Pages

Saturday, May 31, 2008

Al Hotta Cave, Oman

ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അല് ഹൊത്താ കേവ്(Al Hotta cave) ശരിയായ ഉച്ചാരണം ഇതുതന്നെയോ എന്നു നിശ്ചയമില്ല. അല് ഹോത്തി (al Hoti) എന്നും പറഞ്ഞു കേള്ക്കുന്നുണ്ട്. കഴിഞ്ഞ മാസം ഒമാനിലെ മറ്റൊരാകര്ഷണമായ ജബല് അക്തറില് പോകുന്ന വഴി ഇവിടെയും സന്ദര്ശിക്കാന് പറ്റി.

ഒമാന്റെ തലസ്ഥാനമായ മസ്കറ്റില് നിന്നും ഏകദേശം 200 കി.മി അകലെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. മസ്കറ്റില് നിന്നും നിസ്‌വയിലെത്തി കഴിഞ്ഞാല്‍ Al Hotta Cave എന്നെഴുതിയിരിക്കുന്ന തവിട്ടു നിറത്തിലുള്ള സൈന് ബോര്ഡു നോക്കി വച്ചു പിടിച്ചാല് നേരെയവിടെത്തും.




അവിടെ ഓഫീസില്‍ നിന്നും നിന്നും, അഞ്ചര റിയാലിന്റെ ടിക്കറ്റ് എടുത്തു കഴിഞ്ഞാല് ഒമാനിലെ ആദ്യത്തെ ട്രെയിനില് കയറി ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഗുഹയുടെ പ്രവേശന കവാടത്തിലെത്താം. (ഞങ്ങള് ചെന്നപ്പോള് ട്രെയില് വര്ക്കുന്നില്ലാരുന്നു. അതുകൊണ്ട് പൊരി വെയിലത്ത് പിള്ളാരേം കൊണ്ടു നടന്നു പോവാനുള്ള ഭാഗ്യമുണ്ടായി :) )



ഗുഹയുടെ പ്രവേശന കവാടം



ക്യാമറ മുതലായ സംഗതികള് ഗുഹക്കുള്ളില് അനുവദനീയമല്ല. ഓരോ സംഘത്തിന്റെയും കൂടെ ഒരു ഗൈഡുമുണ്ടാവും. ട്രിപ്പു തുടങ്ങുന്നതിനു മുന്പും, അതിനിടയിലുമായി ഗുഹയെ കുറിച്ചുള്ള വിവരങ്ങള് അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞു തരും.


ഏകദേശം 20 മില്യണ്‍ വര്ഷങ്ങള്‍ പഴക്കമാണ് അല്‍ ഹോതിക്ക് ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. താഴെയുള്ള ചിത്രങ്ങള്‍ വലുതാക്കി നോക്കിയാല്‍ എങ്ങനെയാണ് ഈ ഗുഹ ഉണ്ടായി വന്നതെന്നു മനസ്സിലാവും. അവിടെ തന്നെയുള്ള മ്യൂസിയത്തില്‍ പ്രദര്ശി്പ്പിച്ചിരിക്കുന്ന ടൈം മെഷീനില്‍ നിന്നും പകര്ത്തിയ ചിത്രങ്ങളാണ്.







ഒമാന്‍ ഗവണ്മെന്റ് 2006 ഡിസംബറിലാണ് പൊതുജനങ്ങള്ക്കായി ഇത് തുറന്നു കൊടുത്തത്. ഏകദേശം 5 കിലോമീറ്ററ് നീളമുള്ള് ഗുഹയുടെ 830 മീറ്റര്‍ മാത്രമാണ് സന്ദര്ശകര്ക്ക് കാണാനാവുക. മുകളിലേക്ക് കയറാന്‍ 225 പടികളാണ് ഉള്ളത്. പേടിക്കണ്ട, ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇട്ടിട്ടുണ്ട്. ഏറ്റവും മുകള്‍ ഭാഗത്തെത്തുമ്പോഴേക്കും നാം 65 അടിയോളം ഉയരത്തിലായിരിക്കും.


താഴേക്ക് ഇറങ്ങുന്ന വഴിയില്‍ ഒരു തടാകമുണ്ട്‌. ഇതിന് എണ്ണൂറ് അടിയോളം നീളവും പത്തു മീറ്ററിലധികം ആഴവുമുണ്ട്. അതിനുള്ളില്‍ ഇഷ്ടം പോലെ മത്സ്യങ്ങളുണ്ട്. മറ്റു ഗുഹകളിലുള്ള മത്സ്യങ്ങള്‍ക്കെന്ന പോലെ ഇവയ്ക്കും കണ്ണു കാണില്ല. കണ്ണുകള് ഇല്ലാത്ത ഇവയ്ക്ക് കണ്ണിന്റെ സ്ഥാനത്ത് ചൊറി വന്നു കരിഞ്ഞ പോലെ ( ചിരിക്കരുത്, അങ്ങനാ എനിക്കു തോന്നിയത്) ഒരു ചെറിയ പാടു മാത്രമേയുള്ളൂ. ഇവരുടെ പിതാമഹന്മാര്ക്ക് കണ്ണുകള്‍ ഉണ്ടായിരുന്നു. ഗുഹയ്ക്കുള്ളില്‍ പെട്ടു പോയതു കൊണ്ട് അതിനുള്ളിലെ ഇരുട്ടില്‍ കണ്ണു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ലാതിരിക്കുകയും ,അങ്ങനെ പല തലമുറകള്‍ കഴിഞ്ഞപ്പോഴേക്കും കണ്ണില്ലാത്ത മീനിലേക്ക് പരിണാമം സംഭവിച്ചുവെന്നുമാണ് ഒരു വാദം . എന്നാല്‍ ഇതിനെ ഖണ്ഡീക്കുന്ന മറ്റൊരു തിയറിയുമുണ്ട്.




