Saturday, June 9, 2007

ഗോനുവിനു ശേഷം

അത്യന്തം വിനാശകാരിയായ catagery 5 ല്‍ പെട്ട ഗോനു ചുഴലിക്കാറ്റ്‌ ബുധനാഴ്ച ഒമാണ്റ്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.


മസ്കറ്റില്‍ നിന്നും ഏകദേശം 125 km അകലെയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഗോനു എത്തുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. ഏകദേശം രണ്ടര മണിയായപ്പോള്‍ കരണ്ട്‌ പോയി. ഗൊനു എത്താറായെന്നു തന്നെ കരുതി. പക്ഷേ 10 മിനുട്ടിനു ശേഷം കറണ്ടു വന്നു. ഒന്നൊളിഞ്ഞു പോലും നോക്കാതെ ഗോനു എവിടെയോ പോയി മറഞ്ഞു. ഗോനുവിനേയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍, ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന്‌ ഓര്‍ത്തുപോയി.

ഇന്നലെ വൈകുംനേരം സീബിലുള്ള (മസ്കറ്റിനും 40 കിലോമീറ്ററോളം മുന്‍പ്‌. ) വരെ പോയിരുന്നു. അപ്പോള്‍ കണ്ട ചില കാഴ്ച്ചകളാണ്‌ താഴെ. ഇതൊന്നുമല്ല യഥാര്‍ഥ കാഴ്ചകള്‍. അവിടേക്ക്‌ പോയില്ല.

മസ്കറ്റില്‍ ക്വറിയാത്ത്‌ എന്ന സ്ഥലത്താണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഏകദേശം 35 പേരോളം മരണപ്പെട്ടതായാണ്‌ കണക്ക്‌.

മസ്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്‌. വൈദ്യുതി ബന്ധം ഇനിയും പല സ്ഥലങ്ങളികും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ജല ദൌര്‍ലഭ്യമാണ്‌ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മസ്കറ്റിലുള്ള ഞങ്ങളുടെ ഒരു ബന്ധു രണ്ടു ദിവസമായി അടുത്തുള്ള ഒരു ഹോട്ടലിനെയാണ്‌ പ്രഭാതകര്‍മ്മക്കായി ആശ്രയിക്കുന്നത്‌. Swimming pool ലെ വെള്ളം filter ചെയ്താണ്‌ അവിടെ ഉപയോഗിക്കുന്നതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ചോറു വയ്ക്കാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുമെന്നതു കൊണ്ട്‌ മൂന്നു നേരവും ചപ്പാത്തി തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. ഡിസ്പോസിബിള്‍ പ്ളേറ്റുകളൂം ഗ്ളാസ്സുകളൂമാണ്‌ ഭക്ഷണം കഴിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്‌.


Climate ണ്റ്റെ പ്രത്യേകത കൊണ്ട്‌ വെള്ളം കെട്ടികിടന്ന്‌ നാട്ടിലെ പോലെ പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത കുറവാണ്‌.

പലരും കുളിച്ചിട്ട്‌ 3 ദിവസത്തിലേറെയായി. കരണ്ട്‌ ഇല്ലാത്തതു കൊണ്ട്‌ A/C യും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കാറ്റും മഴയും ശമിച്ചതോടെ ചൂട്‌ പഴയപടിയാവുകയും ചെയ്തിരിക്കുന്നു.

കടകളൊക്കെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. പക്ഷെ കൈയ്യില്‍ പൈസയുള്ളവര്‍ക്കു മാത്രം എന്തെങ്കിലും വാങ്ങാം. മിക്കവരും ഇപ്പോള്‍ ATM കാര്‍ഡാണല്ലോ ഉപയോഗിക്കുന്നത്‌. മെഷീനുകളും മറ്റു കമ്പുട്ടര്‍ സംവിധാനങ്ങളും തകരാറിലായിരിക്കുന്നതു കൊണ്ട്‌ പൈസ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.

വിജനമായി കിടക്കുന്ന Muscat city center ണ്റ്റെ roof parking area . മിക്കവാറും ദിവസങ്ങളില്‍ പ്രത്യേകിച്ചും , വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കിംഗ്‌ കിട്ടാറെയില്ലന്നതാണ്‌ അനുഭവം.

ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. വലിയവനും ചെറിയവനും, പാവപ്പെട്ടവനും പണക്കാരനും, ഇന്ത്യക്കാരനും പാക്കിസ്താനിയും അമേരിക്കകാരനും, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമും, സ്തീയും പുരുഷനും എല്ലാവരും. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച്‌ ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക.

ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌.
ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌.

കൂടുതല്‍ ചിത്രങ്ങള്‍

Ref: First photo by Gulf News.

Thursday, May 24, 2007

കടുവയെ പിടിച്ച കിടുവ.

എല്ലാവര്‍ക്കും നമസ്കാരം.
നമ്മുടെ അപ്പൂസിണ്റ്റെ ഈ പോസ്റ്റ്‌ കണ്ടതിനു ശേഷം ഒരു ക്യാമറാമാനു വന്ന മാറ്റങ്ങളാണ്‌ ഈ പോസ്റ്റിണ്റ്റെ പ്രദിപാദ്യ വിഷയം.

പ്രസ്തുത പോസ്റ്റ്‌ കാണുന്നതിനു മുന്‍പ്‌ ഇദ്ദേഹം എടുത്തുകൊണ്ടിരുന്ന ചില പോട്ടോവുകളുടെ സാമ്പിളുകളാണ്‌ താഴെ കാണുന്നവ.

ഇത്‌ ഒട്ടകം. പ്രധാനമായും മരുഭൂമികളില്‍ കണ്ടു വരുന്നു.


ഒന്നും കാണുന്നില്ലെ , ഒന്നു ഞെക്കി വലുതാക്കി നോക്കൂ . ചിലപ്പോള്‍ എന്തെങ്കിലും കാണുവാരിക്കും. ഇതിന്‌ കയര്‍ എന്നു പറയും . ക്ഷമിക്കണം. ഇതൊരു ജീവിയല്ല. ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആലപ്പുഴ പ്രദേശങ്ങളില്‍ പോയി നോക്കുന്നത്‌ നന്നായിരിക്കും.

പ്രസ്തുത പോസ്റ്റ്‌ കണ്ടതിനു ശേഷമെടുത്ത പോട്ടൊവുകളാണ്‌ ഇനിയുള്ളവ.

ഇത്‌ ഒമാനില്‍ കാണുന്ന ഒരിനം ഈച്ചയാണ്‌. ഇംഗളീഷില്‍ ഇവനെ ഫ്ള്യ്കൊ ഒമാനിയോ എന്നു പറയും. കൂടുതലറിയാന്‍ ഈ ലിങ്ക്‌ സഹായിക്കും.


ഇതു ഒമാനില്‍ സുവൈക്ക്‌ എന്ന സ്ഥലത്ത്‌ ഒരു വീട്ടിനു സമീപം കാണപ്പെടുന്ന ഒരിനം ഓന്താണ്‌.

ഇവന്‍ ഇംഗളീഷില്‍ ഓന്താര്‍ഡോ സുവൈക്കോ എന്നറിയപ്പെടുന്നു. കൂടുതലറിയണമെന്നുള്ളവര്‍ ആ വീട്ടുകാരെ contact ചെയ്യുക.


അടുത്തതായി കിളി വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്‌.

അറബിക്കില്‍ ഇവന്‌ മാഫി മാലൂങ്ഗോ എന്നാണ്‌ പേര്‍. ഈ ലിങ്കില്‍ ഞെക്കിയാലും ഞെക്കിയില്ലെങ്കിലും ഒന്നും കിട്ടാന്‍ പോകുന്നില്ല.

ഇത്രയൊക്കെ ആയപ്പോള്‍ ഇതു കണ്ടുകൊണ്ടിരുന്ന എനിക്കും ഒരു പൂതി. അങ്ങനെ ആ ക്യാമറ പിടിച്ചു വാങ്ങി ഞാനും എടുത്തു ഒരു ജീവിയുടെ ഫോട്ടോവ്‌. അതാണ്‌ താഴെ കാണുന്ന മൂന്നു ചിത്രങ്ങള്‍.




ഈ ജീവിയുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ എല്ല ഭാഷയിലും ഇദ്ദേഹം ഒരു പേരില്‍ തന്നെയാണ്‌ അറിയപ്പെടുന്നതെന്നുള്ളതാണ്‌. ഹോമോ സാപ്പിയന്‍സ്‌ എന്ന ഇനത്തില്‍ പെടുന്നു. ലിങ്ക്‌ ചോദിക്കരുത്‌. തരത്തില്ല.

ഈ കടുവ ഏതോ ഇരയെ തിരയുകയാണെന്നു തോന്നുന്നു. എന്തോ തടഞ്ഞ മട്ടുണ്ടല്ലോ.

കടുവയെ പിടിച്ച കിടുവയോ എന്നുണ്ടല്ലോ നോട്ടം കണ്ടാല്‍.

