Friday, August 24, 2007

ആനപ്പടങ്ങള്‍-1


പത്തനംതിട്ടയില്‍ നിന്നും ഏകദേശം 10 കി.മീ (പത്തനംതിട്ട-പുനലൂറ്‍ റൂട്ട്‌) ദൂരമേയുള്ളൂ കോന്നിയിലേക്ക്‌. പറഞ്ഞിട്ടെന്താ, സ്വന്തം നാട്ടിലായിരിന്നിട്ടുകൂടി ഇതുവരെ കോന്നിയിലെ ആനക്കൂട്‌ കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ലെന്നാണല്ലോ?;;) . എന്തായാലും ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കാര്യം സാധിച്ചു.



ഞങ്ങള്‍ പോയത് ഒരു ഞായറാഴ്ച്ച ദിവസമാണ്. അറിയാതെ പിറ്റേദിവസമായിരുന്നു പോയിരുന്നെങ്കില്‍ ഇത്തവണയും പോക്ക് മുടങ്ങിയേനേം. ബോര്‍ഡ് വായിച്ച് ഞെട്ടണ്ടാ ,നല്ല ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട് ആനപ്പുറത്തു കയറാനൊന്നും നിന്നില്ല.


കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പ്പിക്കുന്ന ഒരു കേന്ദ്രമാണിത്. 6 ആനകള്‍ക്ക് പരിശീലനം നല്‍കുവാനുള്ള ശേഷിയുണ്ട് ആനക്കൂടിന്. 1942 ലാണ്‍ ആനക്കൂട്‌ സ്ഥാപിക്കപ്പെട്ടത്‌. മുന്‍പൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977 -ഓടേ ആനപിടുത്തം അവസാനിപ്പിച്ചു.


പുതുതായി പണിത ഓഫീസ് കെട്ടിടവും, മ്യൂസിയവും ഒക്കെ നല്ല ഭംഗിയുണ്ട്.


ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ നാല് ആനകള്‍ ഉണ്ടായിരുന്നു. സോമന്‍ 65, പ്രിയദര്‍ശിനി 30, മീന 15, സുരേന്ദ്രന്‍ 9 എന്നിവര്‍. വേറെവിടേക്കോ ഒരു കൊമ്പനു കൂട്ടായി ഒരു പിടിയാനയെ താമസിയാതെ അയക്കുമെന്ന് അധികൃതര്‍ അന്ന് പറഞിരുന്നു.


കമ്പകം എന്ന തടിയാണ് ആനക്കൂട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. (ചിത്രത്തില്‍ ക്ലിക്കി നോക്കിയാല്‍ എഴുതിയിരിക്കുന്നത് വായിക്കാം.)


ഇവിടെയാ‍ണ് ആനകളെ താമസിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും മറ്റും കൊടുക്കുന്നത് ഇവിടെയാണ്. (പടങ്ങള്‍ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ട്. എന്തുകൊണ്ടാണെന്നു പിന്നെ പറയാം)

ആനപ്പടങ്ങള്‍-ഭാഗം2


Sunday, August 5, 2007

എണ്റ്റെ കേരളം, എത്ര സുന്ദരം...

ചിക്കന്‍ ഗുനിയ, തക്കാളി പനി, ഡങ്കി പനി, എലിപനി...
പേരറിയാത്ത ഒട്ടനവധി രോഗങ്ങള്‍ പിന്നെയും...
രോഗം പരത്തുന്ന വൃത്തിഹീനങ്ങളായ ആശുപത്രികള്‍. ..
സഹായിക്കാന്‍ ആരുമില്ലാതെ വേദന കൊണ്ടു നട്ടം തിരിയുന്ന രോഗികള്‍...
സ്വിമ്മിംഗ്‌ പൂളുകളായി തീര്‍ന്ന റോഡുകള്‍...
ഭരിക്കാനറിയാത്ത മന്ത്രിമാര്‍; അറിയാവുന്നവരെ അതിനു സമ്മതിക്കാത്ത രാഷ്ട്രീയക്കാര്‍. ..
അഴിമതി കറ പുരണ്ട രാഷ്ട്രീയ ഉദ്യോഗസ്ത വൃന്ദങ്ങള്‍...
പണം കൊണ്ടു ഫേഷ്യല്‍ ചെയ്യുന്ന കള്ള പ്രമാണിമാര്‍...
കടം കേറി(?) ആത്മഹത്യ ചെയ്യുന്ന മനുഷ്യ കോലങ്ങള്‍..
വിദ്യാഭ്യാസരംഗത്തെ അഭ്യാസക്കുളമാക്കിയ പക്ഷങ്ങള്‍.. .
അദ്ധ്യാപകനെ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ ; വിദ്യാര്‍ത്ഥികളെ പേടിക്കുന്ന അദ്ധ്യാപകര്‍...
സ്ത്രീ പീഠനം, സെക്സ്‌ റായ്ക്കറ്റ്‌- "എത്രയായിട്ടും പഠിക്കാത്ത പെണ്‍കുട്ടികള്‍." ..
വിവാഹപൂര്‍വ്വ ലൈംഗികത സ്റ്റാറ്റസ്സായി കൊണ്ടു നടക്കുന്ന പുത്തന്‍ തലമുറ... (ആണിനു വേണ്ടാത്തത്‌ ഞങ്ങള്‍ക്കുമാത്രമെന്തിനെന്ന പെങ്കുട്ടികളുടെ ചോദ്യത്തിനു മറുപടിയില്ല)
സ്ത്രീയെ ഏറ്റവും വില കുറഞ്ഞ commodity (ചരക്കായി )കാണുന്ന പുരുഷ മനസ്സുകള്‍....
ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില...
പാവം ദൈവങ്ങളുടെ പേരില്‍ കശപിശ...
ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും...
തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍...
ആരാനു വേണ്ടി എന്ന്‌ ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. ....
കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...
ഹാ... എണ്റ്റെ കേരളം, എത്ര സുന്ദരം...

