Monday, January 7, 2008

ഒരല്‍പ്പം ബ്ലോഗുകാര്യം

ബൂലോക താരോദയം 2007 , സൂപ്പര്‍ ബ്ലോഗര്‍ 2007 എന്നീ പോസ്റ്റുകളില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ? ഇവിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ എല്ലാവരും ശരിയായ ഒരു അവാര്‍ഡ് ജേതാവിനെ കണ്ടെത്താനാവാതെ നട്ടം തിരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനൊരന്തവും കുന്തവുമില്ലേ കൂട്ടുകാരെ?ഈ അവസരത്തില്‍ എനിക്കു പറയാനുള്ള ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..

ബ്ലോഗിംഗ് എന്നാല്‍ എന്ത്? അതിന്റെ ഉദ്ദേശവും ലക്ഷ്യവും എന്ത് മുതലായ കാര്യങ്ങളില്‍ വ്യക്തമായ ഒരു ധാരണ, (ഒരു പക്ഷേ താരതമ്യേന പുതിയ ഒരു മാധ്യമമായതിനാലാവും) മിക്കവര്‍ക്കും ഇല്ല, അല്ലെങ്കില്‍ പലരും ധരിച്ചു വച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ ബ്ലോഗിങ്ങ് എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടു കണ്ടു. അതില്‍ ചില കാര്യമില്ലാതില്ലേ എന്ന ചിന്താകുഴപ്പം എന്നേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. മനസമാധാനത്തോടെ ഉറങ്ങികൊണ്ടിരുന്ന എനിക്ക് ഉറക്കം നഷ്ടപ്പെട്ട കരാള രാത്രികളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനൊരുത്തരം കണ്ടെത്തേണ്ടത് വ്യക്തിപരമായ ഒരാവശ്യം കൂടിയായി തീര്‍ന്നിരിക്കുന്നു.

ഗൂഗിളിലും മറ്റും തപ്പി ചില ലിങ്കുകളിലൊക്കെ ചെന്നു നോക്കിയെങ്കിലും ഒന്നും തൃപ്തികരമായി തോന്നിയില്ല. ഈ വിഷയത്തെ പറ്റി നേരത്തെ ഒരു പോസ്റ്റോ ചര്‍ച്ചയോ നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ദയവായി ആ ലിങ്ക് ഒന്നെടുത്തു തരൂ. ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ താല്പര്യവും അറിവുമുള്ളവര്‍ സമഗ്രമായ, അവാര്‍ഡു പടം പോലല്ലാതെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു പോസ്റ്റിടൂ. അങ്ങനെ ബ്ലോഗിംഗ് എന്ന കരകാണാ കടലലയില്‍ മുങ്ങിത്തപ്പി അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുന്ന എന്നെ പോലുള്ള അനേകായിരങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ടു കടന്നു വരൂ. (ബ്ലോഗവാര്‍ഡ് കിട്ടിയില്ലെങ്കിലും ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഈ എനിക്കു തന്നെ.) അവാര്‍ഡു സിനിമ മാത്രം എടുക്കുന്ന സംവിധായകരെ പോലെ ഇനി അവാര്‍ഡിനായി മാത്രം ബ്ലോഗുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പ്രയോജനപ്പെടുമല്ലോ? നമുക്കോ പറ്റിയതു പറ്റി. ഇനി വരുന്നവര്‍ക്കെങ്കിലും ഈ അബദ്ധം പറ്റാതിരിക്കാന്‍ ഒന്നുമല്ലെങ്കിലും ബ്ലോഗിന്റെ സൈഡ് ബാറില്‍ തൂക്കിയിടുകയെങ്കിലും ചെയ്യാമല്ലോ?

ഇത്തരുണത്തില്‍ ബ്ലോഗവാര്‍ഡിനെ കുറിച്ചും രണ്ടു വാക്കു പറയാതെ പോകുന്നതു ശരിയല്ലല്ലൊ?
ബ്ലോഗവാര്‍ഡ് വേണോ വേണ്ടയോ എന്നുള്ളത് ആദ്യം തീരുമാനിക്കണം.

വേണ്ടെങ്കില്‍ പ്രശ്നമില്ല.

വേണമെങ്കില്‍, എങ്ങനെയൊക്കെയുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തണം?

നല്ല ബ്ലോഗ്, ബ്ലോഗുമൂല്യമുള്ള ജനപ്രിയ ബ്ലോഗ്,കാറ്റഗറി വേണമെങ്കില്‍ ഏതൊക്കെ?
നല്ലബ്ലോഗര്‍, ജനപ്രിയ ബ്ലോഗര്‍, നല്ല പോസ്റ്റ്, നല്ല കമന്റ്(ഇമ്മിണി വിയര്‍ക്കും കണ്ടു പിടിക്കാന്‍) തുടങ്ങിയവയൊക്കെ പരിഗണിക്കാവുന്നതാണ്.

ഓരോന്നിനും വേണ്ട ക്രൈറ്റീരിയ, വോട്ടറന്മാര്‍ക്കുള്ള ഗൈഡ് ലൈന്‍സ് തുടങ്ങിയവയെ കുറിച്ചും വ്യക്തമാക്കണം .


അപ്പോ അതും തീര്‍ന്നു.


എന്തായാലും നനഞ്ഞു. എന്നാ പിന്നെ ഒരു കാര്യം കൂടി പറഞ്ഞേക്കാം.

