏഴാം മാസം സ്കാന് ചെയ്തിട്ട് ആണ്‍ കുട്ടിയാണെന്ന്‌ ഡോക്ടര്‍ പറഞ്ഞിരുന്നു. ഏഴര മാസമായപ്പോള്‍ ഡെലിവറിക്കു വേണ്ടി നാട്ടില്‍ പോയി. ‍ഡോക്ടര്‍ കൌസല്യയെ കുറിച്ച് ഒരല്പം. ഇത്രയും സിമ്പിള്‍ ആയ ഒരു ഡോക്ടരെ ഞാന്‍ വേറെ കണ്ടിട്ടില്ല. ‘’നീ” എന്നു മാത്രമേ ഡോക്ടര്‍ വിളിക്കൂ. ആ നീ വിളിയില്‍ സ്വന്തം അമ്മ മോളെ എന്നു വിളിക്കുന്നതിനേക്കാളും സ്നേഹമുണ്ടായിരുന്നു. മോനെ തിരികെ കൊണ്ടു കാണിക്കുവാന്‍ പറ്റിയില്ല. അതിനു മുന്‍പേ ഡോക്ടര്‍ ഉറുമ്പു (ഇവിടെ കാണപ്പെടുന്ന ഒരുതരം ഉറുമ്പിന്റെ കടിയേറ്റാല്‍ മരണം സംഭവിക്കാം) കടിയേറ്റ് മരിച്ചു പോയി.

നാട്ടില്‍ ചെങന്നൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പോയിരുന്നത്. അവിടെ അവരുടെ വക സ്കാനിങിനായി പോയ ദിവസം, റേഡിയൊളജിസ്റ്റ് എന്നോടു ചോദിച്ചു”മസ്കറ്റില്‍ വച്ച് സ്കാന്‍ ചെയ്തപ്പോള്‍ എന്തെങ്കിലും കുഴപ്പമുള്ളതായി പറഞിരുന്നുവോ?” വയറ്റില്‍ കൂടി ഒരാന്തലും തലക്കകത്തൂടെ ഒരു മിന്നല്‍ പിണരും. ഞാന്‍ പറഞ്ഞു “ഇല്ല, എന്താണു കുഴപ്പം“ . അയാള്‍ക്ക് മിണ്ടാട്ടമില്ല. നെറ്റി ചുളിക്കലും, മുഖത്തെ ഭാവവും കണ്ടിട്ട് എന്തോ സീരിയസായ പ്രശ്നമുണ്ടെന്നു മനസ്സിലായി. ഞാന്‍ വീണ്ടും എന്താണു കുഴപ്പമെന്നു ചോദിച്ചു കൊണ്ടിരുന്നെങ്കിലും പുള്ളി അതൊന്നും ശ്രദ്ധിക്കാതെ സ്കാനിങ്ങോടെ സ്കാനിങ്ങ്. അവസാനം സ്കാനിങ് അവസാനിച്ചപ്പോള്‍ അയാള്‍ പറഞു “കുഴപ്പമൊന്നുമില്ല, ഒരു കിഡ്നിക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. “ ഞാന്‍ ആ മുറിയില്‍ നിന്നും എങനെ പുറത്തു വന്നുവെന്നറിയില്ല. പിന്നിട് ഈ റിപ്പോര്‍ട്ടുമായി ഡോക്ടെറെ കണ്ടപ്പോള്‍ വെളിയില്‍ ഒരുപാടു പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ എന്റെ പുറത്തു തട്ടിക്കൊണ്ട് വിഷമം മുഴുവന്‍ കരഞ്ഞു തീര്‍ത്തോളാന്‍ പറഞ്ഞു.

Anti natal Hydronephrosis പ്രധാനമായും urinary tract ല്‍ ഉള്ള എന്തെങ്കിലും obstruction കാരണമാണ് സംഭവിക്കുന്നത്. പ്രസവ ശേഷം മിക്കവാറും കുട്ടികളില്‍ ഒന്നു മുതല്‍ രണ്ടു വയസ്സിനുള്ളില്‍ തനിയെ ഭേദമാവും. മറ്റുള്ളവരില്‍ surgery വേണ്ടി വരും. മോന്റെ കാര്യത്തില്‍, ഒരെണ്ണത്തിന് ചെറിയ ഒരു dilation മാത്രമേയുന്റായിരുന്നുള്ളൂ. എങ്കിലും ചിന്തകള്‍ കാടു കയറാന്‍ തുടങ്ങി. ഭര്‍ത്താവാണെങ്കില്‍ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി എന്തൊക്കെയോ പറയുന്നുണ്ടെന്നു മാത്രമേയുള്ളൂ.

