ചന്തുവിന് ഇന്ന് 3 വയസ്സ്
ചന്തുവിന് ഇന്ന് (30/9/2007) 3 വയസ്സ് തികയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കുറേ സംഭവങ്ങളും മുഖങ്ങളും മനസ്സില്‍ തെളിയുന്നു.
അവന്റെ ജീവന്‍ എന്റെയുള്ളില്‍ കുരുത്തു കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞ സമയത്ത് ഇവിടെയെല്ലാം ചെങ്കണ്ണ് (acute conjunctivitis)എന്ന പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചു. കൂട്ടത്തില്‍ എനിക്കും കിട്ടി. ഇവിടെയടുത്തുള്ള ഒരു eye specialist ന്റെയടുത്ത് കാണിച്ചു . പ്രഗ്നന്റായതുകൊണ്ട് വളരെ വീര്യം കുറഞ്ഞ ഒരു മരുന്ന് പുരട്ടാനായി തന്നു. അത് ദിവസം മൂന്നു നേരം വച്ച് പുരട്ടിയിട്ടും കാര്യമായ വ്യത്യാസം കണ്ടില്ലെന്നു മാത്രമല്ല, കാര്യം നാള്‍ക്കു നാള്‍ വഷളായി വരികയും ചെയ്തു. വീണ്ടും ഡോക്ടറെ പോയി കണ്ടു . വേറൊരു മരുന്നു തന്നു. അതു പുരട്ടിയിട്ടും ഫലം തഥൈവ. ഈ പരിപാടി ഒരു മാസത്തോളം തുടര്‍ന്നു. കണ്ണു തീരെ തുറക്കാന്‍ വയ്യാത്ത അവസ്ഥയായി. കണ്ണു തുറന്നാലല്ലേ എന്തെങ്കിലും കാണാന്‍ പറ്റൂ. ഇതിനിടയില്‍ മറ്റുള്ള ,ഛര്‍ദ്ദില്‍, തലകറക്കം തുടങ്ങിയ കലാപരിപാടികള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അവസാനം കുറേശ്ശെ പേടിയായി തുടങ്ങി. അപ്പോഴേക്കും നാലര മാസമായി. മസ്കറ്റിലെ Royal hospital ല്‍ നിന്നും retired ആയ ഗൈനക്കോളഗിസ്റ്റ് ഡോക്ടര്‍ കൌസല്യയെയാണ് കണ്‍സള്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. അവരോട് കാര്യം പറഞ്ഞപ്പോള് ഇത്രയും നാള്‍ വച്ചുകൊണ്ടിരുന്നതിന് കുറേ വഴക്കു പറഞ്ഞു. കണ്ണിന്റെ ഫ്യൂസ് പോകാതിരുന്നത് ഭാഗ്യം. എന്നിട്ട് ഡോക്ടറുടെ പരിചയത്തിലുള്ള ഒരു കണ്ണു ഡോക്ടറിന്റെയടുത്ത് പറഞ്ഞു വിട്ടു. അങ്ങനെ അടുത്ത രണ്ടാഴ്ച കൊണ്ട് രോഗം ഭേദമായി. ഏകദേശം ഒന്നര മാസത്തോളം ഇതുമൂലം കഷ്ടപ്പെട്ടു. അതില്‍ തന്നെ രണ്ടാഴ്ചയോളം തീരെ കണ്ണു കാണാന്‍ പാടില്ലാത്ത അവസ്ഥയായിരുന്നു.
ഏഴാം മാസം സ്കാന് ചെയ്തിട്ട് ആണ്‍ കുട്ടിയാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഏഴര മാസമായപ്പോള്‍ ഡെലിവറിക്കു വേണ്ടി നാട്ടില്‍ പോയി. ഡോക്ടര്‍ കൌസല്യയെ കുറിച്ച് ഒരല്പം. ഇത്രയും സിമ്പിള്‍ ആയ ഒരു ഡോക്ടരെ ഞാന്‍ വേറെ കണ്ടിട്ടില്ല. ‘’നീ” എന്നു മാത്രമേ ഡോക്ടര്‍ വിളിക്കൂ. ആ നീ വിളിയില്‍ സ്വന്തം അമ്മ മോളെ എന്നു വിളിക്കുന്നതിനേക്കാളും സ്നേഹമുണ്ടായിരുന്നു. മോനെ തിരികെ കൊണ്ടു കാണിക്കുവാന്‍ പറ്റിയില്ല. അതിനു മുന്‍പേ ഡോക്ടര്‍ ഉറുമ്പു (ഇവിടെ കാണപ്പെടുന്ന ഒരുതരം ഉറുമ്പിന്റെ കടിയേറ്റാല്‍ മരണം സംഭവിക്കാം) കടിയേറ്റ് മരിച്ചു പോയി.