യാദൃശ്ചികമായി മ്യൂട്ടേഷന്‍ മൂലം കണ്ണില്ലാത്ത ചില മീന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. കണ്ണുള്ളവയ്ക്ക് ഇരുട്ടത്ത് എവിടെയെങ്കിലുമൊക്കെ തട്ടി മുറിവുകളുണ്ടാവുകയും അങ്ങനെ മരണം സംഭവിക്കുകയും ചെയ്യം. അതുകൊണ്ട് കണ്ണുള്ളവയെ അപേക്ഷിച്ച് കണ്ണില്ലാത്തവയ്ക്ക് ജീവിച്ചിരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അങ്ങനെ കാലക്രമേണ കണ്ണുള്ളവയുടെ എണ്ണം കുറയുകയും, കണ്ണില്ലാത്തവ പെരുകുകയും ചെയ്തിരിക്കാം. പുതിയ ചില പഠനങ്ങള്‍ അവയ്ക്ക് വെളിച്ചം, നിഴലുകള്‍ തുടങ്ങിയവ തിരിച്ചറിയാന്‍ കഴിയുന്നുണ്ട് എന്നു സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേ സ്പീഷീസില്‍ പെട്ട, സൂര്യപ്രകാശമേല്ക്കുന്ന സ്ഥലങ്ങളില്‍ ജീവിച്ചു വരുന്നവയ്ക്ക് കണ്ണുകാണാം.

ഗുഹയോടനുബന്ധിച്ച് ഒരു മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്. അവിടെ പല തരത്തിലുള്ള ഗുഹാവശിഷ്ടങ്ങളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. പിന്നെ, ഒരു കാര്യം. വലിയൊരു rock salt അവിടിരിപ്പുണ്ട്. കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ "കം വനജ, ടേസ്റ്റ് ഇറ്റ്“ എന്നു പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ ഞാനും ചെന്ന് തൊട്ടു നക്കി. മറ്റേ ആള്‍ വീണ്ടും വീണ്ടും തൊട്ടു നക്കുന്നതു കണ്ടപ്പോളാണ് ഇങ്ങനെ എത്ര പേര്‍ ചെയ്തിട്ടുണ്ടാവുമെന്നോര്‍ത്തത്. അതുകൊണ്ട് ഉപ്പുണ്ടോന്ന് നോക്കുന്നതിനു മുന്പ് ഒന്നാലോചിക്കുന്നതു നന്നായിരിക്കും.

ഗുഹകള്‍ ഉണ്ടാവുന്നതെങ്ങനെ?
വെള്ളം, തിരകള്‍ , ലാവ തുടങ്ങിയവയൊക്കെ ഗുഹകള്‍ ഉണ്ടാവാന്‍ കാരണമാവുന്നുണ്ടെങ്കിലും പ്രധാനമായും വെള്ളവും പാറകളിലുള്ള ലൈംസ്റ്റോണും തമ്മിലുള്ള പ്രവര്ത്തനഫലമായാണ് മിക്ക കേവ്സും (solutional caves) ഉണ്ടാവുന്നത്. മഴവെള്ളം പാറകളുടെ ചെറിയ വിടവുകളിലൂടേ ഒലിച്ചിറങ്ങുകയും പാറയുടെ ഉപരിതലത്തിലുള്ള ചെറുജീവികളുടെയും ചെടികളുടെയും അവശിഷ്ടങ്ങളില്‍ നിന്നും വരുന്ന കാര്ബണ്‍‌ഡൈ ഓക്സൈഡുമായി പ്രവര്ത്തിച്ച് കാര്‍ബോണിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു. അത് ലൈം സ്റ്റോണിലുള്ള കാത്സ്യം കാര്ബണേറ്റുമായി പ്രവര്‍ത്തിച്ച് കാത്സ്യം ബൈ കാര്ബണേറ്റ് ലായനി ഉണ്ടാവുന്നു. ഫലത്തില്‍, ഇത് ക്രമേണ ലൈം സ്റ്റോണിനെ അലിയിപ്പിക്കുകയും കാലാന്തരത്തില്‍ ഗുഹ രൂപം കൊള്ളുകയും ചെയ്യുന്നു. മഴ, കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം എന്നിവയുടെ അളവ്, വെള്ളത്തിന്റെ താപനില, മര്ദ്ദം എന്നിവയുടെ തോത് തുടങ്ങിയവയിലുള്ള ഏറ്റക്കുറച്ചിലുകളനുസരിച്ച് ഒരു ഗുഹ രൂപം കൊള്ളാനെടുക്കുന്ന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. താഴേക്ക് ഒലിച്ചു വരുന്ന ഈ ലായനി ഉറഞ്ഞ് പല പല രൂപങ്ങള്‍ ഉണ്ടാകുന്നു. അല്‍ ഹൂത്തയില്‍ ഗണപതിമാരേയും മഹാലക്ഷ്മിമാരേയും ഒക്കെ കണ്ടു. ശിവലിംഗങ്ങള്‍ എത്രയുണ്ടെന്ന് പറയുക വയ്യ.