അങ്ങനെ മൂന്നു ദിവസം എങനെയോ കടന്നു പോയി. നാലാമത്തെ ദിവസം തൊട്ട് മോനാണെങ്കില്‍ ഒരനക്കവുമില്ല. നേരത്തെയാണെങ്കില്‍ ഒറ്റയടിക്ക് പത്തിരുപതു ഇടിയും തൊഴിയുമൊക്കെ വച്ച് കിട്ടിക്കൊണ്ടിരുന്നതാണ്. വൈകുംനേരം വരെ ആരോടും പറയാനൊന്നും പോയില്ല. പിന്നെ ഇതിന്റെയെന്തെകിലും കുഴപ്പം കൊണ്ടാണോ അനക്കമില്ലാത്തതെന്നു തോന്നിയപ്പോളാണ് പറഞത്. അങ്ങനെ രാത്രിയില്‍ തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഈ നാലു ദിവസം കൊണ്ട് എന്റെ 5 കിലോ ഭാരം കുറഞ്ഞു. അത് കുഞിനേയും ബാധിച്ചതാണ് കാരണം. പക്ഷേ എന്റെ മനസ്സ് അത് സമ്മതിക്കാന്‍ തയ്യറായില്ല. മറ്റെന്തെങ്കിലും കുഴപ്പമാണോ എന്നുള്ള ആശങ്കയായിരുന്നു. രണ്ടു ദിവസം കൂടി നോക്കിയെങ്കിലും അതേ സ്ഥിതി തന്നെ തുടര്‍ന്നതു കൊണ്ട് അടുത്ത ദിവസം സിസേറിയന്‍ ചെയ്യാമെന്നു തീരുമാനിച്ചു.

അങ്ങനെ 2004 സെപ്റ്റെമ്പര്‍ 30ന് രാവിലെ 10 മണിയോടു കൂടി ഡെലിവറി റൂമിലേക്കു പോയി. മോശമായ ഒരു വാര്‍ത്തയാണ് എതാനും മണിക്കൂറുകള്‍ കൂടി കഴിയുമ്പോള്‍ അറിയുന്നതെങ്കില്‍ എന്റെയവസ്ഥയെന്തായിരിക്കുമെന്നുള്ള ചിന്തയെ ഒഴിവാക്കാന്‍ എത്രയൊക്കെ ശ്രമിച്ചിട്ടും കഴിഞില്ല. ഓപ്പറേഷനു വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമായി എന്തൊക്കെയോ injection എടുക്കുന്നുണ്ട്. അപ്പോഴാണ് ഡൂട്ടിയിലുണ്ടായിരുന്ന ജുനിയര്‍ ഡോക്ടര്‍ വന്ന് കേസ് ഷീറ്റ് നോക്കിയത്. എന്തോ വലിയ ഒരു പേരു വായിച്ചീട്ട് എന്നോടൊരു ചോദ്യം. “ഈ മരുന്നു ഞാന്‍ ആദ്യമായിട്ട് കാണുകയാ, ഇതെന്തിനുള്ള injection ആണെന്നറിയാമോ വനജയ്ക്ക്?“ രണ്ടു ദിവസമായി ഈ ഡോക്ടറുടെ വകയായി കുറേ ഡയലോഗുകള്‍ കേട്ടിരുന്നതിനാല്‍ ആളെ കുറിച്ച് ഒരു ധാരണയൊക്കെയുന്റാരുന്നുവെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. അതു കേട്ട് ആ ടെന്‍ഷനിടയിലും ചിരിച്ചു എന്നു തന്നെയാണെന്റെ ഓര്‍മ്മ. ഈ ചിരി പിന്നെ എന്റെ മുഖത്തൂന്ന് മറഞ്ഞത് ഇവരെ ഒപ്പറേഷന്‍ തിയറ്ററില്‍ മറ്റേ ഡോക്ടറുടെ assistant ആയി കണ്ടപ്പോളാണ്!!!