മനുഷ്യന്മാരായ മനുഷ്യന്മാര്‍ക്കൊക്കെ അല്ലെങ്കില്‍ തന്നെ ആവശ്യത്തിനുള്ള ടെന്‍ഷന് ഉണ്ട്. പിന്നീ ബ്ലോഗിലും കൂടി വന്ന് എന്തിനു മനസമാധാനം കളയുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഒരു വിഷയത്തില്‍ ആശയപരമായ വൈരുധ്യം സ്വാഭാവികം. തന്റെ വാദം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം.. ബ്ലോഗില്‍ വ്യക്തിക്ക് പ്രാധാന്യമില്ലെന്നു പറയുമ്പോള്‍ തന്നെ ഇത്തരം ആശയസംഘട്ടനങ്ങള്‍ പലപ്പോഴും വ്യക്തിവിദ്വേഷത്തിലേക്കും ചെളിവാരിയെറിയലിലേക്കും പോകുന്നതെന്തു കൊണ്ട്? ഒരു അഭിപ്രായവ്യത്യാസം വരുമ്പോള്‍ ഞാനോ നീയോ കേമന്‍ എന്നുള്ള ഈഗോ ഒഴിവാക്കാന്‍ എല്ലാവരും മനസ്സു വയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ഈയവസരത്തില്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു. :)>- ഇടക്കിടയ്ക്ക് ചിലതൊക്കെ കാണുന്നതു കൊണ്ട് പറഞ്ഞു പോയതാണ്.

ബ്ലോഗിനെ കുറിച്ചോ ബ്ലോഗര്‍മാരെ കുറിച്ചോ ഒരിക്കലും പോസ്റ്റിടില്ലെന്നു കരുതിയിരുന്ന ഞാന്‍ വരെ ദാ അവസാനം………ഇനീപ്പോ ഇതാണോ ഈ ബ്ലോഗിംഗ് ബ്ലോഗിംഗ് എന്നു പറയുന്ന സംബവം?

29 comments:

Vanaja said...

ചുമ്മാ മടിപിടിച്ചിരുന്നു ബോറടിച്ചപ്പോള്………………….

അങ്കിള്‍ said...

കൊള്ളാം വനജേ വിഷയം.
തീര്‍ച്ചയായും ചര്‍ച്ച നടന്നിരിക്കണം, ഇതിനു മുമ്പ്.
ലിങ്കെങ്കിലും കിട്ടിയാല്‍ നന്നയിരുന്നു.
നമുക്ക്‌ കാത്തിരിക്കാം, ആരെങ്കിലുമൊക്കെ കൊത്താതിരിക്കില്ല, ഈ പോസ്റ്റിനെ.

ഒരു “ദേശാഭിമാനി” said...

“മനുഷ്യന്മാരായ മനുഷ്യന്മാര്‍ക്കൊക്കെ അല്ലെങ്കില്‍ തന്നെ ആവശ്യത്തിനുള്ള ടെന്‍ഷന് ഉണ്ട്. പിന്നീ ബ്ലോഗിലും കൂടി വന്ന് എന്തിനു മനസമാധാനം കളയുന്നു “
ഇത്രയും നല്ല ഒരു മീഡിയ സമൂഹനന്മക്കും, കുറേ ആസ്വാദനത്തിനും ഉപയോഗിക്കാമെന്നല്ലാതെ!

തറവാടി said...

വനജ ,

മിക്ക ബ്ലൊഗര്‍മാരും വായനക്കാരെന്നതുപോലെത്തന്നെ എഴുത്തുകാരുമാണ്. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചാണെഴുതുന്നത് അതുകൊണ്ട് അതിലൊരു നീതിപൂര്‍‌വ്വമായ വിലയിരുത്തല്‍ സാധ്യമല്ലെന്നുതന്നെയാണെന്റെ അഭിപ്രായം.

തുറന്നുപറയാന്‍ ആര്‍ജ്ജവമുള്ളവര്‍ കുറവുള്ള ബൂലോകത്ത് ചിലരെ വല്ലപ്പോഴും കാണുന്നതും സന്തോഷം തോന്നുന്ന കാര്യം തന്നെ!

ഹരിത് said...

ഒരു ‘തന്തോഴത്തി’നു വേണ്ടി ബ്ലോഗുന്നതാണേ!! ക്ഷമി. ഒരവാര്‍ഡ് എനിക്കും....

ശ്രീ said...

വനജ ചേച്ചീ...

നല്ല ആശയം തന്നെ. പക്ഷെ, എനിക്കു തോന്നുന്നത്,‌ വെറുതെ ഇങ്ങനെയൊക്കെ ചര്‍‌ച്ച ചെയ്യാമെന്നല്ലാതെ അവാര്‍‌ഡിന്റെ ഒന്നും ആവശ്യമില്ല എന്നാണ്‍.

ഹരിത് മാഷ് പറഞ്ഞതു പോലെ ഞാന്‍‌ ബ്ലോഗെഴുതുന്നത് എന്റെ ഒരു സന്തോഷത്തിനു വേണ്ടി മാത്രമാണ്‍.
:)

ആഷ | Asha said...

വനജേ, എനിക്കും ബ്ലോഗില്‍ കൂടി മനസ്സമാധാനം കളയാന്‍ ഒട്ടും താല്പര്യമില്ല.
ചുമ്മാ ഓരോ പോസ്റ്റ് എനിക്ക് തോന്നിയതു പോലെ, ചില സമയം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ പെട്ടോട്ടേ എന്ന രീതിയിലാണ് ഞാന്‍ പോസ്റ്റിടാറ്. ഇനി അതല്ല ബ്ലോഗിങ്ങ് എന്നു പറഞ്ഞാലും എനിക്കു വലിയ വ്യത്യാസം ഒന്നും വരാന്‍ പോണില്ല. എന്നാല്‍ ബ്ലോഗിങ്ങ് എന്താന്നു മനസ്സിലാവണ രീതിയില്‍(എന്നേയും വനജയേയും പോലുള്ള മ:ബു ടീമ്സിനു കൂടി മനസ്സിലാവണ രീതിയില്‍) പറഞ്ഞു തന്നാല്‍ കേള്‍ക്കാന്‍ തയ്യാറാണ്.

