Wednesday, October 24, 2007

ബള്‍ഗേറിയയിലേക്ക് ഒരു email

അന്ന് ഒരവധി ദിവസമായിരുന്നു. വൈകുന്നേരം കുട്ടികളേയും കൊണ്ട് പുറത്തൊക്കെ ഒന്നു കറങ്ങിയിട്ട് തിരിച്ചെത്തിയപ്പോഴാണ് പ്രദീപിന് ഒരു ഡോക്ടര്‍ സുഹൃത്തിന്റെ ഫോണ്‍ വന്നത്. അദ്ദേഹത്തിന്റെ മകന്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കുകയാണ്. അത്യാവശ്യമായി മകന് എന്തോ document ഇമെയില്‍ ചെയ്യണം. വീട്ടില്‍ ഇന്റെര്‍നെറ്റ് കണക്ക്ഷന്‍ ഇല്ല. അതുകൊണ്ട് പ്രദീപിന്റടുത്തു വന്ന് അയക്കാമെന്നു കരുതി വിളിച്ചതാണ്. ഇത്രയും കേട്ടു കഴിഞ്ഞപ്പോഴും പ്രദീപിന്റെ ഭാര്യക്കു സംശയം. എങ്കിലും ഈ രാത്രി 11 മണിക്ക് അദ്ദേഹമെന്തിനാണ് ഇരുപത് കിലോമീറ്ററോളം ദൂരം ഡ്രൈവ് ചെയ്തിവിടെ വരുന്നത്, അവിടടുത്തെങ്ങും ഇന്റെര്‍നെറ്റ് കണക്ഷന്‍ ഉള്ള വീടുകള്‍ ഇല്ലാത്തതു പോലെ.

കുട്ടികളെയെല്ലാം കിടത്തി ഉറക്കി ഡ്രെസ്സൊക്കെ മാറി വന്നപ്പോഴേക്കും കോളിങ് ബെല്‍ അടിച്ചു. പ്രദീപ് ചെന്ന് വാതില്‍ തുറന്നു. പിന്നാലെ സഹധര്‍മ്മിണിയും. അതിഥിയെ ഒന്നു വിഷ് ചെയ്ത് ഒരു കുശലമൊക്കെ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ ഡോക്ടറുടെ ശബ്ദം കേട്ടു.

“ഈ ബള്‍ഗേറിയയിലേക്ക് ഇമെയില്‍ അയക്കുന്നതിന് ഒരുപാടു പൈസയാകുമോ? എത്രയായാലും ഞാനങ്ങു തരാം പ്രദീപേ, പക്ഷേ ഇന്നു തന്നെ അയക്കണം.”

പ്രദീപിന്റെ പൊളിഞ്ഞിരിക്കുന്ന വാ കാണാന്‍ അവള്‍ക്ക് ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നുവെങ്കിലും, ഇതു കേട്ട ഞെട്ടലില്‍ ബോധം മറഞ്ഞു വരുന്നതായി തോന്നിയതു കൊണ്ട് നേരെ കട്ടിലില്‍ ചെന്നു വീണു.

കുറിപ്പ്‌:

ഇത് ഇന്റെര്‍നെറ്റും, ഇമെയിലും മറ്റും കണ്ടുപിടിച്ച കാലഘട്ടത്തില്‍ ഏതോ വാരികയില്‍ വന്ന മിനിക്കഥയൊന്നുമല്ല. കഴിഞ്ഞ വ്യാഴാഴ്ച ഞങ്ങളുടെ വീട്ടില്‍ സംഭവിച്ച ഒരു അത്യാഹിതം മാത്രമാകുന്നു.

23 comments:

Vanaja said...

നര്‍മ്മം എന്ന ലേബല്‍ എത്രത്തോളം അനുയൊജ്യമാണെന്നറിയില്ല.
ഈ ഇന്റെര്‍നെറ്റ് യുഗത്തില്‍ ഈ ചോദ്യം ചോദിച്ചത് വെറുമൊരു സാധാരണക്കാരനല്ല. വര്‍ഷങ്ങളായി ഇവിടെ പ്രാക്റ്റീസ് ചെയ്യുന്ന ഒരു സര്‍ജ്ജനാണ്. അതും എന്തിലും ഏതിലും കേമര്‍ എന്നഭിമാനം കൊള്ളുന്ന മലയാളികളിലൊരാള്‍.

ഒരു പക്ഷേ ഇതൊരൊറ്റപ്പെട്ട സംഭവമായിരിക്കും. എന്നാലും...