രണ്ടര കഴിഞപ്പോള്‍ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടു പോയി. പോകുന്നതിനു മുന്‍പായി കൂടെയുണ്ടായിരുന്ന ഡൂട്ടി നേഴ്സ് ഒന്നു കൊണ്ടൂം വിഷമിക്കണ്ട, മോനൊരു കുഴപ്പവും കാണില്ല എന്നു പറഞ്ഞ് ഒരു നിമിഷം എനിക്കു വേണ്ടി പ്രാര്‍ഥിച്ചു. അവിടെ, ഓപ്പറേഷന്‍ ടേബിളിന്റെ മുന്‍പില്‍ ഒരു വൈറ്റ് ബോര്‍ഡില്‍ എന്റെ പേരും മറ്റു വിവരങളും എഴുതിയിരുന്നു. അതിനു താഴെയായി “God bless you" എന്നും . പേടിച്ച് പകുതി കാറ്റു പോയിരിക്കുന്ന മനുഷ്യന്റെ മുഴുവന്‍ കാറ്റും പോകാന്‍ ഇതു കണ്ടാല്‍ മാത്രം മതി. ( എന്റെ കാര്യത്തില്‍, ആദ്യത്തേത്, നോര്‍മല്‍ ഡെലിവറിയായിരിക്കുമെന്നു കരുതിയിരുന്നുവെങ്കിലും, ഒരു അടിയന്തര ഘട്ടത്തില്‍ അതിനും സിസേറിയന്‍ വേന്റി വന്നു. അന്ന് 5 മിനുട്ടു കൊണ്ട് ഡെലിവറി റൂമില്‍ നിന്നും ഓപ്പറേഷന്‍ തീയറ്ററില്‍ എത്തിയതു കാരണം പേടിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തേതിനൊന്നു പേടിക്കാമെന്നു വിചാരിച്ചപ്പോള്‍ അതിങ്ങനെയായി.) ലോക്കല്‍ അനസ്ത്യേഷ്യ ആയിരുന്നതു കൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അറിയാമായിരുന്നു. മോനെയെടുത്തതും ഡോക്ടര്‍ എന്നെ കാണിച്ചു തന്നു. അത്രയും ആശ്വാസമായി.

പിന്നെ റിക്കവറി റൂമില്‍ കിടക്കുമ്പോള്‍, മോനെ അടുത്ത് കൊണ്ടുവന്നപ്പോള്‍ ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. മൂത്രമൊഴിക്കുമ്പോല്‍ എന്തെങ്കിലും തടസ്സമോ, കരച്ചിലോ ഒന്നും ഉണ്ടായിരുന്നില്ല. അതു കൊണ്ട് എല്ലാം മാറിയതായിരിക്കുമെന്നു കരുതി. പിന്നെ ഒന്നര മാസം കഴിഞ് സ്കാന്‍ ചെയ്തപ്പോളും അത് അങ്ങനെ തന്നെയെന്ന റിപ്പോര്‍ട്ട് വീണ്ടും നിരാശയിലേക്ക് തള്ളി വിട്ടു. പക്ഷേ യാതൊരു തടസ്സങ്ങളും കാണാനില്ലായിരുന്നു. മൂത്രം ടെസ്റ്റ് ചെയ്തിട്ടും മറ്റു വ്യതിയാനങ്ങളൊന്നും കണ്ടില്ല. പിന്നീട് പുഷ്പഗിരി ആശുപത്രിയിലുള്ള ഒരു പീഡിയാട്രിക് സര്‍ജനെ കാണിച്ചപ്പോള്‍ അദ്ദേഹവും രണ്ടു വര്‍ഷം ഒബ്സെര്‍വേഷന്‍ മാത്രം ചെയ്യാനാണു പറഞത്. പിന്നെ ഇവിടെ വന്ന് രണ്ടു സ്കാന്‍ ചെയ്തപ്പോളും ചെറിയ പ്രശ്നമുണ്ടായിരുന്നു. അടുത്ത സ്കാനിങിന്റെ report positive ആയിരുന്നു. രണ്ടു കിഡ്നിയും നോര്‍മല്‍. ഒരു പ്രശ്നവുമില്ല. അപ്പൊഴാണ് കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവിച്ചു കൊണ്ടിരുന്ന ടെന്‍ഷനില്‍ നിന്നു ഒരു മോചനം കിട്ടിയത്.