2007ല്‍ വന്ന പകുതി പോസ്റ്റു പോലും വായിച്ചിട്ടില്ലാത്ത ഞാന്‍ എങ്ങനെ ഒരാളുടെ പേരു നിര്‍ദ്ദേശിക്കും?
എല്ലാവര്‍ക്കും തുല്യ അവസരം കൊടുത്തു കൊണ്ട് ഒരു അവാര്‍ഡ് എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള ഏര്‍പ്പാടു തന്നെയാ.
ഇവിടെ എപ്പോഴും നടക്കാറുള്ളതു പോലെ അടിപിടിയിലേ അവര്‍ഡുകളും അവസാനിക്കൂന്നു തോന്നുന്നു.

Vanaja said...

അങ്കിള്‍,

അങ്കിളിന്റെ പ്രവചനം ഫലിക്കുന്ന മട്ടു കാണുന്നില്ലല്ലോ ( ഐഡിയ! ഇതും പറഞ്ഞ് നമുക്കൊരടിയിട്ടാലോ)ചൂണ്ടയും കൈയില്‍ പിടിച്ചോണ്ട് ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.ഒരു പത്തഞ്ഞൂറു മീനെങ്കിലും ( യഥാര്‍ത്ഥ മീനുകളാരിക്കുമോന്നു നിശ്ചയമില്ലെങ്കിലും) ചൂണ്ടയില്‍ കുടുങ്ങുമെന്നാ കരുതിയത്.

ഒരു “ദേശാഭിമാനി” ,

അത്രയൊക്കെയല്ലേ ഉള്ളൂ കാര്യം. പിന്നെന്തിനാണോ ഈ അടിപിടിയും തെറിവിളിയും?!!

തറവാടി,

നിക്ക്, നിക്ക്,ബ്ലോഗെര്‍മാരെന്നൊക്കെ കേറിയങ്ങ് വിളിക്കാന്‍ വരട്ടെ. നാം കഥയറിയാതെ ആട്ടം കാണുകയാണോന്ന് അറിയില്ലല്ലോ?

ഹരിത്,

തന്തോഷത്തിനു വേണ്ടി ബ്ലോഗെഴുതുന്ന(?)വര്‍ക്കുള്ള അവാര്‍ഡും നമുക്കേര്‍പ്പെടുത്താം. ബീ ഹാപ്പീ..

ശ്രീ,

അവാര്‍ഡ് വേണ്ടെങ്കില്‍ വേണ്ട, പക്ഷേ ശ്രീയെഴുതുന്നത് ബ്ലോഗാണോ അതോ വേറെന്തെങ്കിലുമാണോ എന്നെങ്കിലുമറിയണ്ടേ? വേണ്ടേ?

Vanaja said...

ആഷാ,
യൂ സെഡ് ഇറ്റ്. (മ.ബു എന്നു പറഞ്ഞതേ)

ബ്ലോഗിംഗ് എന്തായാലും എഴുത്തിന്റെ കാര്യത്തില്‍ ഞാനും ഇത്രയൊക്കെയേ ഉള്ളൂ. പക്ഷേ യഥാര്‍ത്ഥ ബ്ലോഗിംഗ് ഇതൊന്നുമല്ല, വേറെന്തൊക്കെയോ ആണെന്നു പറയുമ്പോള്‍ അതെന്താണെന്നറിയാനുള്ള ആഗ്രഹം ഉണ്ടു താനും.

കബളിപ്പിക്കപ്പെടുന്നതില്‍ എനിക്കു പ്രശ്നമൊന്നുമില്ല. പക്ഷേ,ഞാന്‍ കബളിപ്പിക്കപ്പെടുകയാണ് എന്ന് അറിഞ്ഞുകൊണ്ടായിരിക്കണം.ഇക്കാര്യത്തില്‍ മ.ബു ആകുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.:)

ആഷ | Asha said...

വനജേ, ദുഷ്ടേ!
എന്റെ ഫോര്‍മാറ്റ് എന്തോന്നാ? മതയോ മതയല്ല മന്ദ എന്നതല്ലേ ശരി? ഇമ്പോസിഷന്‍ എഴുതിക്കോ നൂറു പ്രാവശ്യം ത അല്ല ന്ദ
ഈ ഒറ്റ കാരണം കൊണ്ട് എനിക്കു കിട്ടേണ്ടിയിരുന്ന അനേകായിരം വോട്ടുകളാണ് വഴി തെറ്റിയലയുന്നത്. ഞാനിതെങ്ങനെ സഹിക്കും ഈശ്വരാ...

അതു കൂടാതെ നമ്മടെ ഫോര്‍മാറ്റ് തന്നെ തെറ്റാരുന്നു. എസ്.എസ്.2007 അല്ല എസ്. ബി.2007 ആയിരുന്നു.
കഷ്ടം!
ഇനിയിപ്പം എന്തര് ചെയ്യുമപ്പീ?

മറ്റൊരാള്‍ | GG said...

"മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു പോസ്റ്റിടൂ. അങ്ങനെ ബ്ലോഗിംഗ് എന്ന കരകാണാ കടലലയില്‍ മുങ്ങിത്തപ്പി അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുന്ന എന്നെ പോലുള്ള അനേകായിരങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ടു കടന്നു വരൂ."

അവസരോചിതമായിരിക്കുന്നു!

Vanaja said...