സിംഹത്തിന്റെ രൂപം?


ഒമാനിലുള്ളവരെങ്കിലും സമയം കിട്ടുമ്പോള്‍ തീര്ച്ചയായും പോയി കാണേണ്ട സ്ഥലങ്ങളിലൊന്നാണിത്. പോകുന്നതിന് ഒരു ദിവസം മുന്‍‌കൂറായി ടിക്കറ്റ് റിസേര്‍‌വ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്ക്ക് ഒഫീഷ്യല്‍ സൈറ്റില്‍ നോക്കിയാല്‍ മതി.
http://www.alhottacave.com/


References
http://en.wikipedia.org/wiki/Cave
http://www.amazingcaves.com/learn_formed.html
http://seedmagazine.com/news/2007/01/of_cavefish_and_hedgehogs.php

കൂടുതല്‍ വായനയ്ക്ക്
http://news.nationalgeographic.com/news/2008/01/080108-cave-fish.html - Blind Cavefish Can Produce Sighted Offspring

http://www.pbs.org/wgbh/nova/caves/form_flash.html - മഴവെള്ളം, തിരമാലകള്, ലാവ, ബാക്ടീരിയ, തുടങ്ങിയവയൊക്കെ ഗുഹകള് ഉണ്ടാവാന് കാരണമാവുന്നുണ്ട്. ഇവിടെ അതിനെ കുറിച്ചുള്ള ഒരു ചെറിയ അനിമേഷന് കാണാം.

http://www.geocities.com/gvstevens/oman/hoti2000/hoti2trips.htm?20057- വായിച്ചു നോക്കൂ. തീര്‍ച്ചയായും ഇഷ്ടപ്പെടും.

കുറിപ്പ്‌- 9,11,12 ചിത്രങ്ങള്‍, അവിടെ നിന്നും വാങ്ങിയ പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ചിത്രങ്ങള്‍ സ്കാന്‍ ചെയ്തതാണ്.

7 comments:

  1. ഈ ഗുഹയില്‍ ആദ്യം ഞാന്‍ കമന്റിടുന്നു..

    വിവരണങ്ങള്‍ നന്നായി.. ഇത്രയും വിശദമായ വിവരിച്ചതിനു നന്ദി. ഒമാനില്‍ പോകുമ്പോള്‍ കാണണം എന്ന് കരുതുന്നു.. ( എന്ന് പോകും ?

    ReplyDelete
  2. ഇത്ര വിശദമായ ഒരു വിവരണത്തിനും മറ്റ് വിവരങ്ങള്‍ക്കും നന്ദി.

    ആ മല്‍സ്യങ്ങളേ കുറിച്ച് ഒരു ചോദ്യം. ഈ ഗുഹയ്ക്ക് മറ്റ് അരുവികളുമായോ, കടലുമായോ എന്തെങ്കിലും ബന്ധം ഉണ്ടോ? ഇല്ലെങ്കില്‍ ഇവ എങ്ങനെ അവിടെ വന്നു?.

    ReplyDelete
  3. അറിവ് പ്രധാനം ചെയ്ത പോസ്റ്റ്, ലിങ്കുകളും വളരെ ഉപകാരപ്രധമായിരുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  4. അനില്‍,ഈ ഗുഹയിരിക്കുന്ന ഭാഗം മുന്‍പ് കടലായിരുന്നു. ചിത്രങ്ങള്‍ 5,6,7,8 ശ്രദ്ധിക്കുമല്ലോ? പാറ ഉരുകി ഗുഹയുണ്ടായപ്പോള്‍ ഈ മത്സ്യങ്ങള്‍ അതിനുള്ളില്‍ പെട്ടു പോയതാവണം.

    അനില്‍, ബഷീര്‍,ഫസല്‍ വന്നതിനും വായിച്ചതിനും നന്ദി.

    ReplyDelete
  5. വളരെ നല്ല വിവരണം... ഇഷ്ടപ്പെട്ടു...
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു...
    ആശംസകള്‍...

    ReplyDelete
  6. നല്ല പോസ്റ്റ്..ചിത്രങ്ങളും നന്നായി..അനില്‍റെ സംശയം എനിക്കും തോന്നി...

    ReplyDelete