ഇതിനിടയില്‍, ആള്‍കാരുടെ പല തരത്തിലുള്ള പ്രതികരണവും കണ്ടു. നാലുമാസമായിട്ടും കഴുത്തുറക്കാത്തതെന്തുകൊണ്ട് , പത്തു മാസമായിട്ടും നടന്നിട്ടു വീഴാന്‍ പോകുന്നതെന്തു കൊണ്ട്, ഒന്നര വയസ്സായിട്ടും ചറപറാ സംസാരിക്കാത്തതെന്തുകൊണ്ട് എന്നും മറ്റുമുള്ള “ഉത്കണ്ഠകള്‍“!


അടുത്ത തവണ നാട്ടില്‍ പോയപ്പോള്‍ മോന് ഛര്‍ദ്ദിലായിട്ട്, അതേ ആശുപത്രിയില്‍ തന്നെ പോയിരുന്നു. മോനെ നോക്കിയിരുന്ന പീഡിയാട്രീഷനെ അന്നും കണ്ടു. അദ്ദേഹം കാര്യങ്ങളൊക്കെ തിരക്കി. കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ മോഡേണ്‍ മെഡിസിന് ഇങ്ങനെ ചില കുഴപ്പങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേ... കാര്യങ്ങള്‍ ഞാന്‍ വളരെ നിസ്സാരമായി പറഞുവെങ്കിലും അന്നനുഭവിച്ച പ്രയാസം അത്രക്കായിരുന്നു. അഞ്ഞൂറില്‍ ഒരു കുട്ടിക്കു വീതം ഇങ്ങനെ വരാരുണ്ട്. മിക്കവാറും തനിയെ ശരിയാവുകയും ചെയ്യും. അതുകൊണ്ട് മുന്‍പൊക്കെ ആരും ഇത്തരം പ്രശ്നങ്ങള്‍ അറിയാറില്ലായിരുന്നു. എന്നാല്‍ ഇതിന്റെ നല്ല വശവും കാണാതിരുന്നു കൂടാ. എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തെ മനസ്സിലാക്കിയാല്‍ അതിനനുസരിച്ച് ചികിത്സിക്കുവാനും മറ്റു കുഴപ്പങ്ങള്‍ ഒഴിവാകാനും സാധിക്കും.

Saturday, September 22, 2007

സ്മൈലി ഇന്‍ ബ്ലോഗ്സ്പോട്ട്

ഈ ബ്ലോഗില്‍ ഇതുവരെ ഞാന്‍ ഉപയോഗിച്ചിരുന്നത് ദീപയുടെ യാഹൂ സ്മൈലികളാണ്. ഇതിന്റെയൊരു പ്രത്യേകത യാഹുവിന്റെ എല്ലാ സ്മൈലികലും നമുക്ക് ഉപയോഗിക്കാമെന്നതാണ്. കമന്റിലും അത് ഐക്കണായി തന്നെ കാണുകയും ചെയ്യും.

ഇന്നലെ, LaTeX എങ്ങനെ ബ്ലോഗറില്‍ ഉപയോഗിക്കാമെന്നു സേര്‍ച്ച് ചെയ്തുകൊണ്ടിരുന്നാപ്പോള്‍ വേറൊരു സംഗതി കൂടി കിട്ടി. ഇതുപയൊഗിച്ച് സ്മൈലി പോസ്റ്റില്‍ നേരിട്ട് ഒരു ക്ലിക്കിലൂടെ ഇന്‍സേര്‍ട്ട് ചെയ്യാം. പക്ഷേ ഫയര്‍ഫോക്സില്‍ മാത്രമേ ഇതിന്റെ സ്ക്രിപ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റൂ. ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് LaTeX എങ്ങനെ ബ്ലോഗറില്‍ ഉപയോഗിക്കാം എന്നു കൂടി പറയാം. അതിനു വേണ്ട script arrow ഇവിടെ നിന്നും install ചെയ്യാം. LaTeX ഉപയോഗിച്ച് math symbols എങ്ങനെ എഴുതാമെന്നറിയാത്തവര്‍ വിഷമിക്കണ്ട. അതിന്നു വേണ്ടി ഈ online editor ഉപയോഗിക്കാം.