കണ്ടില്ലേ സുഹൃത്തുക്കളേ, ആഷ എന്നെ എന്തൊക്കെയാണ് വിളിച്ചിരിക്കുന്നത്? ദുഷ്ടേ എന്നു വിളിച്ചത് പോട്ടേ. അപ്പി എന്നൊക്കെ ഒരാളെ കേറി വിളിക്കാന്‍ പാടുണ്ടോ. എന്നെ തെറി വിളിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ അടങ്ങിയിരിക്കുമോ? അതുകൊണ്ട് ഇന്ന്, ഇപ്പോള്‍ ,ഈ നിമിഷം മുതല്‍ ഞങ്ങള്‍ ശത്രുക്കളാണ്. ഇതാ അങ്കം കുറിച്ചു കഴിഞ്ഞു. വരൂ വന്ന് ഞങ്ങളിലാരുടെയെങ്കിലും പക്ഷം ചേരൂ.

ആഷേ,
ശരിയാണല്ലോ അപ്പീ, ഇനിയിപ്പോ എന്തര് ചെയ്യും?ഇതെങ്ങനെ കണ്ടുപിടിച്ചപ്പീ.ഹോ ഈ അപ്പീടെയൊരു ബുദ്ധി. അപ്പോ മ.ബു അവാര്‍ഡ് എന്നോടൊപ്പം ഷെയര്‍ ചെയ്യാന്‍ അര്‍ഹതയില്ലെന്നു മനസ്സിലായില്ലേ?

വേറെ രണ്ടെണ്ണത്തില്‍ ഒരെണ്ണം ഞാന്‍ വിട്ടുതരാം. മരത്തലച്ചി,മത്തങ്ങതലച്ചി. ഏതാ വേണ്ടത്? അല്ലേ ഇന്നാ പിടിച്ചോ രണ്ടും ആഷ തന്നെയെടുത്തോ.

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

വനജയ്ക്ക് ഇപ്പൊ എതാണ്ടെക്കോയോ മനസ്സിലായി വരുന്നു.
ഇത് തന്നെ ബ്ലോഗിങ്ങ്..
പിന്നേ ഏറ്റവും ജനപ്രീയ ബ്ലോഗ് എതാണെന്ന് ഇത്രയും അന്വേഷിക്കാനുണ്ടോ?
കണ്ണിനു മുമ്പില്‍ ഇരുന്നാലും കാണില്ല എന്നുവെച്ചാ എന്തുചെയ്യും?
അറിയാത്ത കാര്യങ്ങള്‍ ആ പ്രദീപിനോട് ചോദിച്ചു മനസ്സിലാക്കി കൂടെ?
പിന്നെ ആഷേം വനജയും ചേര്‍ന്ന് നിങ്ങളുടെ യൂണിയന്‍ ഉണ്ടാക്കാന്‍ പോവ്വാണോ?
സജസ്റ്റ് ചെയ്ത പേരൊക്കെ ഗൊള്ളാം ,പക്ഷേ നിങ്ങള്‍പേരിടുമ്പോ ആപേരില്‍ സംഘടനയുള്ളവര്‍ മാനനഷ്ടത്തിനു കേസ് കൊടുക്കരുത് :):)

Vanaja said...

മറ്റൊരാള്‍,
വളരെ നന്ദി, വളരെ വരളെ നന്ദി.

Vanaja said...

ആ സാജനും എത്തിയോ?
ഞങ്ങളോടൂ ക്ഷമിക്കൂ. അറിഞ്ഞില്ല സാജന്‍ . നമുക്ക് കോമ്പ്രമൈസ് ആകാം. നമ്മുടെ സംഘടന രണ്ടും ലയിപ്പിച്ച് ഒന്നാക്കാം.സാജനെ പ്രസിഡണ്ടും. :)

Mahesh Cheruthana/മഹി said...

ഇപ്പൊള്‍ ആവശ്യമായ വളരെ നല്ല പോസ്റ്റു തന്നെ!
അവാര്‍ഡു വീതിചെടുക്കുമ്പോള്‍ ഈയുള്ളവനേയും കൂടി പരിഗണിക്കണേ!
ഓ ടൊ:നല്ല വാ മൊഴിവഴക്കം ആണല്ലൊ ?

മുസ്തഫ|musthapha said...

ആദ്യം വനജയും ആഷയും തമ്മില്‍ ‘മബു/മന്ദ’ സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തില്‍ ആര് ജയിക്കുമെന്ന് നോക്കട്ടെ... എന്നിട്ട് മതി സൂപ്പര്‍ ബ്ലോഗറ് മത്സരം തുടരുന്നത്... :)

സാജന്‍ പറഞ്ഞ പോലെ ഇതൊക്കെയും ബ്ലോഗിങ്ങിന്‍റെ ഒരു ഭാഗം തന്നെ അല്ലേ... (ആണോ... ആവ്വോ...)

എതിരന്‍ കതിരവന്‍ said...

നനജ:
ചുമ്മാ ന്മടിപിടിച്ച് ബോറടിച്ചിരിയ്ക്കുമ്പോള്‍ എഴുതേണ്ടിയതല്ലായിരുന്നു ഈ പോസ്റ്റ് എന്നു വനജ്യ്ക്കു തന്നെ അറിയാം.

ഇത്തരം തെരഞ്ഞെടുപ്പുകള്‍ ബ്ലോഗിന്റെ സ്വതന്ത്രത എന്നതിന്മ്മേലുള്ള കടന്നു കയറ്റമാണ്. ബ്ലോഗിനു അച്ചടി മാധ്യമത്തിലേതുപോലെ സമയപ്രമാണങ്ങളില്ല. അതുകൊണ്ടു തന്നെ 2007 ല്‍ ഉദിച്ച ബ്ലോഗര്‍ എന്നതുതന്നെ അര്‍ത്ഥശൂന്യമാണ്. അച്ചടിമാധ്യമങ്ങളില്‍പ്പോലും ഒരു തെരഞ്ഞെടുപ്പു നടത്തുന്നത് ഒരു മത്സരത്തിനു ശേഷമാണ്. ഈ നിസ്സാരത വെളിപ്പെടുത്തന്നാണ്‍ പല്രും (ഞാനും വനജയുമുള്‍പ്പെടെ) അവരവരുടെ പേരു തന്നെ നിര്‍ദ്ദെശിച്ചത്.

“എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്/ബ്ലോഗ്” എന്നു മാത്രമേ ഒരാള്ക്ക് പറയാന്‍ സാ‍ാധിക്കൂ. അതു വളരെ വ്യക്തിപരമാണ്. അതുകൊണ്ട് ഓരൊരുത്തരും അവരുടെ മനസ്സില്‍ ഒരു ജേതാവിന്റെ സൂക്ഷിക്കട്ടെ. അതിനപ്പുറം പോയാല്‍ ബ്ലോഗിന്റെ openness നഷ്ടമാകും.

എതിരന്‍ കതിരവന്‍ said...

Sorry for the mistake . It should be "Vanaja" not 'nanaja'. va-na-ja!

(Don't break my arm, Vanaja!)

ലേഖാവിജയ് said...

വനജേ,
നല്ല വിഷയം.ബ്ലോഗിംഗിനേപ്പറ്റി എനിക്കിപ്പോഴും അധികം ഒന്നും അറിയില്ല.ആഷ പറഞ്ഞതുപോലെ ഞാനും മിക്കവരേയും വായിച്ചിട്ടില്ല.ശ്രീ.വിശാലമനസ്കനേപ്പോലും ഈയടുത്ത കാലത്താണു വായിച്ചു തുടങ്ങിയതു.ആദ്യമൊന്നും പോകാനുള്ള വഴികള്‍ അറിയില്ലായിരുന്നു.പിന്നെ തിരികെ വീട്ടിലേക്കുള്ള വഴിയും.ഇപ്പോള്‍ ചിലരെയൊക്കെ വായിക്കാറുണ്ട് , പതിവായി.കവിതകള്‍ മിക്കതും വായിക്കും.ചില കഥകള്‍ സൌഹൃദത്തിന്റെ പേരില്‍ വായിക്കും.വായിക്കുന്നതിനെല്ലാം കമെന്റിടാറില്ല.എന്നാല്‍ ചിലേടത്ത് പോയി മണ്ടത്തരങ്ങള്‍ വിളമ്പാറുമുണ്ട് :)സമയം കിട്ടിയാല്‍ എല്ലാവരേയും വായിക്കണമെന്നു തന്നെയാണ്..എല്ലാവരും എഴുതട്ടെ.കഥയോ കവിതയോ ലേഖനമോ,പാചകകുറിപ്പോ,നര്‍മമോ...കണ്ണ് ചീത്തയാകും വരെ ഞാന്‍ വായിക്കും.പിന്നെ ആ മബു ടീമില്‍ ഇനിയും ആളെ ചേര്‍ക്കുമെങ്കില്‍ ഞാനും കൂടാം.ആശംസകള്‍ !

പ്രയാസി said...

വളരെ നല്ലൊരു വിഷയം..!

ആര്‍ക്കൊക്കെയെ എന്തൊക്കെയൊ കൊടുക്കുമെന്നു പറഞ്ഞു കേള്‍ക്കുന്നു..

ആര്‍ക്കു കൊടുത്തില്ലെങ്കിലും എനിക്കു തരണം..
അത്രക്കു കഷ്ടപ്പെട്ടാ ഈ ബ്ലൊഗാന്‍ വരുന്നത്..

ഇവിടെം തല്ലുണ്ടാക്കാനാണു പരിപാടിയെങ്കില്‍..

പരിപാടിയെങ്കില്‍...

നോക്കി നിന്നു കാണും..അല്ല പിന്നെ!

Vanaja said...

ഈ ബ്ലോഗില് ഏറ്റവുമധികം ഹിറ്റുകള് ലഭിച്ച പോസ്റ്റുകളില് ഒന്നായിരുന്നു ഇത്. ഹിറ്റുകളുടെ എണ്ണവും കമന്റുകളുടെ എണ്ണവും തമ്മിലുള്ള ശരാശരി അനുപാതം വച്ചു നോക്കിയാല് ഏറ്റവും കുറച്ച് കമന്റുകള് ലഭിച്ച പോസ്റ്റും ഇതു തന്നെ.

കുറച്ചു ദിവസമായി സുഖമില്ലാതിരുന്നതിനാല് മറ്റു ചില ജോലികള് ചെയ്യാതിരിക്കുകയും അങ്ങനെ കൂടുതല് സമയം മലയാളം ബ്ലോഗുകള് വായിക്കാന് ലഭിക്കുകയും ചെയ്തു. അല്ലെങ്കില് ഒരു പക്ഷേ ഞാന് കാണാതെ പോകുമായിരുന്ന കുട്ടിച്ചാത്തന്റേയും അഗ്രജന്റേയും മേല് പറഞ്ഞ പോസ്റ്റുകളും അവയില് വന്ന ചില കമന്റുകളുമാണ് ഇങ്ങനെയൊരു പോസ്റ്റിടാന് പ്രേരിപ്പിച്ചത്.