നാട്ടില്‍ ചെങന്നൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പോയിരുന്നത്. അവിടെ അവരുടെ വക സ്കാനിങിനായി പോയ ദിവസം, റേഡിയൊളജിസ്റ്റ് എന്നോടു ചോദിച്ചു”മസ്കറ്റില്‍ വച്ച് സ്കാന്‍ ചെയ്തപ്പോള്‍ എന്തെങ്കിലും കുഴപ്പമുള്ളതായി പറഞിരുന്നുവോ?” വയറ്റില്‍ കൂടി ഒരാന്തലും തലക്കകത്തൂടെ ഒരു മിന്നല്‍ പിണരും. ഞാന്‍ പറഞ്ഞു “ഇല്ല, എന്താണു കുഴപ്പം“ . അയാള്‍ക്ക് മിണ്ടാട്ടമില്ല. നെറ്റി ചുളിക്കലും, മുഖത്തെ ഭാവവും കണ്ടിട്ട് എന്തോ സീരിയസായ പ്രശ്നമുണ്ടെന്നു മനസ്സിലായി. ഞാന്‍ വീണ്ടും എന്താണു കുഴപ്പമെന്നു ചോദിച്ചു കൊണ്ടിരുന്നെങ്കിലും പുള്ളി അതൊന്നും ശ്രദ്ധിക്കാതെ സ്കാനിങ്ങോടെ സ്കാനിങ്ങ്. അവസാനം സ്കാനിങ് അവസാനിച്ചപ്പോള്‍ അയാള്‍ പറഞു “കുഴപ്പമൊന്നുമില്ല, ഒരു കിഡ്നിക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. “ ഞാന്‍ ആ മുറിയില്‍ നിന്നും എങനെ പുറത്തു വന്നുവെന്നറിയില്ല. പിന്നിട് ഈ റിപ്പോര്‍ട്ടുമായി ഡോക്ടെറെ കണ്ടപ്പോള്‍ വെളിയില്‍ ഒരുപാടു പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ എന്റെ പുറത്തു തട്ടിക്കൊണ്ട് വിഷമം മുഴുവന്‍ കരഞ്ഞു തീര്‍ത്തോളാന്‍ പറഞ്ഞു.
Anti natal Hydronephrosis പ്രധാനമായും urinary tract ല്‍ ഉള്ള എന്തെങ്കിലും obstruction കാരണമാണ് സംഭവിക്കുന്നത്. പ്രസവ ശേഷം മിക്കവാറും കുട്ടികളില്‍ ഒന്നു മുതല്‍ രണ്ടു വയസ്സിനുള്ളില്‍ തനിയെ ഭേദമാവും. മറ്റുള്ളവരില്‍ surgery വേണ്ടി വരും. മോന്റെ കാര്യത്തില്‍, ഒരെണ്ണത്തിന് ചെറിയ ഒരു dilation മാത്രമേയുന്റായിരുന്നുള്ളൂ. എങ്കിലും ചിന്തകള്‍ കാടു കയറാന്‍ തുടങ്ങി. ഭര്‍ത്താവാണെങ്കില്‍ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി എന്തൊക്കെയോ പറയുന്നുണ്ടെന്നു മാത്രമേയുള്ളൂ.