ഉദാഹരണം:

{\left(a+b \right)}^{2}={a}^{2}+2ab+{b}^{2}

എന്ന് $$ ന്റേയും $$ ന്റേയും ഇടയില്‍ type ചെയ്തിട്ട് LaTeX എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍



എന്ന identity ലഭിക്കും.

Friday, September 7, 2007

ആനപ്പടങ്ങള്‍-3

Sensitive points


ആനകളുടെ ശരീരത്തില്‍ ഏകദേശം 107 sensitive points ആണ് ഉള്ളത്. അത്തരം സ്ഥാനങ്ങളിലുള്ള ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദമോ വേദനയോ ആനകളെ ആക്രമണ സ്വഭാവികളാക്കും. ചിത്രത്തില്‍ കാണുന്ന ചുവന്ന കുത്തുകള്‍ അതീവ സെന്‍സിറ്റീവ് പോയ്ന്റുകളെ സൂ‍ചിപ്പിക്കുന്നു.

മദം
ആനകളുടെ കണ്ണുകള്‍ക്കും ചെവിക്കും ഇടയിലായി രണ്ടു ഭാഗത്തുമായി ഒരു ജോഡി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മുതിര്‍ന്ന കൊമ്പനാനകളില്‍ ഈ ഗ്രന്ഥികളില്‍ നിന്നും ഒരു തരം ദ്രവം സ്രവിക്കും. രണ്ടു മുതല്‍ മൂന്നു മാസം വരെ ഈ ഗ്രന്ഥികള്‍ active ആയിരിക്കും. ഈ സമയത്താണ്‍ ആനയ്ക്ക് മദം ഉണ്ടാകുന്നത്. ഈ അവസ്ഥയുടെ യഥാ‍ര്‍ത്ഥ കാരണം എന്താണെന്ന് അറിയില്ല. ഇക്കാലയളവില്‍ പുരുഷ ഹോര്‍മോണ്‍ ആയ testosterone വളരെ കൂടുതല്‍ അളവില്‍ ഉല്പാദിപ്പിക്കപ്പെടുന്നു.

പ്രത്യുല്‍പ്പാദനം
ഏകദേശം 10-14 വയസ്സിനിടയില്‍ കൊമ്പനാ‍നകള്‍ പ്രായപൂര്‍ത്തിയെത്തുന്നുവെങ്കിലും 30 വയസ്സ് ആകുന്നതുവരെ മിക്കവാറും ഇണചേരാറില്ല. ഇതിനു കാരണങ്ങള്‍ രണ്ടാണ്.

  1. മുതിര്‍ന്ന കൊമ്പനാനകള്‍ അവയെ തടയുന്നു.
  2. കൌമാരപ്രായക്കാരായ കൊമ്പനാനകളെ പിടിയാനകള്‍ ഇണയായി സ്വീകരിക്കാറില്ല.
14 വയസ്സു മുതല്‍ 50 വയസ്സു വരെ , നാലോ അഞ്ചോ വര്‍ഷത്തെ ഇടവേളകളിലായി പിടിയാനകള്‍ കുട്ടിയാനകള്‍ക്ക് ജന്മം നല്‍കുന്നു. 20 മുതല്‍ 22 മാസം വരെയാണ്‍ ഗര്‍ഭകാലം. അപൂര്‍വമായി മാത്രം ഇരട്ട കുട്ടികളും ഉണ്ടാവാറുണ്ട്.

ആനക്കുട്ടികള്‍ക്ക് ഏകദേശം 100 കിലോയോളം ഭാരം കാണും. രണ്ടു മൂന്നു വയസ്സു വരെ അമ്മയാനയുടെ മുലപ്പാല്‍ കുടിച്ചാണ് വളരുന്നത്. തുമ്പിക്കൈയ്യല്ല , മറിച്ച് വായുപയോഗിച്ചാണ് പാലു കുടിക്കുന്നത് . ആനക്കുഞ്ഞുങ്ങളില്‍, ആണാന 12-14 വയസ്സു വരെയും, പെണ്ണാന അമ്മയാനയുടെ മരണം വരെയും അമ്മയാനയോടൊപ്പമാണ് ജീവിക്കുന്നത്.