കേരളമെന്നു കേട്ടാല്‍ അന്തരംഗം അപമാനപൂരിതമാവാന്‍ ഇത്രയൊക്കെ പോരെ......
ഇനിയും ഒരുപാടുണ്ട്‌. പക്ഷേ ഈ ബ്ളോഗും , ജന്‍മവും മതിയാവില്ല എഴുതി തീര്‍ക്കുവാന്‍.

ഓ! ഒന്നു മറന്നു... വിമര്‍ശനത്തിനതീതരായ കോടതിയും, മാധ്യമങ്ങളും അതു മാത്രമുണ്ടഭിമാനിക്കാന്‍!!!

Saturday, June 9, 2007

ഗോനുവിനു ശേഷം

അത്യന്തം വിനാശകാരിയായ catagery 5 ല്‍ പെട്ട ഗോനു ചുഴലിക്കാറ്റ്‌ ബുധനാഴ്ച ഒമാണ്റ്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.


മസ്കറ്റില്‍ നിന്നും ഏകദേശം 125 km അകലെയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഗോനു എത്തുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. ഏകദേശം രണ്ടര മണിയായപ്പോള്‍ കരണ്ട്‌ പോയി. ഗൊനു എത്താറായെന്നു തന്നെ കരുതി. പക്ഷേ 10 മിനുട്ടിനു ശേഷം കറണ്ടു വന്നു. ഒന്നൊളിഞ്ഞു പോലും നോക്കാതെ ഗോനു എവിടെയോ പോയി മറഞ്ഞു. ഗോനുവിനേയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍, ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന്‌ ഓര്‍ത്തുപോയി.

ഇന്നലെ വൈകുംനേരം സീബിലുള്ള (മസ്കറ്റിനും 40 കിലോമീറ്ററോളം മുന്‍പ്‌. ) വരെ പോയിരുന്നു. അപ്പോള്‍ കണ്ട ചില കാഴ്ച്ചകളാണ്‌ താഴെ. ഇതൊന്നുമല്ല യഥാര്‍ഥ കാഴ്ചകള്‍. അവിടേക്ക്‌ പോയില്ല.

മസ്കറ്റില്‍ ക്വറിയാത്ത്‌ എന്ന സ്ഥലത്താണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഏകദേശം 35 പേരോളം മരണപ്പെട്ടതായാണ്‌ കണക്ക്‌.

മസ്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്‌. വൈദ്യുതി ബന്ധം ഇനിയും പല സ്ഥലങ്ങളികും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ജല ദൌര്‍ലഭ്യമാണ്‌ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മസ്കറ്റിലുള്ള ഞങ്ങളുടെ ഒരു ബന്ധു രണ്ടു ദിവസമായി അടുത്തുള്ള ഒരു ഹോട്ടലിനെയാണ്‌ പ്രഭാതകര്‍മ്മക്കായി ആശ്രയിക്കുന്നത്‌. Swimming pool ലെ വെള്ളം filter ചെയ്താണ്‌ അവിടെ ഉപയോഗിക്കുന്നതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ചോറു വയ്ക്കാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുമെന്നതു കൊണ്ട്‌ മൂന്നു നേരവും ചപ്പാത്തി തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. ഡിസ്പോസിബിള്‍ പ്ളേറ്റുകളൂം ഗ്ളാസ്സുകളൂമാണ്‌ ഭക്ഷണം കഴിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്‌.


Climate ണ്റ്റെ പ്രത്യേകത കൊണ്ട്‌ വെള്ളം കെട്ടികിടന്ന്‌ നാട്ടിലെ പോലെ പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത കുറവാണ്‌.

പലരും കുളിച്ചിട്ട്‌ 3 ദിവസത്തിലേറെയായി. കരണ്ട്‌ ഇല്ലാത്തതു കൊണ്ട്‌ A/C യും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കാറ്റും മഴയും ശമിച്ചതോടെ ചൂട്‌ പഴയപടിയാവുകയും ചെയ്തിരിക്കുന്നു.

കടകളൊക്കെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. പക്ഷെ കൈയ്യില്‍ പൈസയുള്ളവര്‍ക്കു മാത്രം എന്തെങ്കിലും വാങ്ങാം. മിക്കവരും ഇപ്പോള്‍ ATM കാര്‍ഡാണല്ലോ ഉപയോഗിക്കുന്നത്‌. മെഷീനുകളും മറ്റു കമ്പുട്ടര്‍ സംവിധാനങ്ങളും തകരാറിലായിരിക്കുന്നതു കൊണ്ട്‌ പൈസ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.

വിജനമായി കിടക്കുന്ന Muscat city center ണ്റ്റെ roof parking area . മിക്കവാറും ദിവസങ്ങളില്‍ പ്രത്യേകിച്ചും , വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കിംഗ്‌ കിട്ടാറെയില്ലന്നതാണ്‌ അനുഭവം.

ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. വലിയവനും ചെറിയവനും, പാവപ്പെട്ടവനും പണക്കാരനും, ഇന്ത്യക്കാരനും പാക്കിസ്താനിയും അമേരിക്കകാരനും, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമും, സ്തീയും പുരുഷനും എല്ലാവരും. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച്‌ ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക.

ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌.
ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌.

കൂടുതല്‍ ചിത്രങ്ങള്‍

Ref: First photo by Gulf News.