അങ്ങനെ മൂന്നു ദിവസം എങനെയോ കടന്നു പോയി. നാലാമത്തെ ദിവസം തൊട്ട് മോനാണെങ്കില്‍ ഒരനക്കവുമില്ല. നേരത്തെയാണെങ്കില്‍ ഒറ്റയടിക്ക് പത്തിരുപതു ഇടിയും തൊഴിയുമൊക്കെ വച്ച് കിട്ടിക്കൊണ്ടിരുന്നതാണ്. വൈകുംനേരം വരെ ആരോടും പറയാനൊന്നും പോയില്ല. പിന്നെ ഇതിന്റെയെന്തെകിലും കുഴപ്പം കൊണ്ടാണോ അനക്കമില്ലാത്തതെന്നു തോന്നിയപ്പോളാണ് പറഞത്. അങ്ങനെ രാത്രിയില്‍ തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഈ നാലു ദിവസം കൊണ്ട് എന്റെ 5 കിലോ ഭാരം കുറഞ്ഞു. അത് കുഞിനേയും ബാധിച്ചതാണ് കാരണം. പക്ഷേ എന്റെ മനസ്സ് അത് സമ്മതിക്കാന്‍ തയ്യറായില്ല. മറ്റെന്തെങ്കിലും കുഴപ്പമാണോ എന്നുള്ള ആശങ്കയായിരുന്നു. രണ്ടു ദിവസം കൂടി നോക്കിയെങ്കിലും അതേ സ്ഥിതി തന്നെ തുടര്‍ന്നതു കൊണ്ട് അടുത്ത ദിവസം സിസേറിയന്‍ ചെയ്യാമെന്നു തീരുമാനിച്ചു.
അങ്ങനെ 2004 സെപ്റ്റെമ്പര്‍ 30ന് രാവിലെ 10 മണിയോടു കൂടി ഡെലിവറി റൂമിലേക്കു പോയി. മോശമായ ഒരു വാര്‍ത്തയാണ് എതാനും മണിക്കൂറുകള്‍ കൂടി കഴിയുമ്പോള്‍ അറിയുന്നതെങ്കില്‍ എന്റെയവസ്ഥയെന്തായിരിക്കുമെന്നുള്ള ചിന്തയെ ഒഴിവാക്കാന്‍ എത്രയൊക്കെ ശ്രമിച്ചിട്ടും കഴിഞില്ല. ഓപ്പറേഷനു വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമായി എന്തൊക്കെയോ injection എടുക്കുന്നുണ്ട്. അപ്പോഴാണ് ഡൂട്ടിയിലുണ്ടായിരുന്ന ജുനിയര്‍ ഡോക്ടര്‍ വന്ന് കേസ് ഷീറ്റ് നോക്കിയത്. എന്തോ വലിയ ഒരു പേരു വായിച്ചീട്ട് എന്നോടൊരു ചോദ്യം. “ഈ മരുന്നു ഞാന്‍ ആദ്യമായിട്ട് കാണുകയാ, ഇതെന്തിനുള്ള injection ആണെന്നറിയാമോ വനജയ്ക്ക്?“ രണ്ടു ദിവസമായി ഈ ഡോക്ടറുടെ വകയായി കുറേ ഡയലോഗുകള്‍ കേട്ടിരുന്നതിനാല്‍ ആളെ കുറിച്ച് ഒരു ധാരണയൊക്കെയുന്റാരുന്നുവെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. അതു കേട്ട് ആ ടെന്‍ഷനിടയിലും ചിരിച്ചു എന്നു തന്നെയാണെന്റെ ഓര്‍മ്മ. ഈ ചിരി പിന്നെ എന്റെ മുഖത്തൂന്ന് മറഞ്ഞത് ഇവരെ ഒപ്പറേഷന്‍ തിയറ്ററില്‍ മറ്റേ ഡോക്ടറുടെ assistant ആയി കണ്ടപ്പോളാണ്!!!