ആര്ക്കും എന്തിനെ കുറിച്ചും എന്തു വേണമെങ്കിലും (സമൂഹത്തിന്റെ ചിട്ടവട്ടത്തിനുള്ളില് നിന്നുകൊണ്ട്. അല്ലേല് ചിലപ്പോള് വിവരമറിയും. :) )പറയാവുന്ന,പങ്കുവയ്ക്കാവുന്ന ചോദിക്കാവുന്ന, ഒരു സ്വതന്ത്ര മാധ്യമമാണ് ബ്ലോഗ് എന്നാണ് ഞാന് മനസ്സിലാക്കുന്നത്. അതുകൊന്ടു തന്നെ യഥാര്ത്ഥ ബ്ലോഗ് അയാഥാര്ത്ഥ ബ്ലോഗ് എന്നൊന്നില്ല. വെറും ഓന്ലൈന് ഡയറി എന്ന നിലയില് തുടങ്ങിയ ബ്ലോഗ് ഇന്ന് ആസ്റ്റ്രേലിയക്കാരന് ദാരനെ പോലെ പണമുണ്ടാക്കാനുള്ള ഉപാധിയായും അദ്ധ്യാപകര് തങ്ങളുടെ വിദ്യാര്ത്ഥികള്ക്ക് അസൈന്റ്മെന്റുകള് കൊടുക്കാനും വരെ ഉപയോഗിക്കുന്നുന്റ്. വെബ്സൈറ്റുകളുടെ ഉടമകള്ക്ക് തങ്ങളുടെ സൈറ്റിലേക്ക് കൂടുതല് വിസിറ്റേര്സിനെ ആകര്ഷിക്കാനുള്ള ഒരു മാര്ഗ്ഗം കൂടിയാണ് ബ്ലോഗ്. (മിക്ക സൈറ്റുകളിലും blog എന്ന ഒരു ലിങ്ക് കാണാവുന്നതാണ്. ) കാരണം വിസിറ്റേര്സുമായി സംവദിക്കുവാനുള്ള ബ്ലോഗുകളുടെ പ്രത്യേകത കൊണ്ട് ഒരു സാദാ സൈറ്റിനേക്കാളും കൂടുതല് ആള്ക്കാരെ influence ചെയ്യാന് ബ്ലോഗുകള്ക്ക് കഴിയും. വെബ്സൈറ്റില് അച്ചടി ഭാഷ ഉപയോഗിക്കുമ്പോള് ബ്ലോഗുകളില് വാ മൊഴി ഭാഷയാണ്` കൂടുതലും ഉപയോഗിച്ചു കാണുന്നത്. കാരണം ഇവിടെ ബ്ലോഗ് ചെയ്യുന്നയാള് അയാള്ക്ക് പറയാനുള്ളത് തന്റെ ഓഡിയന്സിനോട് പറയുകയാണ് ചെയ്യുന്നത്. (എഴുത്തും ബ്ലോഗിങ്ങും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. അതുകൊണ്ട് തന്നെ എഴുത്തിന്റ് ക്വാളിറ്റിയാണ് ബ്ലോഗിന്റെ ക്വാളിറ്റി എന്നു കരുതുക വയ്യ.) അതുതന്നെയാണ് സാധാരണ സൈറ്റുകളും ബ്ലോഗുകളും തമ്മിലുള്ള വ്യത്യാസവും. അപ്പോള് പറഞ്ഞു വന്നത് ഓരോരുത്തരും ഓരോരോ ആവശ്യങ്ങള്ക്കായി ബ്ലോഗ് ഉപയോഗിക്കുന്നു. ബ്ലോഗിന് പൊതുവായ ഒരു ഒബ്ജെക്റ്റീവ് ഉണ്ടെന്നു തോന്നുന്നില്ല. അതേ സമയം ഓരോ ബ്ലോഗിനും അതിന്റേതായ ലക്ഷ്യവും ഉദ്ദേശ്യവും ഉണ്ടു താനും. ഒരു കവിതാ ബ്ലോഗിന്റെയും, ഒരു പേര്സണല് ബ്ലോഗിന്റേയും ഉദ്ദേശ്യം ആയിരിക്കില്ല ഒരു സയന്സ് ബ്ലോഗിനുള്ളത്. അതുകൊണ്ട് ഇതിലേതെങ്കിലുമൊന്ന് ബ്ലോഗല്ലാതാവുന്നുമില്ല.

മലയാളം ബ്ലോഗിങ്ങിലേക്ക് വരുന്നതിനു മുന്പ് മറ്റു ചില കണക്കുകള് നോക്കാം.ഈ പോസ്റ്റുംഅതില് വന്ന കമന്റുകളും കമ്പുട്ടര് ഉപയോഗിക്കുന്ന മലയാളികളെ കുറിച്ചുള്ള എന്റെ ധാരണ എത്രമാത്രം തെറ്റായിരുന്നു എന്നു കാണിക്കുന്നു. അതിനെ തുടര്ന്ന് സേര്ച്ചു ചെയ്തപ്പോള് കിട്ടിയ ചില വിവരങ്ങള് ഇവിടെയുണ്ട്. ലോകത്ത് ഇന്റെര്നെറ്റ് ഉപയോഗിക്കുന്നവരില് ഇന്ഡ്യക്ക് അഞ്ചാം സ്ഥാനം ഉണ്ടെങ്കിലും ജനസംഖ്യാനുപാതികമായി (അതാതു രാജ്യങ്ങളിലെ) നോക്കിയാല് ഇന്ഡ്യയുടെ സ്ഥാനം വളരെ താഴെയാണ്.

ആസ്റ്റ്രേലിയക്കാരില് 71.9% പേരും (സാജോ..), അമേരിക്കയില് 69.7% പേരും ക്യാനഡയില് 67.8% പേരും ഇന്റെര്നെറ്റ് ഉപയോഗിക്കുമ്പോള് ഇന്ഡ്യാക്കാരില് 3.7% പേര് മാത്രമാണ് ഇന്റെര്നെറ്റ് ഉപയോഗിക്കുന്നത്. (ബ്ലോഗ് ചെയ്യുന്നവരില് കൂടുതല് പ്രവാസികളായത് എന്തുകൊണ്ടെന്ന് വ്യക്തമായല്ലോ?) അതില് തന്നെ നല്ലൊരു ശതമാനവും വെറും ഇമെയിലും ചാറ്റിങ്ങുമായിരിക്കും നടത്തുന്നതെന്ന് അനുമാനിക്കാം.

