Saturday, November 17, 2007

കമ്പതി

''എന്നാലും ബറദീപീ ചതി എന്നോടു ചെയ്യണ്ടായിരുന്നു”
പ്രദീപെന്ന സഹധര്‍മ്മനെ കണ്ടപാടെ ആ ഒമാനി പൊട്ടിത്തെറിച്ചു.

ക്ഷമാശക്തിക്ക് ഭൂമീദേവിയെ തോല്പിച്ച് സമ്മാനം നേടിയിട്ടുള്ള സഹധര്‍മ്മന്‍ സാവധാനം ആരാഞ്ഞു.

“ എന്താണു കാര്യം? ”

“നീ എന്റെ ജനാലയ്ക്കരികില്‍ കമ്പതിയുടെ പടമെന്തിനാ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്നത്?”

അയാളുടെ വീടിന്റെ പ്ലാന്‍ വരച്ചു കൊടുത്തിരുന്നുവെങ്കിലും കമ്പതിയുടെ പോയിട്ട് സിമ്പതിയുടെ പോലും പടം വരച്ചതായി തീരെ ഓര്‍മ്മകിട്ടുന്നില്ലല്ലോ?

“അല്ല, ഇതാരപ്പാ ഈ കമ്പതി?“

“ കമ്പതിയെ നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ ഒരു ദൈവം“

മുപ്പത്തി മുക്കോടി ദൈവങ്ങളുള്ളതില്‍ പേരറിയാവുന്നത് വിരലിലെണ്ണവുന്നവരുടെതു മാത്രം. അല്ലെങ്കില്‍ തന്നെ ഇത്രയും പേരൊന്നും ആര്‍ക്കും പഠിച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ? ഇനിയിപ്പോ അങ്ങനെ പേരുള്ള ആരെങ്കിലും ഉണ്ടാവുമോ? എങ്കിലും ഒട്ടും ആത്മവിശ്വാസം വിടാതെ ഒരു സര്‍വജ്ഞനെപോലെ പറഞ്ഞു.

“അങ്ങനെയൊരു ദൈവം ഇല്ലല്ലോ”

“ആരു പറഞ്ഞു? എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. ബോംബയിലൊക്കെ ഞാന്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.”

അപ്പോള്‍ ആള്‍, അല്ല, ദൈവം വളരെ പ്രസിദ്ധന്‍ തന്നെ. ദൈവങ്ങളോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും അവര്‍ക്ക് അവരുടെ വഴി, തനിക്ക് തന്റെ വഴിയെന്ന ലൈനായതു കൊണ്ട് ഇനി അറിയാന്‍ പാടില്ലാത്തതായിരിക്കും.

“ എനിക്ക് അങ്ങനെയൊരു ദൈവത്തെ അറിയില്ല. അറിയാന്‍ പാടില്ലാത്ത ഒരാളെ ഞാന്‍ എങ്ങനെ വരയ്ക്കും?”

“അങ്ങനെ ഒഴിഞ്ഞു മാറിയിട്ടൊന്നും കാര്യമില്ല. ഞാന്‍ കേസു കൊടുക്കും”

ശ്ശെടാ, ആകെ പുലിവാലായല്ലോ.

“എന്തായാലും ഡ്രായിങ്ങെടുക്കൂ, നോക്കട്ടെ”

ഒമാനി ഡ്രായിങ്ങെടുത്തു കൊടുത്തു. ഡ്രായിംഗ് നോക്കുന്നു , ബ്രയിനിലുള്ള ദൈവങ്ങളുടെ പടവുമായി ഒത്തു നോക്കുന്നു. വരകള്‍ക്കിടയിലൂടെ വീണ്ടും വീണ്ടും നോക്കുന്നു. ബ്രയിനിലെ ദൈവങ്ങള്‍ എന്ന ഫോള്‍ഡര്‍ വീണ്ടും വീണ്ടും സ്കാന്‍ ചെയ്തു നോക്കുന്നു. കിം ഫലം. ഒന്നും മാച്ചാവുന്നില്ല.

“എന്റെ കമ്പതി ഭഗവാനേ, ഇതില്‍ നിന്നു രക്ഷപെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരൂ“ ജീവിതത്തിലാദ്യമായിട്ടാണ് ഒരു ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നത്.

വെറും രണ്ടു നിമിഷം. ഭഗവാന്‍ അതാ കടാക്ഷിച്ചിരിക്കുന്നു. യുറെക്കാ, യുറെക്ക എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി.