രണ്ടര കഴിഞപ്പോള്‍ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടു പോയി. പോകുന്നതിനു മുന്‍പായി കൂടെയുണ്ടായിരുന്ന ഡൂട്ടി നേഴ്സ് ഒന്നു കൊണ്ടൂം വിഷമിക്കണ്ട, മോനൊരു കുഴപ്പവും കാണില്ല എന്നു പറഞ്ഞ് ഒരു നിമിഷം എനിക്കു വേണ്ടി പ്രാര്‍ഥിച്ചു. അവിടെ, ഓപ്പറേഷന്‍ ടേബിളിന്റെ മുന്‍പില്‍ ഒരു വൈറ്റ് ബോര്‍ഡില്‍ എന്റെ പേരും മറ്റു വിവരങളും എഴുതിയിരുന്നു. അതിനു താഴെയായി “God bless you" എന്നും . പേടിച്ച് പകുതി കാറ്റു പോയിരിക്കുന്ന മനുഷ്യന്റെ മുഴുവന്‍ കാറ്റും പോകാന്‍ ഇതു കണ്ടാല്‍ മാത്രം മതി. ( എന്റെ കാര്യത്തില്‍, ആദ്യത്തേത്, നോര്‍മല്‍ ഡെലിവറിയായിരിക്കുമെന്നു കരുതിയിരുന്നുവെങ്കിലും, ഒരു അടിയന്തര ഘട്ടത്തില്‍ അതിനും സിസേറിയന്‍ വേന്റി വന്നു. അന്ന് 5 മിനുട്ടു കൊണ്ട് ഡെലിവറി റൂമില്‍ നിന്നും ഓപ്പറേഷന്‍ തീയറ്ററില്‍ എത്തിയതു കാരണം പേടിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തേതിനൊന്നു പേടിക്കാമെന്നു വിചാരിച്ചപ്പോള്‍ അതിങ്ങനെയായി.) ലോക്കല്‍ അനസ്ത്യേഷ്യ ആയിരുന്നതു കൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അറിയാമായിരുന്നു. മോനെയെടുത്തതും ഡോക്ടര്‍ എന്നെ കാണിച്ചു തന്നു. അത്രയും ആശ്വാസമായി.
പിന്നെ റിക്കവറി റൂമില്‍ കിടക്കുമ്പോള്‍, മോനെ അടുത്ത് കൊണ്ടുവന്നപ്പോള്‍ ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. മൂത്രമൊഴിക്കുമ്പോല്‍ എന്തെങ്കിലും തടസ്സമോ, കരച്ചിലോ ഒന്നും ഉണ്ടായിരുന്നില്ല. അതു കൊണ്ട് എല്ലാം മാറിയതായിരിക്കുമെന്നു കരുതി. പിന്നെ ഒന്നര മാസം കഴിഞ് സ്കാന്‍ ചെയ്തപ്പോളും അത് അങ്ങനെ തന്നെയെന്ന റിപ്പോര്‍ട്ട് വീണ്ടും നിരാശയിലേക്ക് തള്ളി വിട്ടു. പക്ഷേ യാതൊരു തടസ്സങ്ങളും കാണാനില്ലായിരുന്നു. മൂത്രം ടെസ്റ്റ് ചെയ്തിട്ടും മറ്റു വ്യതിയാനങ്ങളൊന്നും കണ്ടില്ല. പിന്നീട് പുഷ്പഗിരി ആശുപത്രിയിലുള്ള ഒരു പീഡിയാട്രിക് സര്‍ജനെ കാണിച്ചപ്പോള്‍ അദ്ദേഹവും രണ്ടു വര്‍ഷം ഒബ്സെര്‍വേഷന്‍ മാത്രം ചെയ്യാനാണു പറഞത്. പിന്നെ ഇവിടെ വന്ന് രണ്ടു സ്കാന്‍ ചെയ്തപ്പോളും ചെറിയ പ്രശ്നമുണ്ടായിരുന്നു. അടുത്ത സ്കാനിങിന്റെ report positive ആയിരുന്നു. രണ്ടു കിഡ്നിയും നോര്‍മല്‍. ഒരു പ്രശ്നവുമില്ല. അപ്പൊഴാണ് കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവിച്ചു കൊണ്ടിരുന്ന ടെന്‍ഷനില്‍ നിന്നു ഒരു മോചനം കിട്ടിയത്.
ഇതിനിടയില്‍, ആള്‍കാരുടെ പല തരത്തിലുള്ള പ്രതികരണവും കണ്ടു. നാലുമാസമായിട്ടും കഴുത്തുറക്കാത്തതെന്തുകൊണ്ട് , പത്തു മാസമായിട്ടും നടന്നിട്ടു വീഴാന്‍ പോകുന്നതെന്തു കൊണ്ട്, ഒന്നര വയസ്സായിട്ടും ചറപറാ സംസാരിക്കാത്തതെന്തുകൊണ്ട് എന്നും മറ്റുമുള്ള “ഉത്കണ്ഠകള്‍“!