Unknown said...

കേരളത്തിലെ കാര്യമാണെങ്കില്‍ അല്‍ഭുതമൊന്നും ഇല്ല. ജനിക്കുമ്പഴേ കമ്പ്യൂട്ടര്‍ കാണുന്ന തലമുറ 4 വയസ്സില്‍ തന്നെ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യും എന്നാല്‍ അത് വളരെ പുതിയ ടെക്നോളജി ആയി തോന്നുന്ന തലമുറയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. മാധ്യമങ്ങള്‍ നല്ല എക്സ്പോഷര്‍ നല്‍കുന്നുണ്ട് എങ്കിലും ദൈനംദിന ജീവിതത്തില്‍ കമ്പ്യൂട്ടറിന്റെ ഉപയോഗം ആവശ്യമായി വരാത്തവരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിയ്ക്കാവുന്നതാണ്.

സാജന്‍| SAJAN said...

ഹ ഹ ഹ, വനജേ ഇങ്ങനെ ചിരിപ്പിക്കാതെ, പ്രദീപിന്റെ ആ തുറന്നിരിക്കുന്ന വായുടെ ഫോട്ടോ ഒന്ന് ഇട്ടായിരുന്നെങ്കില്‍ കൊള്ളായിരുന്നു
പിന്നെ ഈ സി ഐ ഡി എന്നാല്‍ എന്താന്ന് അറിയുമോ?
ക്ലൂ ഈ പോസ്റ്റിലുണ്ട്!

Unknown said...

CID യില്‍ computer illiterate വരെ ഊഹിച്ചു. ഡി എന്തും ആവാമല്ലോ? ;-)

krish | കൃഷ് said...

പല പല പുത്തന്‍ ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെ രോഗനിര്‍ണ്ണയവും സര്‍ജറിയും നടത്തുന്ന ഡോക്ടര്‍മാരുടെ ഇടയിലും ഇത്തരം സി.ഐ.ഡോക്ടര്‍മാരും ഉണ്ടല്ലോ.

സാജന്‍| SAJAN said...

ദില്‍ബന്‍, കൃഷ് സമ്മതിച്ചേ....ഞാന്‍ തോറ്റൂ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

u exhibit the fact

All the best

മെലോഡിയസ് said...

എന്നാലും ഇങ്ങനെയും ഉണ്ടാകുമോ ഡോക്റ്റര്‍മാര്‍.

സംഭവം ചിരിക്കാന്‍ ഉള്ള വക നല്‍കി ട്ടാ

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

വളരെ നല്ലത്. പാവം ഡോക്ടര്‍. വേറെ എവിടെയെങ്കിലും പോയെങ്കില്‍ മാനം എങ്കിലും രക്ഷിക്കാമായിരുന്നു.

ഏറനാടന്‍ said...

ഹഹഹ ഡോക്‍ടര്‍ അത്രയല്ലേ ചെയ്തുള്ളൂ.. കമ്പ്യൂട്ടര്‍ ചൂടായികിടക്കുന്നത്‌ തൊട്ടുനോക്കി കുഴല്‍ വെച്ച്‌ പരിശോധിച്ച്‌ പാരസെറ്റാമോള്‍ കൊടുത്തായിരുന്നേല്‍ എന്താകുമായിരുന്നേനേം! :)

സഹയാത്രികന്‍ said...

ഹ...ഹ..ഹ... ഡോക്ടറേ....!

ഓ:ടോ: ഈയിടെ ഒരു അഡ്വര്‍ട്ടൈസിങ്ങ് കമ്പനിയുടെ മുതലാളി അവിടുത്തെ ഡിസൈനറോട് പറഞ്ഞു...
“ എടോ സീഡികളൊന്നും ഇങ്ങനെ കവറിന് പുറത്ത് വയ്ക്കരുത്... വൈറസ് കേറും...!“
ആ ഡിസൈനര്‍ പിറ്റേന്ന് ജോലി രജിവച്ചു...
:)

Saha said...