ആസ്റ്റ്രേലിയക്കാരനായ അല്ലന് ( ഒരു ഉദാഹരണം മാത്രം) 1998 മുതല് തന്നെ ഇന്റെര്നെറ്റിന്റെ അപാരമായ സാധ്യതകള് കണ്ടെത്തുകയും തന്റെ ജീവിത വരുമാനത്തിനുള്ള മാര്ഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. പത്തു കൊല്ലത്തിനു ശേഷം പോലും നമ്മുടെ അപ്പര് ക്ലാസ്സ് (?) ആള്ക്കാര്ക്കു പോലും ഇന്റെര്നെറ്റ് എന്തെന്നോ ഇമെയില് എന്തെന്നോ പോലും വലിയ പിടിപാടില്ല.

ഈയൊരവസ്ഥ്യ്യില് നിന്നു കൊണ്ടു വേണം മലയാളം ബ്ലോഗിങ്ങിനെ പറ്റി ചിന്തിക്കുവാന്. മലയാളത്തില് ബ്ലോഗ് ചെയ്യുന്നവരുടെ എണ്ണം (അതോ ബ്ലോഗുകളുടെ എണ്ണമോ) ആയിരമോ രണ്ടായിരമോ വരുമെന്നു കേള്ക്കുന്നു. ഈ കഴിഞ്ഞ വര്ഷം നല്ലൊരു ശതമാനം വര്ദ്ധനവാണ്` ഉണ്ടായതെന്നു പറയുന്നു. ഇവരില് നല്ലൊരു ശതമാനവും സാധാരണക്കാരായ ആള്ക്കാരാണ് ഇതുപോലെയുള്ള ഡോക്റ്റര്മാര് വരെയുള്ളിടത്താണ് ഇവര് നര്മ്മത്തില് പൊതിഞ്ഞ, വീട്ടുകാര്യമോ നാട്ടുകാര്യമോ ഓര്മ്മക്കുറിപ്പുകളോ അല്ലെങ്കില് തങ്ങളുടെ കുഞ്ഞു മൊബൈല് ഫോണ് വച്ചെടുത്ത ഫോട്ടോകളോ ഒക്കെ തങ്ങള്ക്കാവും വിധം ബ്ലോഗുന്നത്. ഇപ്പോള് മലയാളം ബ്ലോഗിങ്ങിനെ കുറിച്ച് ആരെങ്കിലുമൊക്കെ അറിയുവാനും മറ്റു മാധ്യമങ്ങളില് ചര്ച്ച ചെയ്യപ്പെടാനും കൂടുതല് കൂടുതല് ആളുകള് ഈ മാധ്യമത്തിലേക്ക് കടന്നു വരാന് ഇടയായതും ഇത്തരം ബ്ലോഗുകള്‍ കാരണമാണ്; അല്ലാതെ ഏതെങ്കിലും ആശയ സമ്പുഷ്ടവും അറിവു പകര്ന്നു കൊടുക്കുന്നതുമായ ഘനഗംഭീര (കുട്ടിചാത്തനോട് കടപ്പാട്) ബ്ലോഗുകള് കാരണമല്ല.

ഒരു ബ്ലോഗെന്നു പറയുമ്പോലള്‍ അതിന് ഇന്നയിന്ന ഗുണങ്ങള് ഉണ്ടായിരിക്കണമെന്ന് ശഠിക്കുക , അല്ലെങ്കില് ഇന്നയിന്ന ഗുണങ്ങള് ഉണ്ടായാലേ അത് ബ്ലോഗാവൂ എന്നും പറയുക വയ്യ. ഓരോ ബ്ലോഗിന്റേയും ഉദ്ദേശ്യവും ലക്ഷ്യവും വ്യത്യസ്സ്തമാണെന്നിരിക്കെ ഒന്ന് മറ്റൊന്നിനേക്കാള് മികച്ചതെന്നു കരുതാനും വയ്യ. ഓരോ ബ്ലോഗിനും അതിന്റേതായ ഒരു ഓഡിയന്സും അവിടെ അവരുടേതായ ഇന്റെറാക്ഷനും സംവേദനവും ഒക്കെ നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ്` ബ്ലോഗ് ഒരു സ്വതന്ത്ര മാധ്യമമെന്നറിയപ്പെടുന്നതും.

നമുക്ക് കൂടുതല് കൂടുതല് വിഷയങ്ങളെ പറ്റിയുള്ള , കൂടുതല് കൂടുതല് അറിവു പകര്ന്നു തരുന്ന കൂടുതല് കൂടുതല് വൈവിധ്യമാര്ന്ന ബ്ലോഗുകള് തീര്ച്ചയായും വേണം . അതു പക്ഷേ ഒരിക്കലും മറ്റു ബ്ലോഗുകളെ താഴ്ത്തിക്കെട്ടിക്കൊണ്ടാവരുത്. ഇന്നത്തെ നിലയില് അത്തരം പ്രവണതകള് മലയാള ബ്ലോഗിങ്ങിന് ദോഷമേ ചെയ്യൂ. അമേരിക്കക്കാരോ ,ആസ്റ്റ്രേലിയക്കാരോ എഴുതുന്ന ബ്ലോഗുകളുമായി നമ്മുടെ ബ്ലോഗുകളെ ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. നമുക്ക് പടികള് ഓരോന്നായി ചവുട്ടി കയറാം, സാവധാനം. വന്ന പടികള് മറക്കാതെ.