അടുത്ത തവണ നാട്ടില്‍ പോയപ്പോള്‍ മോന് ഛര്‍ദ്ദിലായിട്ട്, അതേ ആശുപത്രിയില്‍ തന്നെ പോയിരുന്നു. മോനെ നോക്കിയിരുന്ന പീഡിയാട്രീഷനെ അന്നും കണ്ടു. അദ്ദേഹം കാര്യങ്ങളൊക്കെ തിരക്കി. കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ മോഡേണ്‍ മെഡിസിന് ഇങ്ങനെ ചില കുഴപ്പങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേ... കാര്യങ്ങള്‍ ഞാന്‍ വളരെ നിസ്സാരമായി പറഞുവെങ്കിലും അന്നനുഭവിച്ച പ്രയാസം അത്രക്കായിരുന്നു. അഞ്ഞൂറില്‍ ഒരു കുട്ടിക്കു വീതം ഇങ്ങനെ വരാരുണ്ട്. മിക്കവാറും തനിയെ ശരിയാവുകയും ചെയ്യും. അതുകൊണ്ട് മുന്‍പൊക്കെ ആരും ഇത്തരം പ്രശ്നങ്ങള്‍ അറിയാറില്ലായിരുന്നു. എന്നാല്‍ ഇതിന്റെ നല്ല വശവും കാണാതിരുന്നു കൂടാ. എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തെ മനസ്സിലാക്കിയാല്‍ അതിനനുസരിച്ച് ചികിത്സിക്കുവാനും മറ്റു കുഴപ്പങ്ങള്‍ ഒഴിവാകാനും സാധിക്കും.
33 comments:
ചന്തുവിന് എല്ലാ വിധ ആശംസകളും നേരുന്നു..മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ..
ചന്തൂട്ടിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും നേരുന്നതിനോടൊപ്പം ചന്തുവിന്റെ അമ്മയ്ക്കും അച്ഛനും ചന്തുവില്‍ക്കൂടി എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്,
പിറന്നാള്‍ ആശംസകള്‍!
സസ്നേഹം
കുഞ്ഞന്‍
ചന്തുവിന് ഐശ്വര്യസമൃദ്ധമായ ജന്മദിനാശംസകള്‍!
ചന്തൂന് എല്ലാ ആശംസകളും.
ഈ ഡോക്ടര്‍മാരു ചുമ്മാ പേടിപ്പിക്കുന്നതാ വനജേ. ഞാനുണ്ടായപ്പോ അറിയിക്കെണ്ടവരെയൊക്കെ അറിയിച്ചോ.. കൊച്ചിനു ജീവനില്ല എന്നാ ഡോക്ടറു പറഞ്ഞത്. അവസാനം എന്തായാലും കാഞ്ഞു പോയ കേസല്ലേ ഒരവസാനശ്രമം കൂടി നടത്താംന്നു പറഞ്ഞ് ഡോക്ടറ് എന്നെ കാലില്‍ പിടിച്ചു തൂക്കി കുടഞ്ഞു പോലും . ആ ശുഭമുഹൂര്‍ത്തത്തിലാണ് മമ്മിയ്ക്കു ബോധം വരുന്നത്. മമ്മി കണ്ട കാഴ്ചയോ.. തലകീഴായി തൂങ്ങിയാടുന്ന എന്നെ.. ഇപ്പഴും ഞാനെന്തെങ്കിലും തല്ലുകൊള്ളിത്തരം ചെയ്യുമ്പം മമ്മി പറയും- അതങ്ങനെയെ വരൂ.. ഞാനാദ്യം കാണുമ്പഴേ അവള് തലതിരിഞ്ഞിട്ടായിരുന്നൂന്ന്. പറയാന്‍ മറന്നു... ആ കുടച്ചിലോടു എനിക്കു ജീവന്‍ വന്നു കേട്ടോ.
വനജാ,
ചന്തുവിന് ജന്മദിനാശംസകള്‍!
ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന പല “തകരാറുകളും” സ്വയം ഭേദമാവാന്‍ വേണ്ട വിദ്യകളൊക്കെ ദൈവംതമ്പുരാന്‍ പണ്ടേ സൃഷ്ടിയുടെ കൂടെ ഉണ്ടാക്കിവച്ചിട്ടുണ്ട്. ഇതുപോലെ എത്രയോ, ഇതിലും കോമ്പ്ലിക്കെറ്റഡ് ആയ കേസുകള്‍ സുഖമായി കുഞ്ഞുങ്ങള്‍ സുഖമായി ജീവിക്കുന്നു. പിന്നെ നമ്മുടെ നാടിന്റെയും നാട്ടാരുടെയും ഒരു സ്വഭാവമാണ് എന്തെങ്കിലും അല്പം കാണുമ്പോഴേക്ക് അതുകൊണ്ടാണോ ഇത്, ഇതുകൊണ്ടാണോ അത് എന്നൊക്കെയുള്ള മെന്റല്‍ ബ്ലോക്കുകള്‍ ഉണ്ടാക്കിവയ്ക്കുക എന്നത്. ഒന്നും സാരമില്ല.. He will be all right.