(എണ്റ്റീശ്വരാ.. ഇപ്പം ചിരിക്കുന്നുണ്ടെങ്കിലും ഭാവം മാറിയാലോ. സ്ഥലം വിടുന്നതു തന്നെ നല്ലത്‌. ആത്മഗതം. )

അപ്പോള്‍ സമയക്കുറവു മൂലം ഇവിടെ വച്ചു നിര്‍ത്തുകയാണ്‌. ഈ കത്തി സഹിച്ചിരുന്ന്‌ കണ്ടും, കേട്ടും അല്ല വായിച്ചും വെറുതെ സമയം കളഞ്ഞ എല്ലാവര്‍ക്കും നന്ദി, നമസ്കാരം.
:
:
:
അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ........

Tuesday, May 22, 2007

മൂന്നാര്‍ നല്‍കുന്ന സന്ദേശം

ഓരോ വര്‍ഷവും നാട്ടില്‍ പോയി തിരികെയെത്തുന്നത്‌ അസ്വസ്ഥത നിറഞ്ഞ മനസ്സുമായാണ്‌. ഏഴു വര്‍ഷം മുന്‍പ്‌ ഞാന്‍ പോരുമ്പോളുള്ള നാട്ടിന്‍ പുറമല്ല ഇപ്പോളുള്ളത്‌. പണ്ടൊക്കെ അഴിമതി സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ നഗരങ്ങളെ കേന്ദ്രീകൃതമായോ നടക്കുന്ന ഒരു സംഭവമാണെന്നായിരുന്നു ധാരണ. ഇന്ന്‌ പണം, അതെങ്ങനെ നേടിയതാണെങ്കിലും മാന്യതയുടെ സിംബലായി മാറിയിരിക്കുന്നു. അഴിമതി ഒരു പകര്‍ച്ചവ്യാധി പോലെ സമൂഹമാകെ പടര്‍ന്നു പിടിച്ചിരിക്കുന്നു. മൂല്യങ്ങള്‍ക്ക്‌ യാതൊരു വിലയുമില്ലാതായിരിക്കുന്നു. ജീവിതമൂല്യങ്ങലെ കുറിച്ച്‌ സംസാരിക്കുന്നവനെ വേറിട്ട കാഴ്ചയായി നോക്കിക്കാണുന്നു. സര്‍ക്കാരുകള്‍ക്കോ മറ്റു ഭരണകേന്ദ്രങ്ങല്‍ക്കോ ഇതിനെതിരായി ഒന്നും ചെയ്യനാകാത്ത വിധം, ഒരു സംസ്കാരമായി അഴിമതി മാറിയിരിക്കുന്നതു കാണേണ്ടി വരുന്ന ഒരു സാധാരണക്കാരണ്റ്റെ നിസ്സഹായാവസ്ഥയില്‍ നിന്നു വേണം മൂന്നാറിലെ സംഭവങ്ങളെ നോക്കി കാണുവാന്‍.

വീയെസ്സിണ്റ്റെ ചെയ്തികളെ പല തരത്തില്‍ നോക്കിക്കണുന്നവരുണ്ടാകും. അതവിടെ നില്‍ക്കട്ടെ. ഈ ഒരു പ്രവൃത്തി മൂലം സമൂഹത്തിനാകെ ഒരുണര്‍വ്‌ സംഭവിച്ചുണ്ടെന്നു സമ്മതിക്കാതെ വയ്യ. പ്രതീക്ഷയുടെ ചെറു നാമ്പുകള്‍ എവിടെയൊക്കെയോ മുളച്ചിരിക്കുന്നു. കുറ്റാക്കൂരിരുട്ടില്‍ ഒരു മിന്നാമിനുങ്ങിണ്റ്റെ ചെറുവെട്ടം കാണുമ്പോഴുള്ള സന്തോഷം. അങ്ങിനെ ഒരുപാടു മിന്നാമിനുങ്ങുകള്‍ വരട്ടെ. അതിനായി നമുക്കു പ്രാര്‍ഥിക്കാം. പൂര്‍ണമായ വെളിച്ചം നല്‍കാനാവില്ലായിരിക്കും, എങ്കിലും ഇരുട്ടില്‍ തപ്പിത്തടയണ്ടല്ലോ.

വാല്‍ക്കഷണം:
ഒറ്റക്കു മിടുക്കനാവണ്ട എന്ന്‌ പിണറായി പറഞ്ഞതായി ഏഷ്യാനെറ്റ്‌ ഭാഷ്യം. ഏഷ്യാനെറ്റ്‌ മനോരമയുടെ നിലവാരത്തിലെത്തിയോ?