എന്തായാലും, വനജേ, ചിരിക്കാന്‍ നല്ല ഒരു വകതന്നെ.
ഒരു പാവം ഡോക്റ്റര്‍!
അവനവന്‍‌റേതല്ലെന്ന് ധരിക്കുന്ന മേഖലകളില്‍ ഇമ്മാതിരി വിഡ്ഢിത്തം എഴുന്നള്ളിക്കുന്നവരെ നമുക്ക്, ഉള്‍ക്കൊണ്ട് ക്ഷമിക്കാം.
ഇവിടെ, എന്‍‌റെ ഒരു പഴയ ഒരു “ബോസ്” ആഴ്ചയിലൊരിക്കലെങ്കിലും, ഇങ്ങനെ സ്കോര്‍ ചെയ്യുമായിരുന്നു. എഴുതാനാണെങ്കില്‍ ഒരൂ “മണ്ടൂസ്” സീരീസ് തന്നെ പറ്റും. ഇപ്പോഴും ഇവിടെ ഒരു തരക്കേടില്ലാത്ത സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ മേധാവിയാണിദ്ദേഹം. അങ്ങനെയുള്ള മഹാന്‍‌മാരുള്ളപ്പോള്‍, ഈ ഡോക്റ്റര്‍ ഒരു വെറും അശു.

Sherlock said...

ശരിയാണ്..ഇതിനെ നര്മ്മം എന്നു വിളിക്കാന് പാടില്ല. വര്ഷങ്ങളായി പ്രാക്ടീസ് ചെയ്യുന്നു എന്നു പറയുമ്പോള് തന്നെ ഇന്റ്ര്നെറ്റ് യുഗത്തിനു മുമ്പു തന്നെ ഡോക്ടര് പട്ടം കിട്ടിയ ആളായിരിക്കുമെന്നു കരുതാം..അപ്പോ പിന്നെ ഇതൊരു പ്രശ്നമാണോ?...ആ ഡോക്ടര്ക്കു പകരം ഒരു ഡിഗ്രി സ്റ്റുഡന്റ് ആണ് ഇത് ചോദിക്കുന്നതെങ്കില് അതിനെ നമുക്ക് നര്മ്മത്തില് പെടുത്താം...അല്ലേ?

rajesh said...

ഇത്ര അവഹേളിക്കാനും മാത്രം അദ്ദേഹം എന്തു ചെയ്തു?

മകനു വേണ്ടി urgent ആയി ഒരു document അയക്കാന്‍ തത്രപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു വിശ്വസിക്കാം എന്നു തോന്നിയ ഒരാളിന്റെ വീട്ടില്‍ വന്നു ന്യായമായ ഒരു സംശയം ചോദിച്ചു എന്നല്ലേ ഉള്ളു?

ഇമെയില്‍ അയക്കാന്‍ പൈസ ആകുമോ ഇല്ലയോ എന്ന് ആര്‍ക്കറിയാം. കിലോബൈറ്റും മെഗബിറ്റും വെച്ച്‌ കണക്കാക്കുന്ന ഒരു നെറ്റ്‌ കണക്ഷന്‍ scheme ഉള്ള ഒരാള്‍ ചിലപ്പോള്‍ കൂടുതല്‍ data transfer വന്നാല്‍ അധികം ചര്‍ജ്‌ കൊടുക്കേണ്ടി വന്നാലോ?

നമ്മളിപ്പോള്‍ വലിയ computer guru ഉം ബ്ലൊഗ്ഗറുമൊക്കെ ആകുമ്പോള്‍ വന്ന വഴി മറന്നു പോകരുത്‌. press any key to continueഎന്നു monitor ല്‍ തെളിയുമ്പോള്‍ എവിടെ ഈ നശിച്ച സാധനം ( "any key ") എന്നു മനസില്‍ വിചാരിക്കുന്ന ഒരു കാലം പലര്‍ക്കുമുണ്ടായിരുന്നു.

ഇതേ പോലെയല്ലെ നമ്മള്‍ ഒരു ഡോക്ടറുടെ അടുത്തിരുന്ന് വലിയ ജാടയില്‍ പലപ്പോഴും antibiotics, acidity, എന്നും മറ്റും തട്ടിവിടാറുള്ളത്‌? എന്താണെന്നറിയാതെയുള്ള ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരും ചിരിക്കുന്നുണ്ടാകും.

kidney എന്നു പറഞ്ഞാല്‍ വൃഷണമാണെന്നു വിചാരിക്കുന്ന എത്രയോ "മിടുക്കന്മാര്‍" നമ്മുടെ ഇടയിലുണ്ട്‌.


മറ്റൊരാളിന്റെ അജ്ഞതയെ ചൂണ്ടിക്കാട്ടി ചിരിക്കുന്നവര്‍ പലപ്പോഴും സ്വന്തം കുറവുകള്‍ മറയ്ക്കാനാണെന്ന് കേട്ടിട്ടുണ്ട്‌.( ഈ പറഞ്ഞത്‌ പോസ്റ്റിന്‍ ക്കുറിച്ചല്ല. ചില കമന്റുകളെക്കുറിച്ച്‌)

ശ്രീ said...