“ എനിക്കിതു കണ്ടിട്ട് ഒരു ദൈവത്തെപോലെയും തോന്നുന്നില്ല. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ ബോംബെയില്‍ കണ്ട കമ്പതി ദൈവത്തെ ഒന്നു വരച്ചു കാണിക്കൂ.”

ഒമാനി വരയ്ക്കുന്നത് ആകാംഷയോടെ നോക്കികൊണ്ടിരുന്നു. മുഴുവന്‍ വരക്കേണ്ടി വന്നില്ല. അതിനു മുന്‍പ് തന്നെ അറിയാതെ പറഞ്ഞു പോയി.

“ഓ! ഗണ്‍പതി... ഗണപതി..“

“അതെ. അതുതന്നെ.“ ഒമാനിക്കും ആശ്വാസമായി. ആളെ , അല്ല, ദൈവത്തെ പിടികിട്ടിയല്ലോ.

പകുതി വരച്ച ഗണപതിയുടെ ചിത്രം ഡ്രായിങ്ങുമായി ചേര്‍ത്തു വച്ചു കൊണ്ട് ചോദിച്ചു.

“നോക്കൂ സുഹൃത്തേ.. ഇതു രണ്ടും കൂടി എവിടെയാണ് സാമ്യമുള്ളത്? “

ഗണപതിയുടെ നെറ്റി ഭാഗം വരയ്ക്കുമ്പോള്‍ “ന” എന്ന അക്ഷരം വലിച്ചുനീട്ടിയതു പോലെയിരിക്കുന്നതാണ് പ്രശ്നമായത്. അറബിക് ആര്‍ക്കിടെക്റ്റില്‍ അങ്ങനെയൊരു ഡിസൈന്‍ ഉള്ളതുമാണ്.

അയാള്‍ക്ക് എന്തായാലും കാര്യം മനസ്സിലായി.

“ഒരു മലബാറിയാണ് എന്നോടിതു പറഞ്ഞത്..“

ഒമാനി ഷേക് ഹാന്‍ഡിനു വേണ്ടി കൈ നീട്ടിയപ്പോഴേക്കും മനസ്സില്‍ അറിയാവുന്ന മലയാളികളുടെ മുഖങ്ങള്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.


****************************************

ഇന്നലെ വൈകിട്ട് ഇവിടടുത്തുള്ള നക്കല്‍ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ ഒരു പാറപ്പുറത്ത് ഇരുന്ന സഹധര്‍മ്മനെ പ്രായമായ ഒരു ഒമാനി വന്ന് പൊക്കി. അതില്‍ അള്ളാ എന്നും മുഹമ്മദ് എന്നും എഴുതിയിട്ടുണ്ടത്രേ.

അപ്പോള്‍ മനസ്സില്‍ തോന്നിയ രണ്ടു കാര്യങ്ങള്‍.

  1. ഈ എഴുത്തുള്ളടത്തേ ദൈവമുള്ളോ? ദൈവം സര്‍വ്വവ്യാപിയാണന്നാണല്ലോ പറയുന്നത്.

  2. അഥവാ ദൈവത്തിനതിഷ്ടപ്പെട്ടില്ലാരുന്നെങ്കില്‍ ഉടനെ കട്ടുറുമ്പിനെ വിട്ട് അദ്ദേഹത്തെ കടിപ്പിക്കത്തില്ലാരുന്നോ?

വാല്‍

ഞാന്‍ അമ്പലങ്ങളില്‍ പോയിട്ട് കുറെ നാളായി. കാരണം മറ്റൊന്നുമല്ല എനിക്ക് കടുത്ത അസൂയയാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനോടൊക്കെ. എത്ര പേരാ അവരെ ചിരിപ്പിക്കാന്‍ വേണ്ടീ മത്സരിച്ചു ഓരോരോ തമാശകള്‍ കാണിക്കുന്നതും പറയുന്നതും. നമുക്കാണെങ്കില്‍ മരുന്നിനൊരു കൊച്ചുത്രേസ്യയോ മറ്റോ ഒക്കെയല്ലേയുള്ളൂ. അവരാണെങ്കില്‍ ഇവരുടെയൊന്നും ഏഴയലത്തു പോലും വരത്തതുമില്ല.

ഡിസ്ക്ലൈമര്‍

ഞാന്‍ ഒരു ദൈവത്തിന്റേയും മതത്തിന്റേയും വക്താവല്ല. വിശ്വാസികളെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെയാര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.