ചന്തുവിനു പിറന്നാള്‍ ആശംസകള്‍
ചന്തൂന് ജന്മദിനാശംസകള്‍....
ചന്തുക്കുട്ടന്‍ നല്ല സ്മാര്‍ട്ടായി ഫോട്ടൊയ്ക്ക് പോസു ചെയ്തിട്ടുണ്ടല്ലോ.ജന്മദിനാശംസകള്‍ !
ente unnikkum innu birthday. but he is reached 6 today.
ചന്തൂട്ടിയ്ക്ക് ഞങ്ങളുടെ സ്തേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍!
സതീശന്‍&ആഷ
വനജേ
ഒരമ്മയാകുന്നത് ജീവിതത്തിലെ ഒരു വന്‍ പരീക്ഷയാണ്. ഇനി എന്തെല്ലാം പരിക്ഷകള്‍ കിടക്കുന്നു. റ്റേക് ഇറ്റ് ഈസി.
ചന്തുവിന് ഞങ്ങട ഒത്തിരി ജന്മ ദിനാശംസകള്‍.
ചന്തുവിന് ജന്മദിനാശംസകള്‍...
നേരുന്നു...
ചന്തുവിന് പിറന്നാളാശംസകള്‍. :)
ചന്തു ചുന്തരനാണല്ലോ
മോനു ജന്മദിനാശംസകള്‍....
എല്ലാ ഐശ്വര്യങ്ങളും നല്‍കി ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...
:)
ചുന്ദരക്കുട്ടന്‍ കൊച്ചു ചട്ടമ്പിയ്ക്കു് ഞങ്ങളുടെ ജന്മദിനാശംസകള്‍!
ചന്തുവിന് പിറന്നാളാശംസകള്‍
ചന്തുവിന് ജന്മദിനാശംസകള്‍!
ചന്ത്വേ, കുട്ടിപ്പുല്യേ,
പിറന്നാള്‍ ആശംസകള്‍. മിടുക്കനായി വേഗം വളര്, എന്നിട്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളതാ.
ആഹാ ഒരു സെയിം പിഞ്ച് അടിക്കാന്‍ ഓഫ് കമന്റ് (വനജേ ഒമാനിന്റെ മാപ്പ്)
കൊച്ചു ത്രേസ്യേ, ഞാന്‍ ജനിച്ചപ്പോഴും ഇതേപോലെ ആയിരുന്നു, കൊട്ടേന്നു അമ്മോണിയയിട്ട നെയ്മീന്‍ പൊക്കിയെടുക്കുമ്പോലെ ഡോക്റ്റര് എന്നെ തൂക്കിയെടുത്തു. എറങ്ങിയപാട് കൊച്ച് ശ്വാസം വലിച്ചില്ലെങ്കില്‍ വല്യേ പ്രതീക്ഷയൊന്നും വേണ്ടല്ലോ. ലവര് എന്നെ കാലേല്‍ വാരി എടുത്ത് ഒരൊറ്റ വീക്ക് നടുമ്പൊറത്ത്- ജാസ് ഡ്രം വായിക്കുന്നവന്‍ ഫ്ലോര് ടോം കീച്ചുമ്പോ കേള്‍ക്കുന്നതുപോലെ ഒരു "ഭുത്‌ക്കോ" മുഴങ്ങി ആ അടിയില്‍ . കിട്ടേണ്ടത് കിട്ടിയപ്പോ ഞാന്‍ കീയോ വിളിച്ചു ഒരു ചങ്ക് ഫുള്‍ ശ്വാസം വലിച്ചു. അതോടെ ഊര്‍ദ്ധ്വന്‍ വലിച്ചു നിന്ന അമ്മയും ഡോക്റ്ററും നഴ്സും ശ്വാസം വിട്ടു.