കുടുംബ ജീവിതം
ഒരു കുടുംബത്തില്‍ സാധാരണയായി 10 അംഗങ്ങളോളം ഉണ്ടാവും. മൂന്നോ നാലോ പിടിയാനകളും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സു വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നതാണ് ഒരു കുടുംബം. പ്രായം കൂടിയ പിടിയാനയാണ്‍ കുടുംബ നാഥ. കുടുംബത്തില്‍ നാഥന്‍ ഇല്ലെന്നു പറയാം. കാരണം പ്രായപൂര്‍ത്തിയായ കൊമ്പനാനയും പിടിയാനയും വേറെ വേറെ ആണ് താമസം.

പ്രായമാവുന്നതോടു കൂടി പല്ലുകള്‍ കൊഴിയുകയും ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അങ്ങനെ പോഷകാഹാരകുറവു മൂലം മരണം സംഭവിക്കുന്നു.

ആനപ്പല്ലുകള്‍

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടി നോക്കുക. ആന വന്ന വഴിയേതെന്ന് മനസ്സിലാവും.



ആനപ്പടങ്ങള്‍-1
ആനപ്പടങ്ങള്‍-2

ക്യാമറാമാന്‍ സുരേന്ദ്രനോടൊപ്പം.

വിവരങ്ങള്‍ക്ക് കടപ്പാട്: കോന്നി ആനക്കൂട്.

ചിക്കുന്‍ ഗുനിയ ബാധിച്ച് അതികഠിനമായ വേദനക്കിടയിലും ഈ ചിത്രങ്ങള്‍ (ചില ചിത്രങ്ങളെ അത് ബാധിച്ചിട്ടുണ്ട്) എടുത്ത എന്റെ ഫോട്ടോഗ്രാഫറോടുള്ള വ്യാജപൂര്‍വമുള്ള നന്ദി ഖേദപൂര്‍വ്വം രേഖപ്പെടുത്തുന്നു.

അവസാനിച്ചു.:)

Saturday, September 1, 2007

ആനപ്പടങ്ങള്‍-2

താഴെ കാണുന്നവരാണ് കോന്നി ആനക്കൂട്ടിലെ അന്തേവാസികള്‍.


സോമന്‍-65. ആനകളുടെ ശരാശരി ആയുസ്സ് 65 വര്‍ഷമാണ്. അപ്പോള്‍ ഇദ്ദേഹത്തെ സോമനപ്പൂപ്പന്‍ എന്നു വിളിക്കണം.

പ്രിയദര്‍ശിനി-30

മീന-15


സുരേന്ദ്രന്‍-9 . കുറച്ചു കൂടി മോഡേണ്‍ ആയ പേര്‍ ഇടാമായിരുന്നു. സുരേന്ദ്രന് ഈ പേരിട്ടയാള്‍ ആരായാലും ഇവന്റെയടുത്ത് വന്നുപെട്ടാലുള്ള അവസ്ഥയോര്‍ത്തിട്ട് പേടിയാവുന്നു. ( എന്റെ സ്വന്തം അനുഭവം ഓര്‍ത്തുപോയി. ചെറുപ്പത്തില്‍, എന്റെയീ പേരിനെ ചൊല്ലി കുറച്ചൊന്നുമല്ല, വീട്ടിലെ സമാധാനാന്തരീക്ഷം ഞാന്‍ അലങ്കോലപ്പെടുത്തിയിട്ടുള്ളത്. ഈ കൊലച്ചതി എന്നോട് ചെയ്തത് സ്വന്തം അമ്മയായതുകൊണ്ടു മാത്രമാ അന്നു ക്ഷമിച്ചത്. )

ഇനി നല്ല ലക്ഷണമൊത്ത ആനയുടെ ‘ലക്ഷണങ്ങള്‍‘ എന്തൊക്കെയാണെന്നു നോക്കാം.