സംഭവം നല്ലൊരു നര്‍‌മ്മം തന്നെ.

പക്ഷേ, ആ ഡോക്ടറെ കുറ്റപ്പെടുത്താനാകുന്നില്ല. ഇതു പോലെ എത്രയോ പേരുണ്ട്. അവരവരുടെ തൊഴിലില്‍‌ വിദഗ്ദ്ധരും എന്നാല്‍‌ കമ്പ്യൂട്ടര്‍‌ പരിജ്ഞാനം കുറവുള്ളവരുമായ ആളുകള്‍‌...

ആഷ | Asha said...

ഹ ഹ
പാവം ഡോക്ടര്‍
വന്നു തല വെച്ചു കൊടുത്തത് ഒരു ഭീകരയുടെ അടുത്തായി പോയല്ലോ.

Vanaja said...

ദില്‍ബാസുരന്‍,
കേരളത്തിലല്ല, മസ്ക്റ്റിലാണ് സംഭവം.
സാജന്‍,
ക്യാമറ എടുക്കാനുള്ള ബോധമൊന്നും അപ്പോള്‍ ഇല്ലായിരുന്നു.
കൃഷ്,പറഞ്ഞതു കാര്യം.
പ്രിയ :)
മെലോഡിയസ് :)
വാല്‍മീകി :)അദ്ദേഹത്തിന്റെ മാനമൊന്നും പോയിട്ടില്ല. ഇപ്പോഴും അദ്ദേഹം അനോണിമസ് തന്നെ.
ഏറനാടന്‍ :)
സഹയാത്രികന്‍ :)
സാഹ :)
ജിഹേഷ് :) ഇന്ന് മിക്കവാറും എല്ലാ പ്രൊഫെഷനിലും അത്യാവശ്യം കമ്പുറ്റെര്‍ പരിജ്ഞാനം നല്‍കുന്ന ട്രൈനിങും മറ്റും കൊടുക്കാറുണ്ടല്ലോ.

രാജേഷ്,
അദ്ദേഹത്തെ ഞാന്‍ അവഹേളിച്ചിട്ടില്ല.കാര്യം അദ്ദേഹത്തോട് അപ്പോള്‍ തന്നെ ഭര്‍ത്താവ് പറഞ്ഞു കൊടുക്കുകയും ചെയ്തു.പിന്നെ ഒരു മെയില്‍ id പോലുമില്ലാത്ത അദ്ദേഹം ആ ചോദ്യം ചോദിച്ചത് അജ്ഞത മൂലം തന്നെ. അത് വളരെ ചെറിയ ഒരു വിസ പേപ്പര്‍ ആയിരുന്നു.

ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും വൈദ്യശാസ്ത്രത്തില്‍ വ്ന്നുകൊണ്ടിരിക്കുന്ന പുതിയ പുതിയ അറിവുകളെ കുറിച്ച് അറിഞ്ഞിരിക്കേണം. അതിന് ഇന്ന് ഏറ്റവും നല്ല മാര്‍ഗ്ഗം ഇന്റെര്‍നെറ്റ് ആണെന്നുള്ളത് വാസ്തവവും.

acidity, antibiotics എന്നൊക്കെ common man അറിഞ്ഞിരിക്കണമെന്നുണ്ടോ?

ഐന്‍സ്റ്റീന്റടുത്ത് ഒരിക്കല്‍ ഒരാള്‍ 'ഒരു മൈലില്‍ എത്ര അടിയുണ്ട്' എന്ന് ചോദിച്ചു. അദ്ദേഹം അതിനു പറഞ്ഞ മറുപടി “ I don't know. Why should I fill my brain with facts I can find in two minutes in any standard reference book" എന്നാണ്.

പക്ഷേ അദ്ദേഹത്തിനു ബുക്കു വായിക്കാനറിയില്ലെങ്കില്‍ എന്തു ചെയ്യും? ഇന്ന്‌ അദ്ദേഹമുണ്ടായിരുന്നെങ്കില്‍ reference book എന്നുള്ളിടത്ത് internet എന്നു പറയുമായിരുന്നു എന്ന വ്യത്യാസം മാത്രം.

പിന്നെ, ഞാന്‍ പറഞല്ലോ ഇതൊരൊറ്റപ്പെട്ട സംഭവം ആകാനേ തരമുള്ളെന്ന്.