ചന്തുവിന് ഐശ്വര്യസമൃദ്ധമായ പിറന്നാളാശംസകള്‍ നേരുന്നു...:)
ചന്തൂന് ജന്മദിനാശംസകള്‍. മോന്‍ മിടുക്കനായ് വളരട്ടേ...
ജന്മദിനാശംസകള്‍
കുറച്ചു വൈകിയെങ്കിലും ചന്തൂട്ടിയ്ക്ക് പിറന്നാളാശംസകള്‍!
:)
വൈകിയെങ്കിലും ചന്തുവിന് പിറന്നാളാശംസകള്‍!
മൂര്‍ത്തി :)
കുഞ്ഞന്‍ :)
സതീശ് :)
കൊച്ചു ത്രേസ്യ :) ത്രെസ്യാ , അതൊന്നുമായിരിക്കില്ല കാരണം. ഡൊക്ടര്‍ക്ക് മുഖം കണ്ടപ്പളെ വളര്‍ന്നു വരുമ്പം കൈയ്യിലിരിപ്പിതാരിക്കുമെന്നു തോന്നി കാണും.മുങ്കൂറായി ഒന്നു കുടഞു വിട്ടതാവാനേ വഴിയുള്ളൂ..
അപ്പു :)
കുറുമാന്‍ :)
അഞ്ചല്‍കാരന്‍ :)
മുസാഫിര്‍ :)
നിലീനം :)മോന് ഞ്ഞങളുടെ ആശംസകള്‍
ആഷ :)ഒരു സ്മൈലി മുകളില്‍ ഇട്ടിട്ടുണ്ട്.
മാവേലി കേരളം :)കുട്ടികളെ പ്രസവിച്ചതു കൊണ്ടും വളര്‍ത്തിയതു കൊണ്ടും മാത്രം അമ്മയാവില്ലെന്നറിയാം. അമ്മയെന്ന വാക്കിന് ഒരുപാടര്‍ത്ഥങളുണ്ട്.
ദ്രൌപതി :)
ദില്‍ബാസുരന്‍ :)
ചോപ്പ് :)
സഹയാത്രികന്‍ :)
വേണു :)
സന്തോഷ് :)
ഏറനാടന്‍ :)
ദേവന്‍ :)ദേവേട്ടന്‍, കൊച്ചുത്രേസ്യായോടു പറഞ്ഞ കാര്യം തന്നെ ഇവിടെയും പറയാനുള്ളൂ. പിന്നെ, ഒമാന്റെ ഒരു കൊട്ട മാപ്പ് കൊറിയറില്‍ അയച്ചിട്ടുണ്ട്.
മയൂര :)
ഇത്തിരിവെട്ടം :)
വല്യമ്മായി :)
ശ്രീ :)
ശിശു :)
എല്ലാവര്‍ക്കും നന്ദി.
കേക്ക് എല്ലാവര്‍ക്കും ഇന്നലെതന്നെ അയച്ചിരുന്നു. കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു.
മോനു ജന്മദിനാശംസകള്‍....
എല്ലാ ഐശ്വര്യങ്ങളും നല്‍കി ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...
പിന്നെ ഇവിടെ പടങ്ങളൊന്നും കാണാന്‍ സാധിക്കുന്നുല്ല. അതാണ്‍് ഇവിടുത്തെ ഒരു കുഴപ്പം.
മറ്റൊരാള്‍,
വളരെ നന്ദി..
qw_er_ty
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
ചന്തുവിനു ഇത്തിരി വൈകിയ പിറന്നാള്‍ ആശംസകള്‍..
ഫസല്‍, കുട്ടിച്ചാത്തന്‍,
ഇവിടെ വരികയും ആശംസകള്‍ അറിയിക്കുകയും ചെയ്തതിനു നന്ദി.
വൈകിയാണിത് കണ്ടത്..
വലിയ ഒരു പരീക്ഷണ ഘട്ടം തന്നെയായിരുന്നുവല്ലേ..
ചന്തൂട്ടന്‍ നന്നായി വളരട്ടെ..
ഞാനിതു വായിക്കാന്‍ വൈകിപ്പോയി.ചന്തുമോനു പിറന്നാളാശംസകള്‍!വരും വര്‍ഷങ്ങളിലേക്കുള്ളതു advance ആയും നേരുന്നു.
Post a Comment