നിറം..................... കരിവീട്ടിയുടെ
തുമ്പിക്കൈ..............നിലത്തിഴയണം
തലക്കുന്നി...............ഉയര്‍ന്നതാവണം
മസ്തകം.................തള്ളിനില്‍ക്കണം
കൊമ്പുകള്‍..............വീണ് എടുത്ത് അകന്ന് ഉയര്‍ന്ന് വെണ്മയാര്‍ന്നവ
കണ്ണുകള്‍.................തെളിമയാര്‍ന്നവ
ചെവികള്‍...............വിസ്താരമേറിയവ
കഴുത്ത്...................കുറിയതാവണം
കാലുകള്‍.................ഉറച്ചതാവണം
നഖങ്ങള്‍.................18 എണ്ണം ഒരേ നിറത്തില്‍
ഉടല്‍.......................നീളമേറിയതാവണം
വാല്‍......................നീളമുള്ള, നിലത്തൂമുട്ടാത്ത , രോമം നിറഞ്ഞതാവണം


ഗുരുവായൂര്‍ പദ്മനാഭനും കുട്ടങ്കുളങ്ങര രാമദാസും ലക്ഷണമൊത്ത ആനകളാണ്.


രാമദാസിന്റെ കൊമ്പുകള്‍ കുറച്ചു കൂടി അകന്ന് ഉയര്‍ന്നതായി കാണാം.


ആനകളെ കുറിച്ചുള്ള മറ്റു ചില കാര്യങ്ങള്‍

ആഹാരം...........................200-250k.g/day
കുടിക്കുന്ന വെള്ളം............250ലിറ്റര്‍/day
പുറന്തള്ളുന്ന മൂത്രം...........50 ലിറ്റര്‍
പുറന്തള്ളുന്ന പിണ്ഡം........150-200 കിലോ
ഗര്‍ഭകാലം.......................20 മാസം
ഹൃദയതാളം....................28/മിനുട്ട് ( നില്‍ക്കുമ്പോള്‍)
ഹൃദയതാളം....................35/മിനുട്ട് (കിടക്കുമ്പോള്‍)
ശ്വസന നിരക്ക്...................10/മിനുട്ട് (നില്‍ക്കുമ്പോള്‍)
ശ്വസന നിരക്ക്...................5/മിനുട്ട് (കിടക്കുമ്പോള്‍)
ശരീര താപനില............35.9° C
തുമ്പിക്കൈ..................മേല്‍ചുണ്ട് രൂപാന്തരപ്പെട്ടത്
തൂണിക്കൈ.................തുമ്പിക്കൈയ്യുടെ അറ്റത്തുള്ള ത്രികോണാകൃതിയിലുള്ള അവയവം
നാക്ക്.........................വെളിയിലേക്ക് നീക്കാന്‍ സാധിക്കില്ല
കൊമ്പുകള്‍.................ഉളിപ്പല്ലുകള്‍ രൂപാന്താരം പ്രാപിച്ചത്
തേറ്റകള്‍......................പിടിയാനയ്ക്കും മോഴയ്ക്കും മാത്രം
വിരലുകള്‍.................ഇല്ല
നഖങ്ങള്‍....................6-18
തൊലി......................സ്വേദ ഗ്രന്‍ഥികള്‍ ഇല്ല


ആഫ്രിക്കന്‍ ആന

ആഫ്രിക്കന്‍ ആനയുടെ ചെവി ഏഷ്യന് ആനകളുടേതിനേക്കാള്‍ ഇരട്ടിയുണ്ട്. എഷ്യന്‍ കൊമ്പനാനകള്‍ക്ക് ഏകദേശം 3600കിലോ ഭാരമുള്ളപ്പോള്‍ ആഫ്രിക്കന്‍ കൊമ്പന് 5400 കിലോ തൂക്കമുണ്ട്. ഏഷ്യന്‍ പിടിയാനയുടെ ഭാരം 3000 കിലോയും ആഫ്രിക്കന്‍ പിടിയാനയുടേത് 3600 കിലോയുമാണ്.



ആനപ്പടങ്ങള്‍ - ഭാഗം1
ആനപ്പടങ്ങള്‍-ഭാഗം3