ശ്രീ,
അത്യാവശ്യം കമ്പുട്ടര്‍ പരിജ്ഞാനം ഇന്ന് മിക്ക മേഖലയിലും ആവശ്യമാണ്,അക്ഷരാഭ്യാസം വേണ്ടതുപോലെ.

ആഷ, ഭീകര എന്നു വിളിച്ച് എന്നെ അവഹേളിച്ചാലുണ്ടല്ലോ:)

അതുല്യ said...

ഒരുപാട് ഉയരങ്ങളില്‍ എത്തുമ്പോഴും പിന്നേയും എന്തൊക്കെയോ നമ്മളില്‍ ഇല്ലാതെ തന്നെയിരിയ്കും,
കഴിഞ കൊല്ലം മരിച്ച എന്റെ മുത്തച്ഛന്‍, 92 വയസ്സില്‍ മരിയ്കുന്നത് വരേയും,സുപ്രീം കോടതി വക്കീലായിരുന്നു, കോഡലെസ്സ് ഫോണ്‍. താത്താ, ടോല്‍ക്ക് ബട്ടന്‍ ഞെക്കുങ്കോ” എന്ന് പറഞാലും അത് ചെയ്യാണ്ടേ, എന്നെ നീ പകലുമാത്രം വിളിച്ചാല്‍ മതി എന്ന് പറയുമായിരുന്നു വനജേ. അത് പോലെ ഇത്രയായിട്ടും ഞാന്‍, വീട്ടിലെ റ്റി.വി ഒന്ന് ഓണ്‍ ചെയ്യും എന്ന് അല്ലാണ്ടേ, അതിലേയ്ക് ഡീവിഡീയോ മറ്റൊ ഇട്ട് കാണാന്‍ കണക്ക്റ്റ് ചെയ്യാന്‍ എനിക്ക് അറിഞൂടാ. രാത്രി മകന്‍ സി.ഡി ഇട്ട് സിനിമ കണ്ടിരുന്നെവെങ്കില്‍ രാവിലെ റ്റിവി ലു ചാനല്‍ വരില്ല, അവന്‍ എണീക്കണത് വരേയും ഞാന്‍ കാക്കും. 87 ഇല്‍ പഴയ ഫ്ലോപ്പി ഡിസ്കില്‍ വൈറസ് ന്ന് പറഞപ്പോ വെയിലത്ത് വച്ച് ഉണക്കൂന്ന് തമാശയ്ക് ഭര്‍ത്താവ് പറഞത് കേട്ട്, 2 ദിവസം ടെറസ്സില്‍ വച്ചവളാണു ഞാന്‍.

ഗയനക്കോളജിയില്‍ അതി വിദഗദ്ധ് ആയ (ഇപ്പോ റിട്ടയറ്ഡ്, എങ്കിലും ഒരു മിനിറ്റ് പോലും നിന്ന് തിരിയാന്‍ സമയമില്ലാതെ പ്രാക്റ്റീസ് ചെയ്യുന്ന, എന്റെ ഫാമിലി ഡോക്ടര്‍ ശ്രീമതി വിജയ ലക്ഷ്മി മേനോന്‍,ഇപ്പോഴും ഒരു കമ്പ്യൂട്ടര്‍ എന്താണെന്നോ അതിലൂടേ മെയില്‍ അയച്ചാല്‍ വായിയ്കാമെന്നോ പറഞാല്‍ പറയും, നീ സൌകര്യമുണ്ടേങ്കില്‍ ഫോണില്‍ പറ എന്ന്. ഇത് പോലെ തന്നെ, ഡോക്ടര്‍ ....., (റിട്ടേയ്യ്ര്ഡ് സൂപ്രണ്ട്, തിരുവനതപുരം മെഡിക്കല്‍ കോളേജ്), അങ്ങേര്‍ക്കും കമ്പ്യൂട്ടര്‍ എന്ന് പറഞാല്‍ അലര്‍ജിയാണു.

പഴയ തലമുറയിലെ ചിലര്‍ ദിലബ്സ് പറഞ പോലെ പുതിയ റ്റെക്കനോളോജി വരുമ്പോ വിമുഖത കാട്ടും അതിനോട്.(ഏക്സല്‍ അറിയാത്ത പഴയ സി.എ. ക്കാരുമുണ്ടിവിടേ!!)

Vanaja said...