ഇത്രയും പറയാന് കാരണം ചവര് പോസ്റ്റുകള് , വീട്ടുകാര്യവും നാട്ടുകാര്യവും എന്നൊക്കെയുള്ള ചില പരിഹാസങ്ങള് ചിലയിടങ്ങളില് കണ്ടതു കൊണ്ടാണ്. അതിലെ പുച്ഛരസം എന്നില് വേദനയുണ്ടാക്കി.:-L (ഇനിയിപ്പോള് എന്റെ ബ്ലോഗ് അത്തരത്തിലുള്ളതാണെന്ന് കരുതിയാണെന്ന് പറയരുതേ.) എനിക്ക് കൂടുതല് താല്പര്യവും വേറൊരു ഒബ്ജെക്റ്റീവുമുള്ള മറ്റൊരു ബ്ലോഗുള്ളതു കൊണ്ട് ഈ ബ്ലോഗില് ഞാന് കൂടുതല് ആക്റ്റീവോ റെഗുലറായി പോസ്റ്റ് ചെയ്യാറോ ഇല്ല. സമയക്കുറവു മൂലം മലയാള ബ്ലോഗ് വായനയും കുറവാണ്. പക്ഷേ അങ്ങനെയല്ലാത്ത, സ്ഥിരമായി, നര്മ്മത്തില് പൊതിഞ്ഞ വീട്ടുകാര്യവും ഓര്മ്മക്കുറുപ്പുകളും ബ്ലോഗ് ചെയ്യുകയും, വായിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ബ്ലോഗേര്സ് ഇവിടെയുണ്ട്. അവരാണ് (തല്ക്കാലത്തേക്കെങ്കിലും) മലയാള ബ്ലോഗിന്റെ ജീവന്.

Vanaja said...

മഹേഷ്,എര്‍തിരന്‍,അഗ്രജന്‍, ലേഖ, പ്രയാസി
എല്ലാവര്‍ക്കും നന്ദി.

എതിരന്‍ മാഷേ നമുക്കു രണ്ടു പേര്‍ക്കും മാത്രമറിയാമായിരുന്നു എന്റെ അപര നാമം വെളിപ്പെടുത്തി അല്ലേ..:)

ആഷ | Asha said...

വനജ കാര്യങ്ങള്‍ വളരെ വ്യക്തമായി എഴുതിയിരിക്കുന്നല്ലോ. :)
അത് അങ്ങോട്ടൊരു പോസ്റ്റാക്കിക്കൂടേ?

ശ്രീ said...

വനജ ചേച്ചീ...

ആഷ ചേച്ചി പറഞ്ഞതു പോലെ ആ കമന്റു തന്നെ ഒരു പോസ്റ്റാക്കാമല്ലോ...

വളരെ വ്യക്തമായി തന്നെ വിവരിച്ചിരിയ്ക്കുന്നു.
:)

venunadam said...

വനജയുടെ അല്പം ബ്ലൊഗ് കാര്യം എന്ന കുറിപ്പിന്‌ ഒരു മറുപടി..

ഒരു നല്ല ബ്ലോഗ് എന്നത്‌ Lieusure ന്റേയും, Solitude ന്റേയും Creation ആണ്‌. ബ്ലോഗ്‌ വായിക്കുന്നവരുടെ ടെന്‍ഷന്‍ , അപ്രിയത, ദുര, ദുശ എന്നീ കടന്നലുകള്‍ ഒരു തീര്‍ത്ഥപ്രവാഹം പോലെ ബ്ലോഗില്‍ ഒഴുകി പോകുന്നെങ്കില്‍, അത്‌ വായിക്കുന്നവന്റെ, വായിക്കുന്നവളുടെ മാനസികാവസഥ അല്പ്പം ഒരു ഇഞ്ചെങ്കിലും ഉയരുന്നെങ്കില്‍ , അല്പ്പമെങ്കിലും ആര്‍ദ്രത അവനില്‍, അവളില്‍ ഉണ്ടാകുന്നെങ്കില്‍, അത്‌ പരിഗണിക്കപ്പെടേണ്ട ഒരു ബ്ലോഗ് സൃഷ്ടിയാണ്‌.
പിന്നെ ബ്ലോഗ്‌ വെറും Flirting നുള്ള ഒരു ഉപാധിയല്ല. വ്യക്തി വിദ്വേഷം, ചെളി വാരിയെറിയല്‍ എന്നിവ സഹൃദയത്വം , സര്‍ഗാല്‍മകത, എന്നിവ ഉള്‍ക്കോള്ളാനവത്തവന്റെ (ളുടെ) ബോധമനസ്സിലെ അധകൃതത്വം തന്നെ.

ചിലരുടെ മനോ ഉദ്യാനത്തില്‍ ഭദ്രമായി അടച്ചു പൂട്ടി വെച്ചിരിക്കുന്ന പണ്ടോരപെട്ടിയിലെ അന്തേവാസികള്‍ (തേള്‍, പഴുതാര, ചൊറിയാന്വുഴു എന്നിവ) തുറക്കുന്വോള്‍, പൂന്വാറ്റകള്‍ക്കെവിടെ സ്ഥാനം?

(Lieusure+Solitude+ ..(വിട്ടു പോയത് ആരെങ്കിലും പൂരിപ്പിക്കുക) = Good Blog

പണ്ടോരപ്പെട്ടിയെ കുറിച്ച്‌ അറിയണമെങ്കില്‍ ഗ്രീക്ക്‌ പുരാണം വായിക്കുക.
ഇതു വായിക്കുന്ന ആരെങ്കിലും അതിനെ കുറിച്ച്‌ എഴുതുക. എങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


എം.വേണു venumaster@gmail.com

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/