അതുല്യചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായി. കാരണം, എന്റെ അച്ഛന്‍ വീട്ടിലെ ഫ്യൂസ് പോയാല്‍ അതൊന്നു കെട്ടാനോ എന്തിന് ഒരു ഗ്യാസ് സിലിണ്ടര്‍ മാറ്റിവയ്കാനോ പോലും അറിയാന്‍ പാടില്ലാത്ത ആളാണ്. പക്ഷേ അങ്ങനെയുള്ള അദ്ദേഹം, കഴിഞ്ഞ തവണ ഞങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ ഒരു മൊബൈല്‍ ഫോണ് വേണമെന്നു പറഞ്ഞപ്പോളും എനിക്ക് മുകളില്‍ പറഞ്ഞ ബോധക്കേടുണ്ടായി. (തമാശയ്ക്കു വേണ്ടീ അല്പം അതിശയോക്തി കലര്‍ത്തി എന്നേയുള്ളൂ. ബോധമൊന്നും പോയില്ലെങ്കിലും വലിയ അത്ഭുതമായിരുന്നു.) പോയപ്പോള്‍ ഫോണ്‍ വാങികൊണ്ടു പോയെങ്കിലും അതിന്റെ ഉപയോഗക്രമം എങനെയൊന്നു മനസ്സിലാക്കികൊടുക്കും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും ഒന്നു കാണിച്ചു കൊടുത്തപ്പോഴേക്കും കാര്യങള്‍ പഠിച്ചെടുത്തു. വീട്ടില്‍ അച്ഛനുമമ്മയും തനിച്ചാണ്. കുറച്ചു നാള്‍ മുന്‍പ്‌ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നപ്പോഴാണ് ഫോണില്ലാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലായതും, വേണമെന്നു തോന്നിയതും. ദില്‍ബാസുരന്‍ പറഞ്ഞത് ശരിതന്നെ അല്ലേ. നമ്മുടെ ഡോക്ടര്‍ക്കും അന്നു രാത്രി കമ്പുട്ടര്‍ പഠിക്കേണ്ടതായിരുന്നു എന്നു തോന്നികാണും.

പിന്നെ, ആരായാലും കമ്പുട്ടറിനോട് ഇത്ര അലര്‍ജി വേണോ? ഉദാഹരണത്തിന് മെഡിക്കല്‍ ഫീല്‍ഡ് മൈനസ് കമ്പുട്ടര്‍ എന്ന് ആലോചിച്ചു നോക്കാന്‍ അവര്‍ക്കും പറ്റില്ല.

പിന്നെ, ചേച്ചി, 87-ല്‍ ചേച്ചി ഫ്ലോപ്പി വെയിലത്ത് വച്ച് ഉണക്കി. ശരിതന്നെ.പക്ഷേ ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം 2007-ല്‍ ചേച്ചിയെപോലൊരാള്‍ അങ്ങനെ ചെയ്തുവെന്നറിഞ്ഞ് ജനം ചിരിച്ചാല്‍ നമുക്കവരെ കുറ്റപ്പെറ്റുത്തുവാന്‍ പറ്റുമോ?

Vanaja said...

ചേച്ചീ ഞാന്‍ കരുതിയത് ഇതൊരൊറ്റപ്പെട്ട സംഭവമായിരിക്കുമന്നാണ്. അങ്ങനെയല്ല എന്നു മനസ്സിലാക്കി തന്നതിനു നന്ദി.:)

പൈങ്ങോടന്‍ said...

ബള്‍ഗേറിയായിലേക്കാണെങ്കില്‍ ഒരു ഒന്നൊന്നര പൈസയാകുമെന്ന് പറഞ്ഞ് ഡോക്ടറെ പറ്റിച്ച്
വാങ്ങിച്ച കാശിന്റെ കാര്യമെന്താ ഇവിടെ പറയാഞ്ഞേ? ഹ ഹ ഹ

Sapna Anu B.George said...

ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല..... ഇവിടെ ധാരാളം ആള്‍ക്കാരെ ഞാന്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. ഒരു മാസം കൊണ്ട് ,ഞങള്‍ താമസിക്കുന്ന സ്ഥലത്ത്, ഒമാനിക് ഇന്റെര്‍നെറ്റ് കിട്ടാന്‍ തന്നെ പ്രയാസം. നാട്ടില്‍ മൊബൈല്‍ ഫോണ്‍ , നമ്പര്‍ കുത്തി വിളിക്കാന്‍ അറിയാത്തവര്‍ ഉണ്ട്....എതായാലും നാന്നായി എഴുതിയിരിക്കുന്നു വനജ.